കരിപ്പൂരിന്റെ ചിറകരിയാന്‍ മുന്നില്‍ നില്‍ക്കുന്നവരാരൊക്കെ?

 


ലീദ. എ.എല്‍

(www.kvartha.com 13/06/2015) രിപ്പൂരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനും വെടിവെപ്പിനും പിന്നില്‍ അന്യസംസ്ഥാന വിമാനലോബിയാണെന്ന നിഗമനത്തിലാണ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം. റണ്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറുമാസത്തേക്ക് വിമാനത്താവളം അടച്ചിട്ടത്തിന്റെ വിവാദങ്ങള്‍ ആറിതണുത്ത് വരുന്നതിനിടെയിലാണ് പുതിയ സംഭവമെന്നതും ഇന്റലിജന്‍സിന്റെ സംശയങ്ങള്‍ക്ക് ബലമേകുന്നു.

രാജ്യാന്തരവിമാനത്താവളങ്ങളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയില്‍ മൂന്നാം സ്ഥാനത്താണ് കരിപ്പൂര്‍. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കരിപ്പൂരിന്റെ ചിറകരിയാനുള്ള നീക്കമാണ് കേരളത്തിനകത്തും പുറത്തുമായി നടന്നുവരുന്നത്. 1988 ഏപ്രില്‍ 13ന് ആദ്യവിമാനം പറന്നുയരുകയും 2006ല്‍ രാജ്യന്തര പദവിതേടിയെത്തുകയും ചെയ്ത വിമാനത്താവളമാണ് കരിപ്പൂര്‍. എന്നാല്‍, വിമാനത്താവളം യാഥാര്‍ഥ്യമായി 27 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആശങ്കയുടെ കരിനിഴല്‍ കരിപ്പൂരിന് മുകളില്‍ നിന്നും നീങ്ങിയില്ലെന്നതാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

മലബാറുകാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായ കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണവും വരുമാനവും നെടുമ്പാശ്ശേരിയെക്കാളും വലുതാണെന്ന് മുന്‍കാലകണക്കുകള്‍ പറയുന്നു. അതേസമയം, ത്വരിതഗതിയില്‍ വളര്‍ന്ന് രാജ്യാന്തര പദവി നേടിയ വിമാനത്താവളം തുടര്‍ന്നങ്ങോട്ട് പിന്നോട്ടടിക്കുന്ന കാഴ്ചയാണ് മലബാറുകാര്‍ക്ക് പറയാനുള്ളത്.

റണ്‍വേയുടെ നീളക്കുറവും ബലക്ഷയവുമാണ് കരിപ്പൂരിന്റെ പ്രധാനപ്രശ്‌നം. 6000 അടിമാത്രം നീളമുണ്ടായിരുന്ന റണ്‍വേ, ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് 2001ലാണ് 9000 അടിയാക്കിയത്. എന്നാല്‍ 2007ഓടെ റണ്‍വേയില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് റണ്‍വേ പുതുക്കി പണിതെങ്കിലും 2013ഓടെ റണ്‍വേയില്‍ വീണ്ടും പൊട്ടലുകള്‍ വീണുതുടങ്ങി. വിള്ളല്‍ വീണതോടെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ പഠനത്തില്‍ മണ്‍പാളികളില്‍ വെള്ളമിറങ്ങുന്നതിനാല്‍ പലസ്ഥലങ്ങളിലും ബലക്ഷയമുള്ളതായി കണ്ടെത്തുകയായിരുന്നു. സ്ഥിതി രൂക്ഷമായ പശ്ചാത്തലത്തിലാണ് മെയ് മുതല്‍ ഒക്ടോബര്‍ വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ രാജ്യത്തൊരിടത്തും റണ്‍വേ ബലം കൂട്ടുന്നതിന്റെ പേരില്‍ വിമാനങ്ങള്‍ പിടിച്ചിടാറില്ല. സര്‍വീസുകളെ ബാധിക്കാത്ത വിധമാണ് പ്രവൃത്തി നടത്താറ്. റണ്‍വേ അടച്ചിടാതെ പ്രവൃത്തികള്‍ നടത്താനുള്ള സമയം കരിപ്പൂരിനുണ്ടെന്നിരിക്കെ തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ട് ഭാഗികമായി അടച്ചിട്ടിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിലും റണ്‍വേയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. മെയ് മുതല്‍ ഒക്ടോബര്‍വരെയുള്ള ആറുമാസക്കാലം കരിപ്പൂരിനെ സംബന്ധിച്ച് ഏറെ തിരക്കുള്ള സമയവുമാണ്. പ്രവാസികള്‍ റമ്ദാനും ഓണവും സ്‌കൂള്‍ വെക്കേഷന്‍കാലവും പ്രമാണിച്ച് നാട്ടിലേക്കെത്തുന്നത് ഈ കാലയളവിലാണ്.

എന്നാല്‍ ഇപ്പോള്‍ റണ്‍വേ അടച്ചിട്ടതിനുപിന്നില്‍ കരിപ്പൂരിനെ ദീര്‍ഘകാലടിസ്ഥാനത്തില്‍ അടച്ചു പൂട്ടിക്കാനുള്ള പദ്ധതികളും അണിയറയില്‍ സജീവമാണ്. നവീകരണ ജോലിക്കായി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ അടിച്ചിടുന്ന ഈ കാലയളവില്‍ തന്നെ നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് പണിയാനുമുള്ള നീക്കവും ശക്തമാണ്. യാത്രക്ക് മുമ്പ് റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാകുമെന്നിരിക്കെ നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് പണിയാനുള്ള നീക്കം ഭാവിയില്‍ ഹജ്ജ് യാത്ര കരിപ്പൂരിന് നഷ്ടപ്പെടുത്തും. ഇത് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഹാജിമാരെ വട്ടം കറക്കും. കൂടാതെ നെടുമ്പാശ്ശേരിയുടെ വരുമാനം കുന്നുകൂടുകയും കരിപ്പൂര്‍ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യും. ഇതോടെ വിമാനത്താവളം അടച്ചുപൂട്ടലിലേക്ക് നീങ്ങും.

മറ്റൊന്ന് കോഴിക്കോട്ട് നിന്നും നിറുത്തലാക്കുന്ന വലിയ വിമാനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ പുതിയ സ്ലോട്ടുകള്‍ നല്‍കാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്രപദവി നല്‍കിയാണ് കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് സര്‍വീസിന് അനുമതി ആവശ്യപ്പെട്ട വിദേശ വിമാനക്കമ്പനികളെ കോയമ്പത്തൂരിലേക്ക് എത്തിക്കാന്‍ വളരെ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ സ്ഥിരം പ്രശ്‌നങ്ങല്‍ സൃഷ്ടിച്ച് വീണ്ടും കോയമ്പത്തൂരിന് അന്താരാഷ്ട്ര പദവി നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ റണ്‍വേ അടച്ചിട്ട സാഹചര്യത്തില്‍ നടക്കുന്നത്.

സ്ഥിരമായ റണ്‍വേ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ നിലവില്‍ പുതിയ സര്‍വീസുകള്‍ക്കൊന്നും കരിപ്പൂരിന് അനുമതി നല്‍കുന്നില്ല. കൂനിന്മേല്‍ കുരുപോലെ ബോയിങ് എയര്‍ ക്രാഫ്റ്റുകളുടെ സര്‍വീസ് നിറുത്തിവെക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ഒരുമാസത്തിനിടയില്‍ ഒരു ലക്ഷത്തില്‍പരം യാത്രക്കാരുടെ കൊഴിഞ്ഞുപോക്കാണ് ഉണ്ടായിരിക്കുന്നത്.  സൗദി അറേബ്യയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ ഇവിടെ ആശ്രയിക്കുന്നത്. കരിപ്പൂര്‍ സൗദി സെക്ടറില്‍ എല്ലാ വിമാനങ്ങളും സര്‍വീസ് നിറുത്തലാക്കിയതോടെ മലബാറിലുള്ള പ്രവാസികള്‍ക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്.

വിമാനത്താവളത്തില്‍ നടക്കുന്ന വികസനം കൂടുതല്‍ സൗകര്യം ഏര്‍പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ അതല്ല കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായി മാറുന്ന സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടും പ്രധാന രാഷ്ട്രീയപാര്‍ട്ടികളെല്ലാംതന്നെ പുലര്‍ത്തുന്ന നിശബ്ദത പ്രവാസലോകത്തുതന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
കരിപ്പൂരിന്റെ ചിറകരിയാന്‍ മുന്നില്‍ നില്‍ക്കുന്നവരാരൊക്കെ?

Keywords: Karipur Airport, Calicut International Airport, Kozhikode Airport, Development, Runway, Clash, What is happening in Karipur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia