ആത്മഹത്യ, ഒളിച്ചോട്ടം, തിരിച്ചു പോക്ക് ഏത് സ്വീകരിക്കണം?

 


ADVERTISEMENT

കൂക്കാനം റഹ്മാന്‍

പ്രിയപ്പെട്ട സാറിന്,

എങ്ങിനെ എഴുതണമെന്നെനിക്കറിയില്ല. കുറേകാലമായി മനസിലിട്ടു നടക്കുന്ന വേദന സാറിനെ അറിയിക്കുകയാണ്. പ്രതിവിധി പറഞ്ഞു തരണം. ജീവിതം ഇവിടെ അവസാനിപ്പിക്കണോ, തുടര്‍ന്നു കൊണ്ട് പോകണോ എന്ന തീരുമാനമെടുക്കാന്‍ ആവുന്നില്ല. ജീവിതം അവസാനിപ്പിച്ചാല്‍ ഞാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ലോകം അറിയാതെ പോകും. എന്നെ പോലുളള പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം കെണികളില്‍ വീണുപോവാതിരിക്കാനെങ്കിലും എന്റെ അനുഭവം ഒരുപാഠമായെങ്കില്‍ എന്നും ഞാന്‍ ആശിക്കുന്നു.

എന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഒരു മനുഷ്യന്റെ  കൂടെ ഇറങ്ങിത്തിരിച്ചവളാണ് ഞാന്‍. പ്രേമം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍ ഒന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല. കണ്ണിലെ കൃഷ്ണമണി പോലെ എന്നെ നോക്കി വളര്‍ത്തിയ അമ്മയെ, എനിക്ക് താങ്ങും തണലുമായി നിന്ന അച്ഛനെ, എന്നെ പൊന്നു പോലെ സ്‌നേഹിച്ച ചേട്ടനെ എല്ലാം ഞാന്‍ മറന്നു. അവരെ വേദനിപ്പിച്ചാണ് ഞാന്‍ ഈ മനുഷ്യന്റെ കൂടെ ഇറങ്ങിത്തിരിച്ചത്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴേ അയാള്‍ എന്നെ നോട്ടമിട്ടിരുന്നു. അത് ഞാന്‍ അറിഞ്ഞത് എന്റെ കൂട്ടുകാരികളില്‍ നിന്നാണ്. ഹൈസ്‌കൂളിലെത്തിയപ്പോഴും അയാള്‍ എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഞങ്ങള്‍ വ്യത്യസ്ത സമൂദായത്തില്‍ പെട്ടവരാണ്. കൂട്ടുകാരികളുടെയും സഹപാഠികളുടെയും ഇടയില്‍ ഞാനൊരു ഹീറോയിന്‍ ആയിമാറി. എല്ലാവരും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ എനിക്കും വാശിയായി. എന്തായാലും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ലെന്ന അവസ്ഥ സംജാതമായി. ഞാനും അങ്ങോട്ട് പ്രണയിക്കാന്‍ തുടങ്ങി. കണ്ട് സംസാരിക്കാന്‍ തുടങ്ങി. നിത്യവും കാണാതിരിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തി.

പത്താം ക്ലാസ് പരീക്ഷകഴിയാന്‍ കാത്തു നില്‍ക്കുകയായിരുന്നു  ഞങ്ങള്‍.. വീട്ടുകാരറിയാതെ എല്ലാം കെട്ടിപെറുക്കി അയാളൊന്നിച്ച് ഇറങ്ങി പുറപ്പെട്ടു. വിവാഹിതരായി. പ്രണയകാല മധുരം അതിന്റെ സുഖം… കാണാനും പറയാനും ഉളളവെമ്പല്‍… അതൊക്കെ എനിക്കെന്നും സ്വന്തമാവുമെന്ന വിശ്വാസത്തോടെ അയാളുടെ കരം ഗ്രഹിച്ചവളാണ് ഞാന്‍.

ആദ്യനാള്‍ മുതല്‍ അയാളുടെ വീട്ടുകാരുടെ ആട്ടും തുപ്പും സഹിക്കേണ്ടി വന്നു. വലിഞ്ഞു കേറിവന്നവള്‍... കീഴ്ജാതിക്കാരി... ഹോ ഇത്തരം കമന്റുകള്‍ കേട്ടപ്പോള്‍ ഇറങ്ങി ഓടാന്‍ തോന്നിയതാണ്. അയാളുടെ സ്‌നേഹ സാമീപ്യം കിട്ടുമെന്നോര്‍ത്തപ്പോള്‍ അതൊക്കെ ക്ഷമിച്ചു. ഒരാഴ്ച കഴിഞ്ഞു കാണും അയാളുടെ മട്ടും മാറി. അയാളുടെ അമ്മപെങ്ങന്മാരൊപ്പം നിന്ന് എന്നെ കളിവാക്കുകള്‍ കൊണ്ട് മുറിവേല്‍പിക്കുന്നതില്‍ അയാള്‍ സന്തോഷം കണ്ടെത്താനാരംഭിച്ചു.

ഒരു മാസം കഴിഞ്ഞു. എന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി താമസം വാടക ക്വാര്‍ട്ടേര്‍സിലേക്ക് മാറ്റി. സ്‌നേഹിച്ച് മധുരവാക്കുകള്‍ പറഞ്ഞ കണ്ടാലും കണ്ടാലും മതിവരുന്നില്ല എന്ന തേന്‍ വാക്കുകള്‍ പറഞ്ഞ ആ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ എന്നെ വഞ്ചിക്കുകയായിരുന്നു. എന്നും പീഡനം തന്നെ. അയാള്‍ എവിടെ പോകുന്നു, എന്തിനു പോകുന്നു എന്നൊന്നും പറയില്ല. കേവലം ഒരന്യയെപോലെ. അയാളുടെ ലൈംഗിക പൂര്‍ത്തീകരണത്തിനുളള ഒരു ഉപകരണമായി മാത്രമെ എന്നെ അയാള്‍ കണ്ടുളളൂ.

ഇനി എന്റെ വീട്ടിലേക്ക് തിരിച്ചു പോവാന്‍ പറ്റില്ല. അവരെ അവഗണിച്ചു ഇറങ്ങി പുറപ്പെട്ടവളാണ് ഞാന്‍. ഒരു വ്യാഴവട്ടം ഇയാളുടെ കൂടെ നരക ജീവിതം നയിക്കുകയായിരുന്നു ഞാന്‍. സുഖകരമായ ഒരു ലൈംഗിക ബന്ധം പോലും ഞാന്‍ ഇഷ്ടപ്പെട്ടു നടത്തിയില്ല. ബലാല്‍സംഗം ചെയ്യുന്നതു പോലുളള പ്രക്രിയയില്‍ രണ്ട് മക്കളുടെ അമ്മയായി ഞാന്‍. അവര്‍ക്കൊരു അച്ഛന്‍ വേണ്ടേ എന്നനിലയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ഇത്രയും കാലം. മക്കളുടെ മുമ്പിലിട്ട് അടിയും, തൊഴിയും അവഹേളനവും തുടങ്ങിയപ്പോള്‍ ഒട്ടും സഹിക്കാന്‍ കഴിഞ്ഞില്ല.

വരുന്നതു വരട്ടെ എന്നു കരുതി മക്കളെയും കൂട്ടി ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു ചെന്നു.. എന്നെ തൊഴിച്ചു പുറത്തു ചാടിക്കും എന്നു കരുതിയാണ് വീട്ടില്‍ ചെന്നത്. പക്ഷേ ഉണ്ടായത് നേരെ മറിച്ചും. കണ്ണീരോടെ അച്ഛനും അമ്മയും എന്നെ ആശ്ലേഷിക്കുകയാണ് ചെയ്തത്. എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു. ഇനി തിരിച്ച് അയാളുടെ കൂടെ പോകേണ്ടെന്ന് അവരും പറഞ്ഞു. മക്കളെ സംരക്ഷിച്ചു കൊളളാമെന്ന് വീടുകാര്‍ ഉറപ്പുതന്നു.
ആത്മഹത്യ, ഒളിച്ചോട്ടം, തിരിച്ചു പോക്ക് ഏത് സ്വീകരിക്കണം?

സ്വന്തം വീട്ടിലെത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതി. ഒരു ദിവസമെങ്കിലും വഴക്കുകേള്‍ക്കാതെ അടികൊളളാതെ കിടക്കാമല്ലോ എന്നോര്‍ത്തുപോയി. അന്നു വൈകിട്ട് ഞാന്‍ അനുഭവിച്ച പീഡനങ്ങള്‍ ഓരോന്നും അമ്മയോട് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് അമ്മ വേറൊരു സംഭവം പറഞ്ഞത്.

എന്നെ സ്‌നേഹിച്ച ഒരു പുരുഷന്‍ ഉണ്ടായിരുന്നു. അദ്ദേഹം വിവാഹാലോചനയുമായി വീട്ടില്‍ വന്നിരുന്നു. പരീക്ഷ കഴിഞ്ഞ് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് പറഞ്ഞു വിട്ടതാണ്. അദ്ദേഹം എന്നെ ജീവനെപോലെ സ്‌നേഹിച്ചിരുന്നു പോലും. ആ യഥാര്‍ത്ഥ പ്രണയത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നില്ല.

അദ്ദേഹം ഇപ്പോള്‍ ഗള്‍ഫിലാണ്. നാട്ടില്‍ അധ്യാപകനായിരുന്നു. പ്രണയ നൈരാശ്യം മൂലം അദ്ദേഹം നാടുവിട്ടു. ഗള്‍ഫിലാണിപ്പോള്‍ സ്വസമുദായക്കാരനാണ്. ഇപ്പോഴും അച്ഛനെയും ജേഷ്ഠനേയും വിളിക്കാറുണ്ട് പോലും അദ്ദേഹം.

അദ്ദേഹം ഇന്നും വിവാഹിതനായിട്ടില്ല. വേറൊരു പെണ്ണിന്റെ കൂടെയുളള ജീവിതം അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ലീവില്‍ നാട്ടില്‍ വന്നാല്‍ ഇവിടേക്ക് വരാറുണ്ടെന്നും എന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കാറുണ്ടെന്നും പറഞ്ഞു. മാത്രമല്ല എന്റെ മനസില്‍ തട്ടിയ കാര്യം ഇതാണ്. അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ എന്റെ പേര് പച്ചകുത്തിയിട്ടുണ്ടുപോലും! എന്നെ ഓര്‍ക്കാന്‍, എന്റെ പേര് കാണാന്‍, അതിലൂടെ എന്റെ മുഖം കാണാന്‍ അദ്ദേഹം ചെയ്ത കാര്യമാണിത്.

ഇതും കൂടി കേട്ടപ്പോള്‍ എന്റെ മനസ് പതറിപ്പോയി. ഇങ്ങിനെയും പ്രണയിക്കുന്നവരുണ്ടോ? എന്നെ ഓര്‍ത്ത് മാത്രം ഒരു ജീവിതം പഴാക്കിക്കളയുന്ന ആ നല്ല മനുഷ്യനെ ഓര്‍ത്ത് ഞാന്‍ വിങ്ങിപ്പൊട്ടി.

രണ്ട് പ്രണയങ്ങളെക്കുറിച്ചും ഓര്‍ത്തു പോയി. കെണിയില്‍ അകപ്പെടുത്തിയ പ്രണയവും, ഒന്നും പ്രതീക്ഷിക്കാതെ എന്നെ മനസിലിട്ട് തലോലിക്കുന്ന പ്രണയവും. ഒന്ന് കണ്ട് ഇറങ്ങി പുറപ്പെട്ട് അനുഭവിച്ചറിഞ്ഞത്. മറ്റൊന്ന് കാണാതെ, അനുഭവിക്കാതെ സ്‌നേഹം മാത്രം മനസ് കൊണ്ട് നല്‍കുന്നത്.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് അദ്ദേഹം വിളിച്ചു. അച്ഛന്‍ എന്റെ കഥയെല്ലാം അദ്ദേഹത്തോട് പറഞ്ഞു പോലും. ഇതേവരെ സുഖസുന്ദരമായി ജിവിക്കുന്നു എന്നാണ് എന്നെക്കുറിച്ച് അദ്ദേഹത്തോട് പറയാറ്. ഇന്നത്തെ എന്റെ അവസ്ഥ കേട്ടറിഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു പോലും. മറുപടി ഒന്നും പറയാനാവാതെ ഫോണ്‍ വെച്ചു എന്നാണ് അച്ഛന്‍ പറഞ്ഞത്.

രാത്രി ഏറെ വൈകി വീണ്ടും ഒരു ഫോണ്‍കാള്‍. ഗള്‍ഫില്‍  നിന്നു തന്നെ. അദ്ദേഹത്തിന്റെ വാക്കുകള്‍ അതേ പടി പകര്‍ത്തുന്നു. 'എല്ലാം ഞാന്‍ ക്ഷമിച്ചോളാം. എന്റെ ഏകാന്തജീവിതത്തിന് വിരാമമിടാന്‍ ഞാന്‍ കൊതിക്കുന്നു. എന്റെ കാത്തിരിപ്പിന് ഫലമുണ്ടായി. ഞാന്‍ അവളേയും അവളുടെ കുഞ്ഞുങ്ങളെയും സംരക്ഷിച്ചോളാം. ഇവിടെ എനിക്ക് സ്വന്തമായി ഫ്‌ളാറ്റും സൗകര്യവുമുണ്ട്. അവര്‍ക്കുളള വിസയെടുത്ത് അയച്ചു തരാം. വിവാഹം ഇവിടെവെച്ച് നടത്തിക്കോളാം. തയ്യാറാണോ എന്ന് അവളോട് ചോദിച്ചു മറുപടി തരൂ'.

ആത്മഹത്യ, ഒളിച്ചോട്ടം, തിരിച്ചു പോക്ക് ഏത് സ്വീകരിക്കണം?
Kookkanam Rahman
(Writer)
അച്ഛന്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വളളിപുളളി തെറ്റാതെ എന്നോട് പറഞ്ഞു. ഇനി സാര്‍ പറയൂ. ഞാന്‍ വീണ്ടും രണ്ട് മക്കളുടെ അച്ഛനായ അദ്ദേഹത്തിന്റെ അടുത്തേക്ക്, അല്ല നരകത്തിലേക്ക് പോകണോ? അതോ എന്നെ മനസ്സില്‍ വെച്ച് പൂജിക്കുന്ന, എന്റെ സാമീപ്യം കൊതിച്ചു കൊണ്ടു മാത്രം ജിവിക്കുന്ന, എന്റെ എല്ലാ തെറ്റുകളും ക്ഷമിക്കാന്‍ തയ്യാറായി എന്നെ സ്വീകരിക്കാന്‍ ഇരുകയ്യും നീട്ടി നില്‍ക്കുന്ന വ്യക്തിയുടെ അടുത്തേക്ക് ചെല്ലണോ?

ഞാന്‍ സുഖം നോക്കി പോയെന്ന് സമൂഹം പറയുമോ? മക്കളെയും കൊണ്ട് ഒളിച്ചോടിയെന്ന് വാര്‍ത്ത വരുമോ? ഇതൊന്നും വേണ്ടായെന്ന് വെച്ച് എന്റെ പൊന്നു മക്കളെയും കൂട്ടി ഞങ്ങള്‍ ഒപ്പം ആത്മഹത്യ ചെയ്യണോ? ഇതില്‍ ഏത് സ്വീകരിക്കണമെന്ന് സാര്‍ പറഞ്ഞു തരില്ലേ? .

                      -സ്‌നേഹാദരങ്ങളോടെ അങ്ങയുടെ ശിഷ്യ.

Keywords: Suicide, Escape, Missing, Letter, Teacher, Sir, Student, Kookkanam Rhman, Father, Lover, Mother, Assault, Attack, Suicide, elope, return to home?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia