Labor Dispute | 'അവധിയില്ല, വേതനവര്‍ധനവില്ല'; പ്രതിഷേധ സമരവുമായി സാംസങ് തൊഴിലാളികള്‍
● സെപ്റ്റംബര്‍ ഒമ്പതിനാണ് സമരം തുടങ്ങിയത്.
● അധികൃതര്‍ മാന്യമായി പെരുമാറുന്നില്ലെന്നും പരാതി.
● ഉച്ചഭക്ഷണത്തിനായി 40 മിനിറ്റ് മാത്രം ഇടവേള.
● ഫാക്ടറിയിലെ ഉല്‍പ്പാദനം 80 ശതമാനം ഇടിഞ്ഞു.
ചെന്നൈ: (KVARTHA) ശ്രീപെരുമ്പത്തൂരിലെ (Sriperumbudur) സാംസങ് ഫാക്ടറിയില്‍ (Samsung Factory) തൊഴിലാളികള്‍ നടത്തുന്ന സമരം രൂക്ഷമായിരിക്കുകയാണ്. കമ്പനി അധികൃതരുടെ മോശം പെരുമാറ്റം, അപര്യാപ്തമായ അവധി, വേതന വര്‍ധനയില്ലായ്മ എന്നിവയാണ് പ്രധാന പ്രതിഷേധ വിഷയങ്ങള്‍.
സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ 1300-ലധികം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കുടുംബാംഗം മരിച്ചാലും അവധി ലഭിക്കുന്നില്ലെന്നും, ജോലി സമയം കുറയ്ക്കണമെന്നും, വേതനം വര്‍ധിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
സെപ്റ്റംബര്‍ ഒമ്പതിനാണ് സാംസങ് ഇന്ത്യയുടെ നിര്‍മ്മാണ യൂണിറ്റില്‍ സമരം തുടങ്ങിയത്. ഫാക്ടറിക്ക് മുന്നില്‍ പന്തല്‍ കെട്ടിയാണ് സമരം നടത്തുന്നത്. കമ്പനി അധികൃതര്‍ തങ്ങളോട് മാന്യമായി പെരുമാറിയില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
പേരുവിളിച്ചല്ല ഫാക്ടറിക്കുള്ളില്‍ തങ്ങളെ സൂപ്പര്‍വൈസിംഗ് എഞ്ചിനീയര്‍മാര്‍ അഭിസംബോധന ചെയ്യുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ഫാക്ടറിയില്‍ 1800 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. സ്ത്രീ തൊഴിലാളികള്‍ സമരത്തെ പിന്തുണച്ച് ജോലിക്ക് എത്തുന്നില്ലെന്നും സിഐടിയു പറഞ്ഞു.
രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഒമ്പത് മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു. ഉച്ചഭക്ഷണത്തിനായി 40 മിനിറ്റ് മാത്രം ഇടവേള തരും. എട്ട് മണിക്കൂര്‍ ജോലിയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. അപ്രൈസലും മോശമാണ്. ഇ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി 1000 രൂപയൊക്കെയാണ് വര്‍ധനവ് തരുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
സമരത്തെ തുടര്‍ന്ന് ഫാക്ടറിയിലെ ഉല്‍പ്പാദനം 80 ശതമാനം ഇടിഞ്ഞു. എന്നാല്‍ കമ്പനി അധികൃതര്‍ കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് ഉല്‍പ്പാദനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. പണിമുടക്കിന്റെ ആദ്യ ദിവസം തന്നെ ഉല്‍പ്പാദനത്തിന്റെ 50% ഇടിഞ്ഞതായും അടുത്ത ആഴ്ചയോടെ ഉല്‍പ്പാദനം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, തൊഴിലാളികളുമായി നേരിട്ട് സംസാരിക്കാനും അവര്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാംസങ് ശ്രമിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ സാംസങ് യൂണിയനും ഇന്ത്യയിലെ തൊഴിലാളികളെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളവും മോശം തൊഴില്‍ സാഹചര്യങ്ങളുമാണുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
#SamsungStrike #India #WorkersRights #Wages #WorkingConditions #Protest #CIIT