Review | അം അഃ: പേരിലെ പുതുമ കഥയിലും! ആസ്വാദകരുടെ മനസ് നിറയ്ക്കുന്ന അതി നോഹര സിനിമ


● ദിലീഷ് പോത്തൻ, ദേവദർശിനി എന്നിവരുടെ അഭിനയം മികച്ചുനിൽക്കുന്നു.
● തോമസ് സെബാസ്റ്റ്യൻ ആണ് സിനിമയുടെ സംവിധായകൻ.
● ഗോപി സുന്ദർ സംഗീതം സിനിമയ്ക്ക് മാറ്റുകൂട്ടുന്നു.
● വാടക ഗർഭധാരണം എന്ന വിഷയവും സിനിമയിൽ പരാമർശിക്കുന്നു.
സോളി കെ ജോസഫ്
(KVARTHA) തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത 'അം അഃ' തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മമ്മൂട്ടി നായകനായ 'മായാബസാർ', കുഞ്ചാക്കോ ബോബൻ നായകനായ 'ജമ്നാപ്യാരി', ധ്യാൻ ശ്രീനിവാസൻ - അജു വർഗ്ഗീസ് കൂട്ടുകെട്ടിലെ 'ഗൂഢാലോചന' എന്നിവയ്ക്ക് ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ സിനിമയുടെ തിരക്കഥ കവി പ്രസാദ് ഗോപിനാഥ് പ്രസാദ് ആണ് നിർവഹിച്ചിരിക്കുന്നത്. കണ്ണും മനസും നിറയ്ക്കുന്ന ആർദ്ര സ്നേഹത്തിന്റെയും അതിശയിപ്പിക്കുന്ന ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് അം അഃ.
ഒരു സിനിമക്ക് എന്താ ഇങ്ങനെ ടൈറ്റിൽ ഇട്ടത് എന്ന് സംശയിക്കുന്നവർക്ക് ഈ സിനിമ കാണുമ്പോൾ ആ സംശയം മാറിയിരിക്കും. ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പെർഫെക്ട് ആയ പേരാണ് ഇതെന്ന് മനസ്സിലാകും. സിനിമയിലേക്ക് വന്നാൽ കണ്ടിറങ്ങുന്നവരുടെ കണ്ണ് നിറക്കുന്നുണ്ട്. പേരുപോലെ തന്നെ പുതുമനിറഞ്ഞ ഒരു പ്രമേയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് അം അഃ. സിനിമയുടെ പേര് സ്വരാക്ഷരങ്ങളാണ് എന്നു തോന്നുമെങ്കിലും അമ്മ എന്ന ഒറ്റവാക്കായി പൂര്‍ണത കൈവരിക്കുന്ന സിനിമയെ ലളിതവും സുന്ദരവുമാക്കി അവതരിപ്പിക്കാന്‍ ഇതിന്റെ അണിയറണപ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്ന് നിസംശയം പറയാം.
മലയോര പ്രദേശമായ കവന്ത എന്ന സ്ഥലത്ത് റോഡുപണിക്കായെത്തുന്ന സൂപ്പര്‍വൈസറാണ് സ്റ്റീഫന്‍. അദ്ദേഹം അവിടെ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. സസ്‌പെന്‍സും വൈകാരികതയും വളരെ മനോഹരമായി തോമസ് സെബാസ്റ്റ്യൻ എന്ന സംവിധായകന്‍ കൃത്യതയോടെ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. നാട്ടില്‍ അധികമാരോടും അടുപ്പമില്ലാത്ത ആളാണ് അമ്മിണിയും മകളും. അവരുടെ ജീവിതത്തിലേക്ക് സ്റ്റീഫന്‍ എത്തുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്.
ഇമോഷനില്‍ ആരംഭിക്കുന്ന സിനിമ കഥാഗതിക്കനുസരിച്ച് സസ്‌പെന്‍സിലേക്കാണ് കടക്കുന്നത്. ആളുകളെ തിയേറ്ററില്‍ പിടിച്ചിരുത്തുന്ന രീതിയിലാണ് ആ സസ്‌പെന്‍സ് സംവിധായകന്‍ ഒരുക്കിയിട്ടുള്ളത്. വൈകാരികമായ ഉള്ളടക്കങ്ങളും സിനിമയെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. വാടക ഗര്‍ഭധാരണം ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഒന്നാണ്. അറിയപ്പെടുന്ന പല വ്യക്തികളും ഇത്തരം സംഭവങ്ങളിലൂടെ കടന്നുവന്നിട്ടുമുണ്ട്. അതിന്റെ കാണാപ്പുറങ്ങളിലേക്ക് ഈ സിനിമ കടന്നുവരുന്നുണ്ട്.
ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നടക്കുമോ എന്ന തരത്തില്‍ പ്രേക്ഷകരുടെ മനസില്‍ ചിന്തകള്‍ ഉണര്‍ത്തുന്ന തരത്തിലാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഇടുക്കിയിലെ മലയോര ഗ്രാമവും അവിടെയുള്ള സാധാരണക്കാരായ ജനങ്ങളുമാണ് സിനിമയിലുള്ളത്. സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിലീഷ് പോത്തനും അമ്മിണിയമ്മയായി എത്തിയ ദേവര്‍ശിനിയുമാണ് സിനിമയുടെ നെടുന്തൂണുകള്‍. സെന്റിമെന്റൽ സീനുകൾ ഒക്കെ പ്രേക്ഷകനുമായി നല്ല രീതിയിൽ കണക്ട് ആകുന്നുണ്ട്. ദിലീഷ് പോത്തൻ, ദേവ ദർശിനി, ജാഫർ ഇടുക്കി എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
ദിലീഷ് പോത്തൻ (സ്റ്റീഫൻ), ജാഫർ ഇടുക്കി (പഞ്ചായത്ത് മെമ്പർ), ദേവദർശിനി (അമ്മിണിയമ്മ), അലൻസിയർ ലേ ലോപ്പസ് (എസ്.ഐ എബ്രഹാം തോമസ്), ടി.ജി. രവി (പാപ്പച്ചൻ), നവാസ് വള്ളിക്കുന്ന് (ചായ കടകാരൻ സുബിൻ), മാലാ പാർവ്വതി (ഡോ. വിനീത വർഗ്ഗീസ്), മീരാ വാസുദേവ് (അഞ്ജു), ജയരാജ് കോഴിക്കോട് (ആശാൻ), നിഹാര അഞ്ജു നിജോ (കുഞ്ഞി), ലിബിൻ ടോം വർക്കി (വക്കച്ചൻ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഘുനാഥ് പലേരി, ശ്രുതി ജയൻ, മുത്തുമണി എന്നിവരും സിനിമയിലുണ്ട്.
ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, ദേവ ദർശിനി, നവാസ് വള്ളിക്കുന്ന്, ജയരാജ് കോഴിക്കോട് എന്നിവർ അടക്കം മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. ഗോപി സുന്ദർ സംഗീതം നൽകിയിട്ടുള്ള നാല് മനോഹര ഗാനങ്ങളാണ് അം അഃ എന്ന ചിത്രത്തിന്റെ വലിയൊരു ആകർഷണം. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, നിധീഷ് നടേരി, കവിപ്രസാദ് ഗോപിനാഥ് എന്നിവരാണ് ഗാനരചയിതാക്കൾ. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ചെയ്തിട്ടുള്ളത്. ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ് സംഭാഷണങ്ങൾ പോലുമില്ലാത്ത രംഗങ്ങളിൽ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത്.
സിനിമ സംവിധാനം, തിരക്കഥ, അഭിനയം, സിനിമാറ്റോഗ്രഫി, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും മികച്ച നിലവാരം പുലർത്തുന്നു എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. അനീഷ് ലാൽ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബിജിത് ബാല എഡിറ്റിംഗും, പ്രശാന്ത് മാധവ് കലാ സംവിധാനവും, രഞ്ജിത്ത് അമ്പാടി മേക്കപ്പും, കുമാർ എടപ്പാൾ കോസ്റ്റ്യൂം ഡിസൈനും, സിനറ്റ് സേവ്യർ സ്റ്റിൽസും നിർവഹിച്ചിരിക്കുന്നു. ഗിരീഷ് മാരാർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറായും, ഷാമിലിൻ ജേക്കബ്ബ് അസ്സോസ്സിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഗിരീഷ് അത്തോളി ആണ് നിർമ്മാണ നിർവ്വഹണം നിർവഹിച്ചിരിക്കുന്നത്.
സസ്‌പെന്‍സും വൈകാരികതയും വളരെ മനോഹരമായി തോമസ് സെബാസ്റ്റ്യൻ എന്ന സംവിധായകന്‍ കൃത്യതയോടെ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആദ്യം ഒരു മിസ്ട്രി ത്രില്ലർ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമ ക്ലൈമാക്സിൽ എത്തുമ്പോൾ പ്രേക്ഷകരെ ഇമോഷണലി വരിഞ്ഞു മുറുക്കുന്നു. രക്തബന്ധത്തെക്കാൾ വലുത് സ്നേഹബന്ധമാണെന്ന് പ്രമേയം പറയുന്നു. വളരെ കാലത്തിന് ശേഷമാണ് ഹൃദയസ്പർശിയായ ഒരു നല്ല സിനിമ മലയാളത്തിലുണ്ടാകുന്നതെന്നും പരക്കെ അഭിപ്രായമുണ്ട്. തീയേറ്ററിൽ തന്നെ പോയി ഈ സിനിമ കാണാൻ ശ്രദ്ധിക്കുക. ധൈര്യമായി നിങ്ങൾ ടിക്കറ്റെടുക്കാം. ഒട്ടും ബോറഡിക്കാതെ ഈ സിനിമ കാണാനും ആസ്വദിക്കാനും പറ്റുമെന്ന് ഉറപ്പ്.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
‘Am Ah:’ delivers a soul-stirring narrative with an emotional rollercoaster and suspense, enhanced by powerful performances and excellent music.
#AmAh: #MalayalamCinema #FilmReview #SuspenseThriller #EmotionalDrama #ThomasSebastian