ADVERTISEMENT
ഒരു തോണിയാത്രയുടെ നടുക്കുന്ന ഓര്മ
പുഴയും കടലും തണുത്ത കാറ്റും എല്ലാം എപ്പോഴും ഏത് മാനസിക സംഘര്‍ഷങ്ങളെയും കുറയ്ക്കുന്നു. ചിന്തകളില്‍ അഗ്നി നിറയുമ്പോള്‍ മരത്തണലിലും പുഴയോരത്തും പലപ്പോഴും അഭയം തേടിയിട്ടുണ്ട്. കടലിന്റെ അഗാധതയില്‍ നോക്കി ഇരുന്നിട്ടുണ്ട്. ആ സംഗീതം മനസില്‍ അറിയാതെ കവിത നിറക്കുന്നു.പുഴയും കൈത്തോടും, കുളങ്ങളും എല്ലാം കേരളീയ സംസ്കൃതിയുടെ തിളക്കങ്ങളാണ്. ഇന്ന് പുഴകള്‍ മെലിഞ്ഞ് മെലിഞ്ഞ് രേഖകളും പുല്തകിടികളും മാത്രമായി. തോടും കുളങ്ങളും നികത്തി അവിടങ്ങളില്‍ വന്‍ ഷോപിംഗ് സെന്ററുകള്‍ ഉയര്‍ന്നു. മുങ്ങിക്കുളിയുടെ കുളിര്‍മയും നീന്തി ത്തുടിച്ചുള്ള ആനന്ദവും എല്ലാം നമ്മുടെ ജീവിതത്തിന് അന്യമായി. ഇന്നത്തെ കുട്ടികള്‍ക്ക് നീന്തല്‍ അത്ഭുതം നല്കുന്ന അഭ്യാസ പ്രകടനം മാത്രമാണ്. പഴയകാല ഗ്രാമീണ വിനോദവും കൂടിയാണ് നീന്തല്‍. ഗള്‍ഫ് മരുഭൂമിയിലെ അധിക സ്ഥലങ്ങളിലും സംഗീതവും നൃത്തവും പഠിപ്പിക്കുന്നത് പോലെ നീന്തല്‍ പരിശീലനക്ലാസുകളും നടത്തി വരുന്നു. നമ്മുടെ പഴമകള്‍ പലതും വിസ്മരിക്കപ്പെടുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ പാരമ്പര്യങ്ങള്‍ പിന്തുടങ്ങാന് എറെ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ നീന്താന്‍ പഠിച്ചത് കൊണ്ട് ഏത് നാട്ടില്‍ എത്തിയാലും കുളങ്ങളിലും പുഴയിലും ഇറങ്ങി നീന്തിത്തുടിച്ച് മുങ്ങിക്കുളിക്കാന്‍ ശ്രമിക്കും. ജലപ്പരപ്പില്‍ എറെ നേരം അനങ്ങാതെ കിടക്കുക എന്നത് ഏറെ രസമുള്ള വിനോദമാണ്. തോണിയാത്രയും മനസില്‍ ആനന്ദം നല്കുന്നു. പാലങ്ങള്‍ ഇല്ലാത്ത കടവില്‍ പലപ്പോഴും തോണി യാത്രകള്‍ ചെയ്തിട്ടുണ്ട്.
ഏറെ യാത്രാ സൗകര്യങ്ങള്‍ ഉള്ള ദുബൈ മെട്രോ നഗരത്തില്‍ ദേരയില്‍ നിന്നും ബര് ദൂബൈലേയ്ക്ക് ബോട്ടുയാത്രയും കടല്‍ ചുറ്റിയുള്ള ബോട്ടുയാത്രയും അവിടങ്ങളിലെ മനോഹര കാഴ്ചകളില്‍ ഒന്നാണ്. കൊച്ചി കായലിലെ ബോട്ടുയാത്രകളിലും പലപ്പോഴും മണിക്കുറുകള്‍ ചിലവഴിച്ചിട്ടുണ്ട്. തോണിയിലും ബോട്ടിലും യാത്ര ചെയ്യുമ്പോഴും ജലപരപ്പില്‍ നീന്തി തുടിക്കുമ്പോഴും മനസില്‍ ബാല്യ കൗമാര ചിത്രങ്ങള്‍ പലതും തെളിയാറുണ്ട്. കൂട്ടുകാരോടും സഹോദരങ്ങളോടും മല്‍സരിച്ച് നീന്തിയതും അധിക സമയം വെള്ളത്തിനടിയില്‍ മുങ്ങി നില്ക്കുന്നതും എല്ലാം ഓര്‍മകളില്‍ കുളിര്‍മ നല്കുന്നു.
