Nostalgia | വല്ലിച്ചയുടെ വരവുകൾ; കാലം മായ്ക്കാത്ത ഓര്‍മ്മകള്‍
● എംടിപി അബൂബക്കർ 40 വർഷം മുമ്പ് നിര്യാതനായി
● നല്ലൊരു മതഭക്തനായിരുന്നു
● അദ്ദേഹത്തിൻ്റെ വരവ് കുഞ്ഞുങ്ങളായ ഞങ്ങൾക്ക് ഭയങ്കര സന്തോഷമാണ്
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 26
(KVARTHA) എനിക്കൊരു വല്ലിച്ച (വലിയ ഇച്ച) ഉണ്ടായിരുന്നു. മൂപ്പര് ഉമ്മുമ്മയുടെ ആങ്ങളയാണ്. പേര് എം.ടി.പി. അബൂബക്കർ. അവരുടെ താമസം പോത്താം കണ്ടമായിരുന്നു. പക്ഷെ 40 വർഷം മുമ്പ് അദ്ദേഹം മരിച്ചു പോയി. നീണ്ടു മെലിഞ്ഞ് വെളുത്ത താടിയുമുള്ള ഒരു രൂപം. നല്ല മതഭക്തനാണ്. ജീവിച്ചിരുന്ന കാലത്ത് ചീമേനിക്കപ്പുറമുള്ള പോത്താം കണ്ടത്തിൽ നിന്ന് 15-20 കി.മീ. നടന്ന് കുക്കാനത്തേക്ക് വരും. ആ വരവ് പെങ്ങളെ കാണാനായിരുന്നു. വിയർത്തൊലിച്ച് വീട്ടിലേക്ക് കയറി വരുന്ന ആ രൂപം ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്.
കക്ഷി നാല് പെണ്ണ് കെട്ടിയിട്ടുണ്ട്. ആദ്യത്തെ വിവാഹം കരിവെള്ളൂരിലെ സഖാവ് കുക്കോട്ട് ഇബ്രാഹിച്ചാൻ്റെ ഉമ്മയെയാണ്. രണ്ടാമത് മണക്കാടുള്ള എം.ടി.പി. മജീദിച്ചിൻ്റെ ഭാര്യ ആസിയയുടെ ഉമ്മയെ. മൂന്നാമത് കൂക്കാനത്തെ ഉച്ചൻ വളപ്പിലെ കൊഞ്ഞേൻ മമ്മിച്ചാൻ്റെ മകൾ കുഞ്ഞാമിനയെ, ഇവരെ മാത്രമെ എനിക്കറിയൂ. നല്ല ശാരീരിക ഔന്നത്യമുള്ള ആരോഗ്യമുള്ള സ്ത്രീ ആയിരുന്നു അവർ. ഞാനും എൻ്റെ വീട്ടുകാരും അവരെ അമ്മായി എന്നാണ് വിളിക്കുക. അവർക്ക് രണ്ട് പെൺമക്കളുണ്ട്. ബീഫാത്തിമ, ഉമ്മുകുൽസു. രണ്ടു പേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഇവരെ കൂടാതെ ഒരു മകനും അമ്മായിക്കുണ്ട്. അവൻ വേറെ ആരുടെയോ മകനാണ്. വലിച്ചാൻ്റെ അല്ല. അതിനു ശേഷമാണ് പോത്താം കണ്ടത്തിൽ പെണ്ണുകെട്ടുന്നത്. ആ സ്ത്രീയുടെ പേരോ അവരുടെ മക്കളെക്കുറിച്ചോ എനിക്കറിയില്ല. മാസത്തിൽ ഒരു തവണയെങ്കിലും വലിച്ച കൂക്കാനത്തെത്തും. അദ്ദേഹത്തിൻ്റെ വരവ് കുഞ്ഞുങ്ങളായ ഞങ്ങൾക്ക് ഭയങ്കര സന്തോഷമാണ്. വരുമ്പോൾ ഒന്നും കൊണ്ടു വരില്ല. പക്ഷേ ഉമ്മുമ്മ വലിച്ച വന്നാൽ നേർച്ച കഴിപ്പിക്കും. മുഹ്‌യുദ്ദീൻ മാലയാണ് സാധാരണ കഴിപ്പിക്കുക. അന്ന് കോഴിയെ അറക്കും, നെയ്ച്ചോറ് വെക്കും. ആ സന്തോഷമാണ് ഞങ്ങൾക്ക്.
മുഹ്‌യുദ്ദീൻ മാല കിത്താബ് മുമ്പിൽ ഉലത്തി വെച്ച് താളാത്മകമായി അദ്ദേഹം ചൊല്ലും. കുട്ടികളായ ഞങ്ങൾ താളത്തിൽ തലയും ശരീരവും ആട്ടിക്കൊണ്ടിരിക്കും. നേർച്ച കഴിയാൻ വെറിയോടെ കാത്തിരിക്കും. ഉമ്മുമ്മക്ക് എന്തെങ്കിലും വിഷമം തോന്നിയാൽ 'എൻ്റെ മെതീഷേഖ് തങ്ങളേ' എന്ന് വിളിച്ച് പ്രാർത്ഥിക്കുന്നത് കേൾക്കാം. അത് കൊണ്ട് തന്നെ ആ വിളി കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത ഭയം തോന്നും എന്തോ ആപത്ത് വരാൻ പോകുന്നത് പോലെ.
പിന്നെ വലുതായല്ലോ മനസ്സിലായി ആപത്തിൽ നിന്ന് കരകയറാനാണ് മുൻ കൂട്ടി ഉമ്മാമ്മ അങ്ങനെ വിളിച്ചിരുന്നെന്ന്. വിശ്വാസം രക്ഷിക്കുമെന്നല്ലേ, ആ വിശ്വാസത്തിലാകും ഉമ്മുമ്മയും ആ വിളി മുറുകെ പിടിച്ചിരുന്നത്. ഇന്നും ആരിൽ നിന്നെങ്കിലും ആ വിളി കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് വല്യച്ചയും ഉമ്മയുമൊക്കെയാണ്.
#Memories #Family #Nostalgia #Culture #Tradition #Aboobacker