Analysis | മമ്മൂട്ടി ബെൻ നരേന്ദ്രനായി തിളങ്ങിയ സിനിമ; പിറവിയെടുത്ത് 35 വർഷം പിന്നിടുന്ന 'അർത്ഥം'
ശ്യാമാംബരം എന്ന് തുടങ്ങുന്ന ഗാനം അന്നത്തെ കാലത്തെ സൂപ്പർഹിറ്റ് പാട്ടുകളിൽ ഒന്ന് തന്നെയായിരുന്നു.
(KVARTHA) മമ്മൂട്ടി, ജയറാം, മുരളി എന്നിവർ മത്സരിച്ച് അഭിനയിച്ച സിനിമയാണ് അർത്ഥം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമ എന്ന് വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യൻ അന്തിക്കാട് സിനിമകളിൽ മമ്മൂട്ടി കുറച്ചേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം ഗംഭീരങ്ങളായിരുന്നു എന്ന് പറയേണ്ടി വരും. അങ്ങനെയൊരു ചിത്രമായിരുന്നു സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ 1989 ജുലൈ 28ന് റിലീസ് ആയ അർത്ഥം. ഇതിലെ ശ്യാമാംബരം എന്ന് തുടങ്ങുന്ന ഗാനം അന്നത്തെ കാലത്തെ സൂപ്പർഹിറ്റ് പാട്ടുകളിൽ ഒന്ന് തന്നെയായിരുന്നു.
അന്നത്തെ ചെറുപ്പക്കാരുടെ ഇടയിലെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു അർത്ഥവും അതിലെ ഈ ഗാനവും എല്ലാം. ജോൺസൺ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്. അർത്ഥം എന്ന സിനിമയെപ്പറ്റി പറയുകയാണെങ്കിൽ ഈ ചിത്രം സുബ എഴുതിയ 'എതിർ കാട്രു' എന്ന തമിഴ് ഡിറ്റക്ടീവ് നോവലിൻറെ ഒരു സ്വതന്ത്രാവിഷ്കാരമാണ്. തന്റെ പ്രിയ സുഹൃത്ത് ജനാർദ്ദനനെ കൊലപ്പെടുത്തിയ ശക്തികൾക്കെതിരെ പ്രതികാരത്തിനൊരുമ്പെടുന്ന ഏകാകിയും അവാർഡ് നേടിയ നോവലിസ്റ്റുമായ ബെൻ നരേന്ദ്രനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
ബെൻ നരേന്ദ്രനായി മമ്മൂട്ടി എത്തുന്നു. പത്രപ്രവർത്തകയായ മാനസ, അഡ്വക്കേറ്റ് പി.എസ് നെൻമാറ എന്നിവരാണ് ഈ ഉദ്യമത്തിൽ നരേന്ദ്രന്റെ സഹായത്തിനായി ഒപ്പം ചേരുന്നത്. പിന്നീട് എതിർ കാട്രു എന്ന പേരിൽ തമിഴിൽ ഈ സിനിമ നിർമ്മിക്കപ്പെടുകയും ചെയ്തിരുന്നു. വേണു നാഗവള്ളിയുടേതാണ് രചന. ഈ സിനിമയിൽ ഒരു വലിയ താരനിരതന്നെയുണ്ടായിരുന്നു. മമ്മൂട്ടി, ശ്രീനിവാസൻ, മുരളി, ശരണ്യ എന്നിവരോടൊപ്പം ജയറാം പാർവതി, മാമുക്കോയ, ഫിലോമിന, മോഹൻ രാജ്, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി, ജഗന്നാഥ വർമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എല്ലാവരും അവരുടെ കഥാപാത്രങ്ങളെ ഉജ്ജലമാക്കി എന്ന് വേണം പറയാൻ. എന്നാൽ ഈ സിനിമയിൽ ശരിക്കും മിന്നിച്ചത് മമ്മൂട്ടി തന്നെയായിരുന്നു. കുറച്ചു നേരം മാത്രമേ ഉള്ളൂവെങ്കിലും ജയറാമും തൻ്റെ കഥാപാത്രത്തിന് മികച്ച രീതിയിൽ ജീവൻ കൊടുത്തു എന്ന് വേണം പറയാം. ജയറാമിൻ്റെ ഭാര്യ പാർവ്വതി ഈ സിനിമയിൽ ജയറാമിൻ്റെ സഹോദരിയായി ആണ് വേഷം ഇട്ടത്. ആ കാലത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു പാർവ്വതി ചെയ്തിരുന്നത്.
നായകനായ മമ്മൂട്ടിയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന വില്ലനായി അന്തരിച്ച നടൻ മുരളി തിളങ്ങി. ശരിക്കും തകർപ്പൻ അഭിനയം തന്നെയാണ് മുരളിയും ഈ സിനിമയിൽ കാഴ്ചവെച്ചത് എന്ന് തന്നെ പറയാം. 1989 ജുലൈ 28 ന് പുറത്തു വന്ന ചിത്രം 35 വർഷം പിന്നിടുമ്പോഴും സിനിമയും അതിലെ ഗാനവും കഥാപാത്രങ്ങളും എല്ലാം മലയാള സിനി പ്രേക്ഷകരുടെ മനസ്സിൽ ജീവനോടെ നിഴലിച്ചു നിൽക്കുന്നു.