കുട്ടിക്കാലത്തെ അവധി നാളിലെ വൈകുന്നേരം വീട്ടുവരാന്തയില്‍ ഏതോ കളിയില്‍ മുഴുകി ഇരിക്കുകയാണ്. ഉമ്മയും മറ്റു ചില സ്ത്രീകളും കഥപറച്ചിലിന്റെ തിരക്കിലാണ്. സഹോദരങ്ങളും അയല്‍ക്കാരായ കുട്ടുകാരും ധാരാളമുണ്ടാകും. ഒരോ വഴി തിരിഞ്ഞാണ് കളികള്‍. അന്ന് ചെറിയ അനിയന്മാരും അനിയത്തിമാരും എല്ലാം രാവിലെ മുതല്‍ അടുത്തുള്ള നീന്തല്‍ കുളത്തില്‍ പോയതാണ്. ഇത് ഞങ്ങളുടെ പതിവ് കാര്യങ്ങളായത് കൊണ്ട് ആരും അന്വേഷിക്കാറില്ല. സമയം ഏറെ കഴിഞ്ഞപ്പോള്‍ ഒരു സഹോദരി കരഞ്ഞു ബഹളം വെച്ച് കൊണ്ട് ഓടി വന്നു. കൂടെ കുളത്തില്‍ കളിച്ച രണ്ട് സഹോദരന്മാരന്മാരും. ഒരു സഹോദരിയും വെള്ളത്തില്‍ മുങ്ങി എറെ നേരമായിട്ടും തിരിച്ച് വരുന്നില്ല.
സഹോദരിയുടെ കരച്ചില് കേട്ടു ഓടി. കുളക്കടവില്‍ കുഞ്ഞുടുപ്പുകള്‍ മാത്രം. ഒന്നും ചിന്തിച്ചില്ല. കുളത്തിലേക്ക് ഞാന്‍ ചാടി. വലിയ ആഴമില്ലെങ്കിലും മഴക്കാലമായത് കൊണ്ട് നല്ല വെള്ളമുണ്ട്. അടിത്തട്ടില്‍ എറെ ചെളിയും. പരന്ന് കിടക്കുന്ന കുളമാണ് അടിത്തട്ടില്‍ ഏറെ സ്ഥലങ്ങളില്‍ മുങ്ങിത്തപ്പി. സഹോദരങ്ങളുടെ ദേഹത്തു കൈയും കാലും തട്ടിയപ്പോള്‍ മനസില്‍ ഭയം നിറഞ്ഞു. ധൈര്യത്തോടെ ഒരോരുത്തരെയും കരയില്‍ എത്തിച്ചു. നിശ്ചലമായ ശരീരങ്ങള്‍ പലരും പിടിച്ചു വാങ്ങി കരയില്‍ കിടത്തി. കുളക്കരയില്‍ ജനം നിറഞ്ഞു നിലവിളികള്‍ ഉയര്‍ന്നു. എന്റെ മനസിന്റെ നിയന്ത്രണം വിട്ട് ഉറക്കെ നിലവിളിച്ചു. സ്വന്തം സഹോദരനായ അബൂബക്കറും ബാപ്പയുടെ അനിയന്റെ മക്കളായ മഹ്മൂദും ബീഫാത്വിമയും മരണത്തിന് കീഴടക്കിയിരിക്കുന്നു. ഇന്നും കുളക്കരയില്‍ എത്തിപ്പെട്ടാല്‍ കുഞ്ഞ് മനസില്‍ പതിഞ്ഞ ദയനീയ ചിത്രങ്ങള്‍ ശോകമായി തെളിയും.
