Literacy | സെപ്റ്റംബർ 8, ലോകസാക്ഷരതാ ദിനം: മഹത്തുക്കളുടെ വചനങ്ങൾ
* പോളോ ഫ്രിയറുടെ വീക്ഷണത്തിൽ സാക്ഷരതയുടെ ലക്ഷ്യം തന്നെ അടിമത്തവും അന്ധവിശ്വാസവും നീക്കി ജനങ്ങളിൽ അവകാശബോധം ജനിപ്പിക്കലാണ്.
* വാക്കുകൾ പഠിക്കലും എഴുത്തു പഠിക്കലും യാഥാർത്ഥ്യം മനസിലാക്കാനുള്ള വഴികളാണ്.
കൂക്കാനം റഹ്‌മാൻ
(KVARTHA) ഇറാന്റെ തലസ്ഥാനമായ ടെഫ്റാനിൽ 1965 സെപ്റ്റംബറിൽ വിളിച്ചു കൂട്ടിയ യൂനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം ലോകത്തിൽ വർദ്ധിച്ചുവരുന്ന നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുവാനും മെച്ചപ്പെട്ട ജീവിതം നയിക്കാനുതകുന്ന തൊഴിലധിഷ്ഠിത സാക്ഷരത കൈവരിക്കുവാനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. വിദ്യാഭ്യാസ മന്ത്രിമാരുടെ ടെഫ്റാൻ സമ്മേളനത്തിന്റെ ആഹ്വാനമനുസരിച്ച് 1966 യുനെസ്കോവിന്റെ പതിനാലാം പൊതുസമ്മേളനത്തിൽ എല്ലാവർഷവും സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
നിരക്ഷരതയ്ക്ക് എതിരായി ലോകമനസാക്ഷിയെ തട്ടിയുണർത്തേണ്ട ഒരു സുദിനമാണ് സെപ്റ്റംബർ എട്ട്.
ഭൂമുഖത്ത് അവസാന നിരക്ഷരൻ സാക്ഷരനാകുന്നത് വരെ ഈ ദിനാചരണം ഉണ്ടായിരിക്കും. സാക്ഷരതാരംഗത്തെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി നൂതന കർമ്മസരണികൾ ആവിഷ്കരിക്കാനും പിന്നിട്ട വർഷങ്ങളും പരീക്ഷണങ്ങളും അയവിറക്കാനും ഈ ദിനാചരണം കൊണ്ട് സാധിക്കും എന്നുള്ളതിന് പക്ഷാന്തരമില്ല.
കേരളത്തിലെ സമ്പൂർണ്ണ സാക്ഷരത യജ്ഞം വിജയിച്ച മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് നമ്മൾ ഈ വർഷത്തെ സാക്ഷരതാ ദിനം ആചരിക്കുന്നത്. അഭിപ്രായഭിന്നതികളും ചേരിതിരിവും രാഷ്ട്രീയ അതിപ്രസരവും സാക്ഷരത യജ്ഞത്തിൽ കടന്നുകൂടാൻ സംസ്കാരസമ്പന്നരായ കേരളീയർ ഒരിക്കലും അനുവദിക്കില്ല. ബൃഹത്തായ ഈ പരിപാടിയിൽ അല്ലറ ചില്ലറ കുറവുകൾ ഉണ്ടായാലും അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനുള്ള ആത്മവീര്യം ഈ സാക്ഷരതാ ദിനത്തിൽ നാം ഉണ്ടാക്കിയെടുക്കണം.
സാക്ഷരതയെ കുറിച്ച് മഹാന്മാർ പറഞ്ഞ പല കാര്യങ്ങളും ഇത്തരുണത്തിൽ സ്മരിക്കുന്നത് അവസരോചിതമായിരിക്കും.
ഇരുട്ടിനെ പഴിക്കാതെ ഒരു മെഴുകുതിരി കൊളുത്തു എന്ന് ആഹ്വാനം ചെയ്ത വെൽതിഫിഷർ, വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്, അതെവിടെ കണ്ടാലും സ്വായത്തമാക്കണമെന്ന് ഉത്ബോധിപ്പിച്ച മുഹമ്മദ് നബി, നിരക്ഷരത പാപമാണ് ശാപമാണ് നാണക്കേടാണ് എന്ന് ആവർത്തിച്ചു പറഞ്ഞ മഹാത്മാഗാന്ധി, സാക്ഷരനായ തൊഴിലാളി നിരക്ഷനായ തൊഴിലാളിയെക്കാൾ എന്തുകൊണ്ടും മികച്ചവൻ ആയിരിക്കുമെന്ന് ചൂണ്ടിക്കാണിച്ച ലെനിൻ, വിദ്യാഭ്യാസം നേടിയ ഓരോരുത്തരും അതിന് ഭാഗ്യം സിദ്ദിക്കാത്തവർക്ക് വിദ്യാഭ്യാസം ചെയ്യൂ എന്ന് പ്രഖ്യാപിച്ച സ്വാമി വിവേകാനന്ദൻ, ഒരാൾ ഒരാളെ പഠിപ്പിക്കുക എന്ന മുദ്രാവാക്യമുണർത്തിയ ഡോക്ടർ ലബാക്ക് എന്നിവർ സാക്ഷരതയെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ പ്രസിദ്ധ വിദ്യാഭ്യാസ ചിന്തകനായ പോളോ ഫ്രിയറുടെ ചിന്തയിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും.
തെക്കേ അമേരിക്കയിലെ ബ്രസീലിലാണ് വിപ്ലവകരമായ വിദ്യാഭ്യാസ ചിന്തയുടെ ഉടമയായ പോളോഫ്രിയർ ജനിച്ചത്. സാക്ഷരതാ പരിപാടിക്ക് പല നൂതന രീതികളും അദ്ദേഹം ആവിഷ്കരിച്ചു. പോളോ ഫ്രിയറുടെ വീക്ഷണത്തിൽ സാക്ഷരതയുടെ ലക്ഷ്യം തന്നെ അടിമത്തവും അന്ധവിശ്വാസവും നീക്കി ജനങ്ങളിൽ അവകാശബോധം ജനിപ്പിക്കലാണ്. അവകാശത്തെക്കുറിച്ച് ബോധമുള്ള മനുഷ്യർക്ക് മാത്രമേ അതിനുവേണ്ടി സമരം ചെയ്യാനാവു എന്നും അവകാശത്തിന് വേണ്ടിയുള്ള സമരത്തിൽ അക്രമം സ്വാഭാവികം, മാത്രമാണെന്നും പോളോ ഫ്രിയർ വിശ്വസിക്കുന്നു.
വാക്കുകൾ പഠിക്കലും എഴുത്തു പഠിക്കലും യാഥാർത്ഥ്യം മനസ്സിലാക്കാനുള്ള വഴികളാണ്. ശരിയായ ബോധം ഉൾക്കൊള്ളാനുള്ള ഉപകരണമാണ് ഭാഷയും പുസ്തകവും എന്ന് അദ്ദേഹം പറയുന്നു. എന്റെ ഏറ്റവും വലിയ ഗുരുനാഥൻ കൃഷിക്കാരനും തൊഴിലാളികളും ആണെന്നും അവരിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ ഞാൻ പഠിച്ചത് എന്നും ഫ്രിയയർ പറയുന്നു. മനുഷ്യരുടെ താൽപര്യത്തിന് മുൻഗണന കൊടുക്കലാണ് വിദ്യാഭ്യാസത്തിലെ രാഷ്ട്രീയം. വിദ്യാഭ്യാസത്തിന് നിഷ്പക്ഷത പറ്റില്ല. ബോധവൽക്കരണമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കിൽ അവകാശ ബോധം തട്ടിയുണർത്തുക തന്നെ വേണം എന്ന് ഫ്രിയർ വിശ്വസിക്കുന്നു.
തത്വവും പ്രയോഗവും തമ്മിലും ശാരീരികവും ബുദ്ധിപരവുമായ പ്രവർത്തനങ്ങളും തമ്മിലും പൊരുത്തമുള്ള ബുദ്ധിജീവിയെയാണ് സാക്ഷരതാ പ്രവർത്തനത്തിന് ആവശ്യമെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. അറിവുണ്ടാക്കൽ മാത്രമല്ല തങ്ങളുടെ അറിവില്ലായ്മയെ പറ്റിയുള്ള അറിവ് നേടുക കൂടിയാണ് സാക്ഷരത. പഠിതാക്കളെ ചിന്തിപ്പിക്കുന്ന യാഥാർത്ഥ്യത്തെ വിമർശനപരമായി മനസ്സിലാക്കാനുള്ള സൃഷ്ടിപരമായ ഒരു പ്രവർത്തനം കൂടിയാണ് സാക്ഷരതയുടെ ലക്ഷ്യം.
പ്രവർത്തകരും പഠിതാക്കളും തങ്ങളുടെ പ്രവർത്തനത്തെ വിലയിരുത്തുകയും വാദപ്രതിവാദങ്ങൾ നടത്തി പൊതുവായ അടിസ്ഥാനത്തിലെത്തി വിദ്യാഭ്യാസ പ്രവർത്തനത്തെ സൃഷ്ടിപരമായി വികസിപ്പിക്കണമെന്നാണ് ഫ്രിയർ അഭിപ്രായപ്പെടുന്നത്. വിദ്യാഭ്യാസത്തെ പഴയ കൊളോണിയൻ സമ്പ്രദായത്തിന്റെയോ വിമോചന സമരത്തിന്റെയോ തുടർച്ചയായി മാറ്റാതെ പുതിയ ആശയങ്ങൾ കണ്ടെത്താൻ പ്രാപ്തമാക്കണം.
ജീവിതാനുഭവവും പഠിച്ചു നേടിയ അറിവും തമ്മിലുള്ള വിടവ് നികത്തിലാണ് വിദ്യാഭ്യാസം. സാധിക്കുന്നത് ചെയ്യുകയും അതിലേക്ക് ആളുകളെ നയിക്കുകയും ചെയ്യുക എന്നതാവണം സാക്ഷരതയുടെ ലക്ഷ്യം. സാംസ്കാരിക മോചനത്തിന്റെ ഒരു ഘടകമാണ് സാക്ഷരതയെന്നും വിദ്യാഭ്യാസം വിമോചനത്തിന് ആണെന്നും നിരവധി മാതൃകകളിലൂടെ കാട്ടിത്തന്ന വിദ്യാഭ്യാസ വിപക്ഷണനാണ് പോളോഫ്രിയർ.
#literacy #education #InternationalLiteracyDay #PauloFreire #MahatmaGandhi #SwamiVivekananda