Inspiration | സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ഇന്ദ്രന്‍സ്; നടന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: (KVARTHA) ജില്ലയിലെ കുമാരപുരം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം (Primary Education) പൂര്‍ത്തിയാക്കിയിരുന്ന നടന്‍ ഇന്ദ്രന്‍സ് (Indrans) ഇപ്പോള്‍ സാക്ഷരതാ മിഷന്‍ (Literacy Mission) നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുകയാണ്. തന്റെ 68-ാം വയസിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. പഠിക്കാന്‍ ഒരു മനസ്സുണ്ടെങ്കില്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് താരം.
പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോള്‍ പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടന്‍ പരീക്ഷ എഴുതുന്നത്. താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്.
നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെന്നാണ് ഓര്‍മയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ പറഞ്ഞിരുന്നു.
പുസ്തകവും വസ്ത്രവും ഇല്ലാത്തതിനാലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയതെന്ന് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ വായനാശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.