കേരളത്തിന്റെ ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങിയ നാളുകളില്‍ പുഴയുടെയും കുളത്തിന്റെയും അടുത്തു എത്തുമ്പോള്‍ നീന്തലും തോണിയാത്രയും എല്ലാം ആവേശമായി ഉണരും. കോഴിക്കോട് ജില്ലയിലെ സുന്ദരമായ ഗ്രാമങ്ങളായ കുറ്റിയാടി, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളില്‍ ഏറെ വര്‍ഷങ്ങള്‍ ജീവിച്ചപ്പോള്‍ അവിടങ്ങളിലെ പല പുഴയിലും കുളങ്ങളിലും നീന്തിത്തുടിക്കാനും തോണിയില്‍ പുഴയിലൂടെ യാത്ര ചെയ്യാനും അവസരം കിട്ടി.
അവികസിത ഗ്രാമങ്ങളില്‍ അധികവും അന്ന് പാലങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ താമസിച്ചിരുന്ന പൊരുവയല് ഭാഗങ്ങളില്‍ നിന്നും പേരാമ്പ്രയില്‍ എളുപ്പവഴിയില്‍ എത്തണമെങ്കില്‍ ഗുളിക പുഴ കടവ് കടന്ന് വരണം. ഞായറാഴ്ചകളില്‍ അവധി ദിനം ആഘോഷിക്കാന്‍ ജോലിക്കാരുടെ കൂടെ ഞാനും യാത്ര തിരിക്കും. അധിക സമയത്തും കടത്തുകാരന് ഉണ്ടാകും. ചിലപ്പോള്‍ യാത്രക്കാരില്‍ ആരെങ്കിലും തുഴഞ്ഞു പോകും. തോണിയാത്രയുടെ ഓരോ നിമിഷവും മനസില്‍ സുന്ദരമായ രാഗങ്ങള്‍ വിടര്‍ത്തി.
പല നാട്ടുകാരായ ജോലിക്കാരും അന്ന് കൂടെ ഉണ്ടായിരുന്നു. കൊല്ലക്കാരന്‍ ആനന്ദനും മെക്കേരിക്കാരന് ബാലന് നായരും കൂടാളിക്കാരന്‍ അബൂക്കയും എല്ലാം ഇന്നും മനസില്‍ ജീവിക്കുന്ന മുഖങ്ങളാണ്. ആനന്ദന് നല്ലൊരു ജോലിക്കാരനും ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്നു. ഗ്രാമീണതയുടെ നാട്ടാചാരങ്ങള്‍ പലതും അയാള്‍ക്ക് അറിയാം. പലയാത്രയിലും തോണി തുഴയുന്നത് ആനന്ദനായിരിക്കും. അയാളുടെ നാടന്‍ പാട്ടിന്റെ വരികള്‍ ഏറെക്കാലം ഞാനും ഉരുവിട്ടു നടന്നു.
കൂട്ടുകാരും കടത്തുക്കാരനും എല്ലാം ആയാസമില്ലാതെ തോണി തുഴഞ്ഞു പോകുന്നത് എല്ലാ യാത്രയിലും ഞാന്‍ കൗതുകത്തോടെ നോക്കി ഇരിക്കും. വലിയ ബുദ്ധിമുട്ടില്ലാത്ത ജോലിയായിരിക്കാം ഇതെന്ന് അപ്പോഴെല്ലാം തോന്നുകയും ചെയ്യും. കടത്ത് തോണിയില്‍ ഇരുന്നും, പുഴയില്‍ നീന്തിയും, ഗുളിക പുഴ കടവും പുഴയും എനിക്ക് നല്ല പരിചയമായി തോന്നി. എല്ലാ യാത്രകളിലും കൂടെ ആളുകള്‍ ഉള്ളത് കൊണ്ട് യാത്രയില്‍ ഒരു വിഷമവും തോന്നിയിരുന്നില്ല. ഒരു സന്ധ്യയില്‍ എതോ കാര്യത്തിന് പേരാമ്പ്രയില്‍ പോയി മടങ്ങുകയാണ്. വേഗതയില്‍ നടന്ന് കടവിലെത്തി. കുറെ നേരം കാത്ത് നിന്നിട്ടും കടത്തുകാരനോ മറ്റു യാത്രക്കാരോ വന്നില്ല. അക്കരെ എത്തേണ്ട തിടുക്കത്തില്‍ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ നിന്നപ്പോള്‍ മനസില്‍ ഏറെക്കാലമായി തോന്നിയ മോഹത്തിന് ചിറക് മുളച്ചു. സ്വയം തുഴഞ്ഞു പോകണം.
പിന്നെ അധികമൊന്നും ചിന്തിച്ചില്ല. ചുറ്റുമൊന്ന് നോക്കിയശേഷം തോണിയുടെ കെട്ടഴിച്ചെടുത്തു. തുഴയാനുള്ള മുളയ്ക്ക് അല്പം ഭാരമുണ്ടെന്ന് അപ്പോഴാണ് മനസിലായത്. കരയില്‍ നിന്നു പണിപ്പെട്ട് തോണി തള്ളി പുഴയിലേക്ക് നീക്കി. പതുക്കെ തോണിയില്‍ കേറി ഇരുന്നു. തോണി ഒന്നു ആടിക്കളിച്ചു. ചൂറ്റും കണ്ണോടിച്ചശേഷം തുഴയാനുള്ള മുളയും കൈയില്‍ എടുത്ത് എഴുന്നേറ്റ് നിന്നു. തോണി ചെറിയ ഇളക്കത്തോടെ മുന്നോട്ട് നീങ്ങിത്തുടങ്ങി. കടത്തുകാരന്റെ ചിത്രം മനസില്‍ തെളിഞ്ഞു. തോണി മുന്നോട്ട് നീങ്ങി. ഒഴുക്കിന് ശക്തി കൂടുതലാണ്. തോണിയാത്ര കരുതിയത് പോലെ എളുപ്പമല്ല. തുഴയുടെ താളത്തില്‍ തോണി ചരിഞ്ഞു പുളഞ്ഞുമാണ് യാത്ര. ഒഴുക്കിന്റെ താളം മനസിനെ പേടിപ്പെടുത്തി. തോണിയുടെ നിയന്ത്രണം വിടുകയാണോ?
മുളകുത്തി പിടിച്ച് ചൂറ്റും നോക്കി. പുഴയുടെ നടുവിലാണ്. നല്ല വെള്ളമുണ്ട്. മനസിലെ തളര്‍ച കൈയിലും അനുഭവപ്പെട്ടു. പതറുകയാണ്. വീണ്ടും മുന്നോട്ട് തുഴഞ്ഞു. തോണി ദിശമാറി ആടിയുലഞ്ഞു. അല്പം ഉച്ചത്തില്‍ ബഹളം വെച്ചു. ആരെങ്കിലും രക്ഷകനായി എത്തിയില്ലെങ്കില്‍ ചിലപ്പോള്‍ ഈ യാത്ര ഇവിടെ അവസാനിക്കും. മനസില്‍ ഭയം നിറഞ്ഞു. ഇളകിയാടുന്ന തോണിയില്‍ മുളകുത്തി പിടിച്ച് പ്രതീക്ഷയോടെ കരയിലേക്ക് നോക്കി. എന്റെ വികൃതികള്‍ ശ്രദ്ധിച്ച ഒരു സ്ത്രീയും മറ്റു ചിലരും കരയില്‍ നിന്നു ഉച്ചത്തില്‍ ഒരോന്നു പറഞ്ഞു അവര്‍ നിര്‍ദേശിക്കുന്നത് പോലെ തിരിച്ചു മറിച്ചു തുഴഞ്ഞു പതുക്കെ നീങ്ങി. കൈവിറയ്ക്കുന്നു. ശരീരം തീര്‍ത്തും തളര്‍ന്നത് പോലെ. പിന്നെ ഒന്നും അറിഞ്ഞില്ല. കണ്ണ് തുറക്കുമ്പോള്‍ പുഴക്കരയില്‍ മണലില്‍ നിവര്‍ന്ന് കിടപ്പാണ്. ചുറ്റുംകൂടി നിന്നവരുടെ കുറ്റപ്പെടുത്തലുകള്‍ മാത്രം.
-ഇബ്രാഹിം ചെര്‍ക്കള
മുന്‍ അധ്യായങ്ങള്‍
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 1
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 2
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 3
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 7
Keywords: Article, Ibrahim Cherkala, River, Boats, Accident, Daughter, Sisters,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Travel scenes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

