'സെങ്കിനി'ക്ക് സഹായവുമായി മറ്റൊരു നടനും; പാര്‍വതി അമ്മാളിന്റെ പേരില്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് താരം
Nov 15, 2021, 12:34 IST
ചെന്നൈ: (www.kvartha.com 15.11.2021) സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന നടന്‍ സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീം' എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 2 നാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണമാണ്.
ചിത്രത്തില്‍ ലിജോമോള്‍ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാര്‍വതി അമ്മാളിന്റെ ജീവിതമായിരുന്നു. ഇപ്പോഴും കഷ്ടപ്പാടില്‍ ജീവിക്കുന്ന പാര്‍വതി അമ്മാളിന് നടന്‍ രാഘവ ലോറന്‍സിന് പിന്നാലെ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യയും.
പാര്‍വതി അമ്മാളിന്റെ പേരില്‍ 10 ലക്ഷം രൂപയാണ് സൂര്യ ബാങ്കില്‍ നിക്ഷേപിച്ചത്. സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയില്‍ നിന്ന് എല്ലാ മാസവും ഇവര്‍ക്ക് പലിശ ലഭിക്കും. പാര്‍വതി അമ്മാളിന്റെ കാലശേഷം ഈ തുക മകള്‍ക്കും ലഭിക്കുമെന്ന് ദി ഹിന്ദു റിപോര്‍ട് ചെയ്തു.
കൊച്ചുകൂരയില്‍ മകളോടൊപ്പമാണ് പാര്‍വതി അമ്മാള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇതിന് പിന്നാലെ പാര്‍വതി അമ്മാളിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സും അറിയിച്ചിരുന്നു. 'രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു', എന്നായിരുന്നു രാഘവ ലോറന്‍സ് പറഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.