ദി ഓപ്ര വിന്‍ഫ്രി ഷോയില്‍ പങ്കെടുത്ത ആദ്യ ഇന്‍ഡ്യക്കാരിയായ നക്ഷത്ര കണ്ണുള്ള സുന്ദരിയ്ക്ക് പിറന്നാള്‍; ഐഷിന് ആശംസകളുമായി ബോളിവുഡ് ലോകം
Nov 1, 2021, 10:19 IST
മുംബൈ: (www.kvartha.com 01.11.2021) ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള നക്ഷത്ര കണ്ണുള്ള ഐശ്വര്യ റായിക്ക് 48-ാം പിറന്നാള്‍. ലോകസുന്ദരി പട്ടം നേടി ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ ഐഷിന് ആശംസകളുമായി ബോളിവുഡ് ലോകം. സിനിമാ ലോകത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്.
1973 നവംബര്‍ 1-ന് മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായി മംഗ്‌ളൂറില്‍ ആയിരുന്നു ഐശ്വര്യയുടെ ജനനം. ഐശ്വര്യയുടെ ജനനശേഷം മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി. നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആര്‍കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം.
ആര്‍കിടെക്ചര്‍ പഠനത്തിനിടയില്‍ ഐശ്വര്യ മോഡെലിങ്ങും ചെയ്തിരുന്നു. 1994-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ താരം ജനഹൃദയങ്ങളില്‍ ഇടംനേടി. ഈ മത്സരത്തിലെ മിസ് ഫോടോജെനിക് പുരസ്‌കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വര്‍ഷത്തോളം ലന്‍ഡനിലായിരുന്നു. അവിടുന്ന് മോഡെലിങ്ങില്‍ സ്ഥാനം ഉറപ്പിച്ച ഐഷ് സിനിമകളിലേയ്ക്കും തന്റെ തൊഴില്‍മേഖലയെ മാറ്റുക ആയിരുന്നു.
ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' ആയിരുന്നു. ഓര്‍ പ്യാര്‍ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ബോബി ഡിയോള്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഷങ്കറിന്റെ ചിത്രമായ ജീന്‍സി(1998)ലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം (സൗത്) ഐശ്വര്യയെ തേടിവന്നു.
1999-ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം പുറത്തിറങ്ങിയ താല്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശവും ലഭിക്കുകയുണ്ടായി.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയംഗമായ ആദ്യത്തെ ഇന്‍ഡ്യന്‍ നടിയുമായി ഐശ്വര്യ. ദി ഓപ്ര വിന്‍ഫ്രി ഷോയില്‍ പങ്കെടുത്ത ആദ്യത്തെ ഇന്‍ഡ്യക്കാരിയുമാണ് ഐശ്വര്യ. ഫ്രാന്‍സിലെ രണ്ടാമത്തെ ബഹുമതിയായ നൈറ്റ് ഓഫ് ദ് ഓര്‍ഡര്‍ ഒഫ് ആര്‍ട്സ് ആന്‍ ലെറ്റേഴ്സ് പുരസ്‌കാരവും ഐശ്വര്യയ്ക്ക് ലഭിച്ചിട്ടുണ്ട്.
2007 ഏപ്രില്‍ 20നാണ് നടന്‍ അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യയുടെ വിവാഹം. 2011 നവംബര്‍ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ആരാധ്യ എന്നാണ് മകളുടെ പേര്. ഐശ്വര്യ റായോട് താന്‍ വിവാഹം പ്രോപോസ് ചെയ്തത് 2007ല്‍ 'ഗുരു' എന്ന ചിത്രത്തിന്റെ പ്രീമിയറിനായി ടിഫില്‍ എത്തിയപ്പോഴായിരുന്നു എന്ന് അഭിഷേക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്ന 'ഗുലാബ് ജാമുന്‍' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.