NEET PG | ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പി ജി പരീക്ഷ മാറ്റിവെച്ചു


പരീക്ഷ ക്രമക്കേടുകള്‍ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് മാറ്റം
വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെല്‍ഹി: (KVARTHA) ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പിജി പരീക്ഷ മാറ്റിവെച്ചു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നീറ്റ്-യുജി, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ വന്‍ വിവാദമായി മാറിയ സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷ ക്രമക്കേടുകള്‍ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് പരീക്ഷ മാറ്റിയതെന്നും ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മേയ് അഞ്ചിന് 24 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ നീറ്റ്-യുജി പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് പ്രസിദ്ധീകരിച്ചത്. ഈ പരീക്ഷയിലാണ് വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണമുയര്‍ന്നത്. സംഭവത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരീക്ഷയില്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍കും ലഭിച്ചിരുന്നു. ചോദ്യപേപര്‍ ചോര്‍ന്നെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയര്‍ന്നു. ചില പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ചവര്‍ക്ക് ഉയര്‍ന്ന റാങ്കുകള്‍ ലഭിച്ചതും സംശയമുയര്‍ത്തി.
നീറ്റ് പരീക്ഷയില്‍ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും സമ്മതിച്ചിരുന്നു. എന്നാല്‍ പരീക്ഷ റദ്ദാക്കാന്‍ സര്‍കാര്‍ തയാറായില്ല. ഇതിന് പിന്നാലെ എന്‍ടിഎ നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. ചോദ്യപേപര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്.
ഇതോടെ, എന്‍ടിഎയുടെ പരീക്ഷ നടത്തിപ്പില്‍ രാജ്യവ്യാപക പ്രതിഷേധമുയരുകയും സര്‍കാര്‍ സമ്മര്‍ദത്തിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന്, എന്‍ടിഎ ഡയറക്ടര്‍ ജെനറല്‍ സ്ഥാനത്തുനിന്ന് സുബോധ് കുമാര്‍ സിങ്ങിനെ മാറ്റിയിരിക്കുകയാണ്. പകരം പ്രദീപ് സിങ് കരോളയ്ക്ക് താല്‍കാലിക ചുമതല നല്‍കി.