Comfort | ആ കണ്ണുകളിലെ തിളക്കം ഞാന്‍ മറക്കില്ല; പ്രാര്‍ത്ഥനാഗാനം ആലപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കരഞ്ഞ വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിച്ച് സങ്കടം മാറ്റി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: (KVARTHA) ആ കണ്ണുകളിലെ തിളക്കം ഞാന്‍ മറക്കില്ല; പ്രാര്‍ത്ഥനാഗാനം ആലപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കരഞ്ഞ വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിച്ച് സങ്കടം മാറ്റി മന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാങ്ങോട് കെ വി യുപി സ്‌കൂളില്‍ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രിയും ഡികെ മുരളി എംഎല്‍എ അടക്കമുള്ളവരും. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അംന എസ് അന്‍സര്‍, അസ്‌ന ഫാത്തിമ എന്നിവരായിരുന്നു ചടങ്ങില്‍ പ്രാര്‍ത്ഥനാ ഗാനം ആലപിക്കേണ്ടിയിരുന്നത്. ഈ കുട്ടികള്‍ സ്‌കൂളിലെ ബാന്‍ഡ് സംഘത്തിലും ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ബാന്‍ഡ് വാദ്യം കഴിഞ്ഞ് തിരക്കിലൂടെ കുട്ടികള്‍ എത്തിയപ്പോഴേക്കും പ്രാര്‍ത്ഥനാ ഗാനം ആലപിക്കുന്ന കുട്ടികളെ ക്ഷണിച്ചെങ്കിലും എത്താത്തതിനാല്‍ ചടങ്ങ് മൗന പ്രാര്‍ത്ഥനയോടെ തുടങ്ങിയിരുന്നു. സ്വാഗത പ്രസംഗം ആരംഭിച്ചപ്പോഴാണ് കുട്ടികള്‍ വേദിക്ക് അരികില്‍ എത്തിയത്.
ഇതോടെ തങ്ങള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് കുട്ടികള്‍ കരയാന്‍ തുടങ്ങി. വിവരമറിഞ്ഞതോടെ
സ്വാഗതം കഴിഞ്ഞ് പ്രാര്‍ത്ഥന ആകാമെന്നായി മന്ത്രി. അധ്യക്ഷനും അനുമതി നല്‍കി. ഇതോടെ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥന ചൊല്ലി. അപ്പോള്‍ അവരുടെ കണ്ണിലെ ആ സന്തോഷം കാണേണ്ടത് തന്നെയായിരുന്നുവെന്ന് മന്ത്രി തന്റെ പോസ്റ്റിലൂടെ പറയുന്നു. ഉദ് ഘാടനവും കഴിഞ്ഞ് കുഞ്ഞുങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് മന്ത്രി മടങ്ങിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
പാങ്ങോട് കെ വി യുപി സ്‌കൂളില്‍ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഞാനും ഡികെ മുരളി എംഎല്‍എ അടക്കമുള്ളവരും. ചടങ്ങില്‍ പ്രാര്‍ത്ഥനാ ഗാനം ആലപിക്കേണ്ടവര്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അംന എസ് അന്‍സര്‍,അസ്‌ന ഫാത്തിമ എന്നിവരായിരുന്നു. അവര്‍ സ്‌കൂള്‍ ബാന്‍ഡ് സംഘത്തിലും ഉണ്ടായിരുന്നു. ബാന്‍ഡ് വാദ്യം കഴിഞ്ഞ് തിരക്കിലൂടെ കുട്ടികള്‍ എത്തിയപ്പോഴേക്കും പ്രാര്‍ത്ഥനാ ഗാനം ആലപിക്കുന്ന കുട്ടികളെ ക്ഷണിച്ചെങ്കിലും കാണാത്തതിനാല്‍ ചടങ്ങ് മൗന പ്രാര്‍ത്ഥനയോടെ തുടങ്ങിയിരുന്നു. സ്വാഗത പ്രസംഗം ആരംഭിച്ചപ്പോഴാണ് കുട്ടികള്‍ക്ക് വേദിക്ക് അരികില്‍ എത്താനായത്.
ചടങ്ങില്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് കുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങി. കുഞ്ഞുങ്ങള്‍ കരയുന്നത് കണ്ടെങ്കിലും എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴാണ് അറിഞ്ഞത് പ്രാര്‍ത്ഥന ചൊല്ലാന്‍ കഴിയാത്തതിലുള്ള വിഷമമാണ് കുഞ്ഞുങ്ങള്‍ക്ക് എന്ന്. എന്നാല്‍ പിന്നെ സ്വാഗതം കഴിഞ്ഞ് പ്രാര്‍ത്ഥന ആകാമെന്ന് അധ്യക്ഷന്റെ അനുമതിയോടെ ഞാന്‍ നിര്‍ദേശിച്ചു. അങ്ങനെ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥന ചൊല്ലി.
ഉദ്ഘാടനവും കഴിഞ്ഞ് കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു ഫോട്ടോയും എടുത്തതാണ് ഞാന്‍ മടങ്ങിയത്.
ആ കണ്ണുകളിലെ തിളക്കം ഞാന്‍ മറക്കില്ല.
സ്നേഹം മക്കളെ
#KeralaNews #SchoolInauguration #MinisterVshivankutty #StudentWelfare #Education #Reassurance