ആ 'വി ഐ പി'യെ കണ്ടെത്തി; ശബ്ദ സാംപിള്‍ തിരിച്ചറിഞ്ഞുവെന്ന് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം
Jan 18, 2022, 17:19 IST
കൊച്ചി: (www.kvartha.com 18.01.2022) നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ ആ അജ്ഞാതന്‍ ആലുവ സ്വദേശി ശരത് ജി നായരെന്ന സ്ഥിരീകരണവുമായി ക്രൈംബ്രാഞ്ച്. ഇയാളുടെ ശബ്ദ സാംപിള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ ശബ്ദ പരിശോധന നടത്തി സ്ഥിരീകരിച്ചത്.
നേരത്തെ ചില ചിത്രങ്ങള്‍ കാണിച്ചതില്‍ ദിലീപിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ ശരത്തിന്റെയും കോട്ടയം സ്വദേശി മെഹ്ബൂബിന്റെയും ചിത്രങ്ങളില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ കൂടുതല്‍ സാധ്യത കല്‍പിച്ച മെഹ്ബൂബിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ ആരോപണം നിഷേധിച്ച് അദ്ദേഹം ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രവുമല്ല, ഈ ശബ്ദവുമായി മെഹ്ബൂബിന്റെ ശബ്ദം ഒത്തു നോക്കിയപ്പോള്‍ അതല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തു.
മെഹ് ബൂബിന് ദിലീപിനെ അറിയാമെന്നും താരത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. മാത്രമല്ല, ദേ പുട്ട് ബിസിനസില്‍ ദിലീപിനൊപ്പം പങ്കാളിയാണെന്ന കാര്യവും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ശബ്ദ സാംപിളുകള്‍ സാമ്യമില്ലെന്ന് കണ്ട് മെഹ് ബൂബിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏതാണ്ട് അവസാനിപ്പിച്ചിരുന്നു.
തുടര്‍ന്ന് സംശയ നിഴലിലുണ്ടായിരുന്ന ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമാക്കി മുങ്ങിയെന്ന് മാത്രമല്ല, മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റു ചെയ്യില്ലെന്ന് പ്രോസെക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ മറ്റു വഴികളില്‍ ശബ്ദസാംപിള്‍ ശേഖരിച്ചാണ് പൊലീസ് വിഐപി ശരത്താണെന്ന് ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ശരത് എന്ന പേര് പരാമര്‍ശിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.
ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ബന്ധുവിന്റെ കുട്ടി 'ശരത് അങ്കിള്‍' വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം. എന്നാല്‍ ഇത് കുട്ടിക്കു പേരു മാറിയതാണോ എന്നായിരുന്നു സംശയം. തുടര്‍ന്നാണ് ഇയാളുടെ ശബ്ദസാംപിള്‍ ശേഖരിക്കാന്‍ ശ്രമമുണ്ടായത്.
കഴിഞ്ഞദിവസം ശരത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. നടി ആക്രമിച്ച ദൃശ്യങ്ങളും തോക്കും കണ്ടെടുക്കാനാണ് പരിശോധന എന്നാണ് അറിയുന്നത്.
Keywords: Actress attack case conspiracy: Crime branch confirms that the VIP in case is Sarath G Nair, Kochi, Conspiracy, News, Cinema, Actress, Crime Branch, Dileep, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.