NEET Re-Exam | വിദ്യാര്‍ഥികള്‍ക്കും മടുത്തോ? നീറ്റ് പുന:പരീക്ഷ എഴുതിയത് 52 ശതമാനം പേർ മാത്രം!

 
Neet Exam


ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാണ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായിരുന്നു പരീക്ഷ കേന്ദ്രങ്ങള്‍

 

ന്യൂഡെൽഹി: (KVARTHA) വിവാദമായതിനെ തുടര്‍ന്ന് ഗ്രേസ് മാർക്ക് റദ്ദാക്കി വീണ്ടും നടത്തിയ നീറ്റ്-യു.ജി പരീക്ഷയില്‍ പങ്കെടുത്തത് 52 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം. പരീക്ഷ എഴുതേണ്ടിയിരുന്ന 1563 പേരില്‍ 813 പേര്‍ മാത്രമാണ് ഹാജരായത്. 750 പേർ പരീക്ഷയെഴുതിയില്ല. വിദ്യാർഥികളുടെ എണ്ണം തീരെ കുറവായ പല കേന്ദ്രങ്ങളും ഉണ്ടായിരുന്നു. ചണ്ഡീഗഡിലെ കേന്ദ്രത്തിൽ രണ്ട് പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്, എന്നാൽ ഇരുവരും വന്നില്ല. 464 വിദ്യാർഥികളിൽ 234 പേർ മാത്രമാണ് മേഘാലയയിലെ ഡോൺ ബോസ്‌കോ കോളേജിൽ പരീക്ഷയെഴുതിയത്. 

പുനഃപരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും 5.20 നും ഇടയിലാണ് നടന്നത്. കേന്ദ്രങ്ങളിൽ പരീക്ഷ തുടങ്ങിയപ്പോഴാണ് പല കേന്ദ്രങ്ങളിലും വിദ്യർഥികൾ പരീക്ഷയെഴുതാൻ എത്തിയില്ലെന്ന കൗതുകകരമായ കാര്യം പുറത്തുവന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് 1563 പേര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാണ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായിരുന്നു പരീക്ഷ കേന്ദ്രങ്ങള്‍.

ജൂൺ നാലിന് ഫലപ്രഖ്യാപനം വന്നതുമുതൽ, പേപ്പർ ചോർച്ച, റാങ്കുകളുടെ എണ്ണം, ഗ്രേസ് മാർക്ക് അനുവദിക്കുന്നതിലെ അപാകതകൾ, മറ്റ് ക്രമക്കേടുകൾ തുടങ്ങിയ കാര്യങ്ങളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം എൻടിഎ മേധാവി സുബോധ് കുമാറിനെ പദവിയിൽ നിന്ന് സർക്കാർ മാറ്റിയിരുന്നു. 

മെയ് അഞ്ചിന് നടന്ന നീറ്റ്-യു.ജി. പരീക്ഷയിലെ ക്രമക്കേടുകളില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെയാണ് പുനഃപരീക്ഷ നടന്നത്. വിവാദങ്ങൾ വിദ്യാർഥികളെ സ്വാധീനിച്ചത് കൊണ്ടാവാം പുനഃപരീക്ഷയിൽ എണ്ണം കുറഞ്ഞതെന്നാണ് പ്രതിപക്ഷ വിമർശനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia