Sholay | തിയേറ്ററുകളെ ഇളക്കിമറിച്ച ഷോലെ അരനൂറ്റാണ്ടിലേക്ക്: സിനിമയിലെ രസകരമായ സംഭവ വികാസങ്ങള്‍ എന്തൊക്കെ?

 
Sholay, Indian cinema, Bollywood, Amitabh Bachchan, Dharmendra, Ramesh Sippy, Salim-Javed, classic films, Bollywood history

Image Credit: Instagram/ Ashwin Sanghi

ചിത്രത്തിലെ ഓരോ കഥാപാത്രവും അവസ്മരണീയമായിരുന്നു. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഓരോ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസില്‍ നിന്നും വിട്ടുപോയിട്ടില്ല. 
 

അര്‍ണവ് അനിത

മുംബൈ: (KVARTHA) 49 കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യന്‍ സിനിമയിലെ ഐതിഹാസിക ചിത്രമായ ഷോലെ വെള്ളിത്തിരയിലെത്തിയത്. ഗുരു ദത്തിന്റെ ചലച്ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ പിറന്ന, അന്നും ഇന്നും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സിനിമയാണ് രമേഷ് സിപ്പിയുടെ ഷോലെ. നായകന്മാരായ ജയ് (അമിതാഭ് ബച്ചന്‍), വീരു (ധര്‍മ്മേന്ദ്ര), നായിക ബസന്തി(ഹേമ മാലിനി) എന്നിവരുടെ ജനപ്രീതിക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 'ധന്നോ' എന്ന കുതിര പോലും ഷോലെയിലെ അവിസ്മരണീയമായ കഥാപാത്രമായി മാറി. 

ജപ്പാന്‍ ചലച്ചിത്രകാരനായ അക്കീര കുറോസോവയുടെ സെവന്‍ സാമുറായ് എന്ന സിനിമയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് രമേഷ് സിപ്പി ഷോലെ ഒരുക്കിയത്. കാലാതിവര്‍ത്തിയായ സിനിമകളാണ് സെവന്‍ സാമുറായിയും ഷോലെയും. കഥ പറച്ചില്‍ മാത്രമല്ല, ദൃശ്യചാരുതയും അഭിനയമികവും സംവിധായകന്റെ കരവിരുതും ഷോലെയില്‍ നിറഞ്ഞുനില്‍ക്കുന്നു. ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ പറയാം.


തിരക്കഥാകൃത്തുക്കളായ സലിം-ജാവേദിന്റെ യഥാര്‍ത്ഥ കഥ വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനെ കുറിച്ചായിരുന്നു. എന്നാല്‍ പ്രതികാരം ചെയ്യാന്‍ രണ്ട് കുറ്റവാളികളെ നിയമിക്കുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായി ഈ കഥാപാത്രത്തെ പിന്നീട് മാറ്റുകയായിരുന്നു. സഞ്ജീവ് കുമാര്‍ അവതരിപ്പിച്ച താക്കൂര്‍ ബല്‍ദേവ് സിംഗ് എന്ന കഥാപാത്രത്തിന്റെ പേര് സലിമിന്റെ ഭാര്യാ പിതാവിന്റെ യഥാര്‍ത്ഥ പേരാണ്.


ഗബ്ബാര്‍ സിംഗ് എന്ന ക്രൂരനായ വില്ലന്‍, ഠാക്കൂറിന്റെ മുഴുവന്‍ കുടുംബത്തെയും കൊല്ലുന്ന രംഗം - സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ്- ചിത്രീകരിക്കാന്‍ 23 ദിവസമെടുത്തു. അന്നത്തെ ഹിന്ദി സിനിമയില്‍ അത് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. അതുപോലുള്ള മറ്റൊരു സീനാണ് അമിതാഭ് ബച്ചനും ഹേമമാലിനിയും തമ്മിലുള്ള പ്രണയ രംഗം. 

മൗത്ത് ഓര്‍ഗന്‍ വായിക്കുമ്പോള്‍ ജയ് (അമിതാഭ് ബച്ചന്‍) രാധയെ നോക്കുമ്പോള്‍ (ജയ ബച്ചന്‍) വിളക്കുകള്‍ കെടുത്തുന്ന സീന്‍ 20 ദിവസത്തോളം ചിത്രീകരിച്ചു. സൂര്യാസ്തമയത്തിനും രാത്രിക്കും ഇടയില്‍ ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന 'മാജിക് അവറില്‍' ഈ രംഗം ചിത്രീകരിക്കണമെന്ന് സിപ്പിയും ക്യാമറാമാന്‍ ദ്വാരക ദിവേചയും തീരുമാനിച്ചത് കൊണ്ടാണ് ഇത്രയും ദിവസം എടുത്തത്.

ഠാക്കൂര്‍, ഗബ്ബാര്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍ എന്നിവര്‍ക്ക് പകരം പ്രഗല്‍ഭരായ മറ്റ് ചില അഭിനേതാക്കളെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. താക്കൂറിന് വേണ്ടി ദിലീപ് കുമാറിനെ സമീപിച്ചെങ്കിലും അദ്ദേഹം ആ വേഷം നിരസിക്കുകയായിരുന്നു. ആ സമയത്ത് ധര്‍മ്മത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ഡാനി ഡെന്‍സോങ് പയ്ക്ക് ഗബ്ബാറിന്റെ വേഷം ഏറ്റെടുക്കാനായില്ല.  


അമിതാഭ് ബച്ചനെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെങ്കിലും കാസ്റ്റിംഗില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നു. കാരണം മറ്റൊന്നുമല്ല, അതിന് മുമ്പിറങ്ങിയ ബച്ചന്‍ ചിത്രങ്ങളെല്ലാം എട്ട് നിലയില്‍ പൊട്ടിയിരുന്നു. അതുകൊണ്ട് ഷോലെയുടെ വിതരണക്കാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷെ, സലിം ഖാനും ധര്‍മേന്ദ്രയ്ക്കും ബച്ചനെ വലിയ വിശ്വാസമായിരുന്നു. അമിതാഭ് ബച്ചന്‍-ധര്‍മേന്ദ്ര ടീമിന്റെ ജയ്, വീരു എന്നീ കഥാപാത്രങ്ങള്‍ രാജ്യത്തെ 'യഥാര്‍ത്ഥ സൗഹൃദ'ത്തിന്റെ തരംഗമായി മാറി.  ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബച്ചന്റെ ശരീരത്ത് യഥാര്‍ത്ഥ വെടിയുണ്ട തുളച്ചുകയറി.

സംഭവത്തെ കുറിച്ച് അമിതാഭ് ബച്ചന്റെ പ്രതികരണം:

'ഒരു സീന്‍  ചിത്രീകരിക്കുമ്പോള്‍, ധരം ജി (ധര്‍മേന്ദ്ര) താഴെയും ഞാന്‍ കുന്നിന്‍ മുകളിലുമായിരുന്നു. ധരം ജി ഒരു പാക്കറ്റ് തുറന്ന് വെടിമരുന്ന് എടുക്കുന്നു. വെടിയുണ്ടകള്‍ എടുക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ വെടിമരുന്ന് നിറയ്ക്കുന്നത് പലതവണ പരാജയപ്പെട്ടു. അതോടെ ധരം ജി വളരെ പ്രകോപിതനായി. 

അദ്ദേഹം എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, ഒടുവില്‍ വെടിയുണ്ട തോക്കില്‍ ഇട്ടു, അവ യഥാര്‍ത്ഥ വെടിയുണ്ടകളായിരുന്നു!  ഷോട്ട് ശരിയാകാത്തതില്‍ പ്രകോപിതനായ അദ്ദേഹം വെടിയുണ്ട നിറച്ച് തോക്ക് എടുത്ത് വെടിവച്ചു.  കുന്നിന്‍ മുകളില്‍ നിന്ന എന്റെ ചെവിക്ക് അടുത്തൂടെ പോയപ്പോള്‍ 'ഹൂഷ്' എന്ന ശബ്ദം ഞാന്‍ കേട്ടു' അമിതാഭ് ബച്ചന്‍ പറഞ്ഞു.


ഗബ്ബാര്‍ - ഠാക്കൂര്‍ കൊല്ലപ്പെടുന്നിടത്ത് ഷോലെയ്ക്ക് വ്യത്യസ്തവും അക്രമാസക്തവുമായ ഒരു പര്യവസാനം ഉണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അതിനെ എതിര്‍ത്തു. ഗബ്ബാര്‍ കൊല്ലപ്പെട്ടാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നു. സിനിമയുടെ റിലീസ് വൈകിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ സിനിമയുടെ ക്ലൈമാക്സ് മാറ്റാന്‍ സംവിധായകന്‍ രമേഷ് സിപ്പി സമ്മതിച്ചു.  

ഷോലെ ഇന്നത്തെ ഐതിഹാസിക സിനിമ ആകുന്നതിന് മുമ്പ് നാല് വരി ആശയം മാത്രമായിരുന്നു. ചിത്രത്തില്‍ ധര്‍മേന്ദ്രയുടെ വീരു മദ്യപിച്ച ശേഷം വാട്ടര്‍ ടാങ്കില്‍ കയറുന്ന രംഗം പൂര്‍ത്തിയായ തിരക്കഥയില്‍ ഇല്ലായിരുന്നു. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് ജാവേദ് അക്തര്‍ ഈ രംഗം എഴുതിയത്.

ആറ് മാസം കൊണ്ട് സിനിമ തീര്‍ക്കാനാണ് രമേഷ് സിപ്പി തീരുമാനിച്ചിരുന്നത്. എന്നാല്‍ അമിതാഭ് ബച്ചനും ജയാ ബച്ചനും 1974 മെയില്‍ തങ്ങളുടെ ആദ്യ കണ്‍മണി പിറന്നതിനാല്‍ മാസങ്ങളോളം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സെപ്തംബറിലാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്.

അടുത്തകാലത്ത് ത്രി ഡിയിലാക്കി, ഡോള്‍ബി സൗണ്ടില്‍ ഷോലെ വീണ്ടും തിയേറ്ററുകളിലെത്തിയിരുന്നു. അപ്പോഴും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷോലെ അരനൂറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍ വീണ്ടും തിയേറ്ററുകളില്‍ തിരയിളക്കം സൃഷ്ടിക്കാനെത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

#Sholay #Bollywood #IndianCinema #ClassicMovies #AmitabhBachchan #Dharmendra #CinemaHistory #Nostalgia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia