Life crisis | എല്ലാം തകർന്നുപോയി എന്ന് തോന്നുന്നുണ്ടോ? പ്രതിസന്ധികൾക്ക് അപ്പുറം ഒരു വലിയ ജീവിതവും ലോകവുമുണ്ട്!

 
Life crisis


പ്രതിസന്ധികളും പ്രതികൂലങ്ങളും വളരുമ്പോൾ അത് നമ്മെ പരാജയപ്പെടുത്തുകയല്ല, കൂടുതൽ വളർത്തുന്നതിന് വേണ്ടിയാണെന്ന് ചിന്തിക്കുന്നവർ ഇവിടെ കുറവ്

മിൻ്റാ സോണി

(KVARTHA) പലപ്പോഴും മനുഷ്യരായ നാം എന്തെങ്കിലും ഒരു നിസ്സാരകാര്യങ്ങൾ വരുമ്പോൾ തളർന്നുപോകുന്നവരാണ്. പിന്നീട് മുന്നോട്ട് ഒന്നും ചിന്തിക്കുകയില്ല. ഇവിടം കൊണ്ട് തൻ്റെ ജീവിതം അവസാനിച്ചു എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം പേരും. പ്രതിസന്ധികളും പ്രതികൂലങ്ങളും വളരുമ്പോൾ അത് നമ്മെ പരാജയപ്പെടുത്തുകയല്ല, കൂടുതൽ വളർത്തുന്നതിന് വേണ്ടിയാണെന്ന് ചിന്തിക്കുന്നവർ ഇവിടെ കുറവ്. എന്തെങ്കിലും വിഷമം ഉണ്ടാക്കുന്ന ചെറിയ കാര്യങ്ങൾ മതി ഒരു മുഴം കയർ എടുത്ത് ജീവിതം തന്നെ അവസാനിപ്പിക്കാൻ. 

Life crisis

എല്ലാ പ്രതിസന്ധികൾക്ക് അപ്പുറം ഒരു വലിയ ജീവിതവും ഒരു വലിയ ലോകവും ഉണ്ടെന്ന് ചിന്തിക്കുന്നവർ മാത്രമേ എന്നും വിജയിച്ചിട്ടുള്ളു. അത്തരക്കാർക്ക് എന്ത് പ്രതികൂലങ്ങൾ വന്നാലും എങ്ങനെ അതിനെ മറികടക്കാം എന്നുള്ള ചിന്തയാവും ഭരിക്കുക. അവർ അതിനുള്ള വഴികൾ സ്വയം ചിന്തിച്ചുകൊണ്ടിരിക്കും. തളരാതെ പോരാടും. അത്തരത്തിലൊരു കഥയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

വെള്ളത്തിൽ പതുങ്ങിയിരുന്ന വലിയ ഒരു തവളയെ ഒരിക്കൽ ഒരു കൊക്ക് തന്റെ കൊക്കിൽ കൊത്തിയെടുത്തു. തവളയുടെ നടുഭാഗമാണ് കൊക്കിൽ ഒതുങ്ങിയത്. തവള മരണം മുന്നിൽ കണ്ട നിമിഷം. തലയും കൈകാലുകളും സ്വതന്ത്രമായിരുന്നു. അവസാന ശ്രമം എന്ന നിലയിൽ തവള കൈകൾ രണ്ടും കൊണ്ട് കൊക്കിന്റെ നീണ്ട കഴുത്തിൽ മുറുക്കിപ്പിടിച്ചു. കഴുത്തിലെ പിടി വിടാതെ കൊക്കിന് തവളയെ വിഴുങ്ങാൻ സാധിക്കില്ല. ഗത്യന്തരമില്ലാതെ കൊക്ക് തവളയെ വിടേണ്ടി വന്നു. 

ഇതാണ് മനുഷ്യനേക്കാൾ എത്രയോ താ‌ഴെത്തട്ടിലുള്ള ജീവി ചെയ്തത്. നമ്മളൊക്കെ വലിയ സംഭവങ്ങളാണെന്ന് ഭാവിക്കുമെങ്കിലും ഇതുപോലെ വരുന്ന ചില ചുറ്റുപാടുകളിൽ നമ്മുടെ വീര്യവും ശൂരത്വവുമൊക്കെ ചോർന്നു പോകുന്നതാണ് പലപ്പോഴും കാണാറുള്ളത്. എല്ലാം തികഞ്ഞ മനുഷ്യൻ ഒരു ചെറിയ വിഷമം നേരിടുമ്പോൾ തന്നെ പരിഭ്രമവും സങ്കടവും താങ്ങാൻ ആവാതെ പെട്ടന്ന് തന്നെ ജീവിതം സ്വയം അവസാനിപ്പിക്കാനാണ് തുനിയുന്നത്.  ഇന്ന് നമ്മുടെ കേരളത്തിൽ ആത്മഹത്യകൾ കൂടി വരുന്നതിനുള്ള പ്രധാനകാരണവും മനുഷ്യമനസ്സിൻ്റെ ബലമില്ലായ്മ അല്ലെങ്കിൽ ധൈര്യമില്ലായ്മയാണ്.

ഒരു പരീക്ഷയിൽ തോറ്റാൽ കുട്ടികൾ ഉടൻ തീരുമാനിക്കും, എനിക്ക് ഇനി ഒരു ജീവിതമില്ല എല്ലാം ഒറ്റയടിക്ക് തീർത്തേക്കാമെന്ന്. ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഗാർഹിക പീഡനത്തിനും മറ്റും ഇരയാകപ്പെടുന്ന സ്ത്രീകൾ അപ്പോൾ തന്നെ ഒരു മുഴം കയർ എടുത്ത് ആത്മാവിനെ നശിപ്പിച്ചിരിക്കും. എന്നാൽ ഇവരൊന്നും പരിശ്രമിച്ച് ഒറ്റക്കാലിൽ നിൽക്കാൻ പഠിക്കുന്നില്ല എന്നതാണ് വാസ്തവം. ഇതുകൊണ്ട് എന്ത് നേടി? വളരെക്കാലം ആസ്വദിച്ച് ജീവിക്കേണ്ട ഈ ജീവിതം നമ്മളായിട്ട് തന്നെ നശിപ്പിക്കുന്നു. അതല്ലെ വാസ്തവം. മരണം എന്താണെന്ന് പോലും അറിയാൻ ഇടയില്ലാത്ത കൊച്ചു കുട്ടികൾ മുതൽ പക്വതയും പ്രായവും ഏറിയ മുതിർന്ന വ്യക്തികൾ വരെ നിസ്സാര കാരണങ്ങളിൽ മനമുടഞ്ഞു ആത്മഹത്യ ചെയ്യുന്ന പ്രവണത ഈയിടെ വർദ്ധിച്ചു വരികയാണ്.

മരിക്കാൻ വേണ്ടി വരുന്ന ധൈര്യമോ ബുദ്ധിയോ സമർത്ഥ്യമോ ഒക്കെ തന്നെ തുടർന്നും ജീവിക്കാൻ ഉപകരിപ്പിക്കുകയാണെങ്കിൽ ജീവിതത്തിൽ മറ്റൊരു തലത്തിലേയ്ക്ക് ആകും ഉയർത്തപ്പെടുക. എന്തെങ്കിലും നിസാര പ്രശ്നങ്ങളുടെ പേരിൽ ജീവിതം നശിപ്പിക്കുന്നവർക്ക് മാത്രമല്ല തുടർന്ന് പ്രശ്നം, അവരെ വളരെയധികം സ്നേഹിച്ച അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കുമെന്ന സത്യം തിരിച്ചറിയുകയാണ് വേണ്ടത്. ആത്മാർത്ഥമായതും തുടർച്ചയായതുമായ പരിശ്രമം ഒരിക്കലും വിജയിക്കാതിരിക്കില്ല. 

ആത്മഹത്യ നമ്മൾ ഒരാളെ കൊല്ലുന്നതിന് തുല്യമാണ്. പാടില്ലാത്തതാണ്. ഇത് ആണ് ലോകതത്വവും ലോകസത്യവും. ഇത് മനസിലാക്കി മുന്നേറിയവരാണ് ഏത് ലോകവും പ്രതിസന്ധികളും കീഴടക്കിയിട്ടുള്ളത്. തീയിൽ കുരുത്ത ഇല വാടില്ലെന്ന് പറയുന്നപോലെ. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുവെന്ന് വിജയം വരിച്ചിട്ടുള്ള ഏത് വ്യക്തിയ്ക്കും മുൾപ്പടർപ്പ് പോലും കിടക്കാൻ പറ്റിയ ഒരു പൂമെത്തയാകും.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia