തിയേറ്ററുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വാര്‍ത്താവിതരണ മന്ത്രാലയം; വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ഫെഫ്ക

 


ന്യൂഡല്‍ഹി: (www.kvartha.com 25.07.2020)  ലോക്ഡൗണിനെ തുടര്‍ന്ന് നാലുമാസമായി അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ ആഗസ്റ്റില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. മാളുകളിലെ ഉള്‍പ്പെടെ തിയേറ്ററുകള്‍ അടച്ചിട്ടതോടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ചലച്ചിത്ര വ്യവസായം നേരിട്ടത്. 200 ലധികം സിനിമകള്‍ റിലീസാകാനുണ്ട്. തിയേറ്ററുകള്‍ അടച്ച സമയത്ത് ഓടിക്കൊണ്ടിരുന്ന സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കാനൊക്കില്ല. അവര്‍ക്കുണ്ടാകുന്ന നഷ്ടവും വലുതാണ്. തിയേറ്ററുകളിലെ ജീവനക്കാരുള്‍പ്പെടെ ജോലിയില്ലാതെ കഴിയുകയാണ്. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ ഓപ്പറേറ്റര്‍ വരെ ഇതിലുണ്ട്. വാടകയ്ക്ക് എടുത്ത് നടത്തിക്കൊണ്ടിരുന്ന പി വി ആര്‍ പോലുള്ള വലിയ കമ്പനികള്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായത്. 

തിയേറ്ററുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വാര്‍ത്താവിതരണ മന്ത്രാലയം; വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് ഫെഫ്ക

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അമിത് ഖരെ സിനിമാ നിര്‍മാതാക്കളുടെ സംഘടന, തിയേറ്റര്‍ ഉടമകളുടെ സംഘടന,  വിതരണക്കാര്‍ എന്നിവരുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വ്യവസായത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ബാധ്യത അവര്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് പലരും തിയേറ്ററുകള്‍ ആധുനിക വല്‍ക്കരിച്ചത്. ഡിജിറ്റല്‍ പ്രൊജക്ടറിന് തന്നെ മാസം നല്ലൊരു തുക വാടക നല്‍കേണ്ടിവരും എന്നീ കാര്യങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. സിനിമകളുടെ റിലീസ് വൈകുന്തോറും വലിയ ബാധ്യതയുണ്ടാകുമെന്നും പണം പലിശയ്ക്ക് എടുത്ത നിര്‍മാതാക്കള്‍ വലിയ കടത്തിലേക്ക് നീങ്ങുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് തിയേറ്ററുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. 

ഹൗസ്ഫുള്‍ ഷോകള്‍ നടത്തരുതെന്നും സാമൂഹ്യ അകലം പാലിക്കാനായി ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ പ്രേക്ഷകരെ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രേക്ഷകരും തിയേറ്റര്‍ ജീവനക്കാരും മാസ്‌ക്കും കയ്യുറകളും ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ഉള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. അണ്‌ലോക് പ്രക്രീയ രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ പകുതി ആളുകളെ വെച്ച് തിയേറ്ററുകള്‍ തുറന്നാല്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മലയാളത്തില്‍ നിന്ന് അടക്കം വലിയ ചിത്രങ്ങളാണ് റിലീസാകാനുള്ളത്. അവയ്‌ക്കെല്ലാം ഇനിഷ്യല്‍ കളക്ഷന്‍ വലിയ രീതിയില്‍ കിട്ടുന്നതാണ്. അതിനാല്‍ ഈ നിര്‍ദ്ദേശം സാമ്പത്തികമായി മെച്ചമാകില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

Keywords: Information and Broadcasting Ministry wants to open cinema halls, Cinema Halls, Producers association, August, B.Unnikrishnan, Release, Big budget films, PVR, Housefull , Rent, Distribution
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia