രഞ്ജിനി ഹരിദാസ് പുരുഷനായിരുന്നെങ്കില്‍!

 


ADVERTISEMENT

ശ്രീജിത്ത് കൊണ്ടോട്ടി

സോഷ്യല്‍ മീഡിയകളില്‍ സംഘടിതമായി ആക്രമിക്കപ്പെടുകയും, ഹീനമായ രീതിയില്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് പൊതുവേ സ്ത്രീകളാണ്. ഈ അടുത്ത സമയത്ത് നടന്ന ചില സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഫേസ്ബുക്ക് ഗുണ്ടകളുടെ സ്ത്രീ വിരുദ്ധ മനോഭാവം വ്യക്തമാകും. മറുപക്ഷത്ത് സ്ത്രീകള്‍ ആകുമ്പോള്‍ പുരുഷ കേസരികളില്‍ പലരുടെയും പ്രതികരണങ്ങള്‍ അസഭ്യവര്‍ഷത്തോടെയുള്ള പ്രതികാരങ്ങള്‍ ആകുകയാണ് പതിവ്.

അധിക്ഷേപകരമായി സംസാരിച്ച അധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചിറങ്ങിപ്പോന്ന വിദ്യാര്‍ത്ഥിനി മുതല്‍ കണ്ണൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേ തന്നെ ശാരീരികമായി ഉപദ്രവിച്ച ചിലരെ 'തെറി'വിളിച്ച ചാനല്‍ അവതാരിക വരെയുള്ള നിരവധി പേര്‍ ഇങ്ങനെ ഇവരുടെ ഇരകളായിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ ഷെയര്‍ ചെയ്ത, ലൈക്കും, കമന്റുകളുമായി പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കില്‍ പലപേരുകളിലായി ഇങ്ങനെ പ്രചരിക്കുന്നുണ്ട്.

രഞ്ജിനി ഹരിദാസ് പുരുഷനായിരുന്നെങ്കില്‍!മുമ്പ് കണ്ണൂരില്‍ വച്ച് ഒരു പരിപാടിക്കിടെ തന്നെ ശാരീരികമായി ഉപദ്രവിച്ചവരെ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് ശകാരിക്കുന്ന ചാനല്‍ അവതാരക രഞ്ജിനി ഹരിദാസ് ആണ് അതിലെ കഥാപാത്രം. അതിനു താഴെ കേട്ടാല്‍ അറപ്പുളവാക്കുന്ന രീതിയില്‍ അസഭ്യ വര്‍ഷം ചൊരിയുന്നവരുടെ പ്രശ്‌നം രഞ്ജിനി തന്നെ ശല്യപ്പെടുത്തിയവരോട് പ്രതികരിച്ചു എന്നതുമാത്രമാണ് എന്ന് അവിടെ നിറഞ്ഞ കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. മറുത്തൊന്നും ഉരിയാടാതെ സാധാരണ സ്ത്രീകളെപ്പോലെ സര്‍വ്വം സഹയായി നിന്നിരുന്നു എങ്കില്‍ ആ 'ഒരുമ്പെട്ടവളെ' ഭാവശുദ്ധിയുള്ള ഭാരതസ്ത്രീയാക്കും ഇക്കൂട്ടര്‍.
താരാരാധന മൂത്ത് അടുത്തുകൂടിയ ഒരു പാവത്തെ സ്‌റ്റേജില്‍ നിന്ന് തള്ളി താഴെയിട്ട സൂപ്പര്‍ സ്റ്റാറിനെയോ, ഇഷ്ടതാരത്തിന് നേരെ കൈനീട്ടിയ ആരാധകനെ കൈ വീശി അടിച്ച മെഗാസ്റ്റാറിനെയോ ഒന്നും 'ഒരുമ്പെട്ടവന്‍മാര്‍' ആയി ചിത്രീകരിക്കില്ല എന്ന് മാത്രമല്ല അവരുടെ പൗരുഷ പ്രകടനങ്ങളെ പലപ്പോഴും വാഴ്ത്തിപ്പാടുകയും ചെയ്യും. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും, അത് ചോദ്യം ചെയ്ത വനപാലകന്റെ മൂക്കിന്റെ പാലം ഇടിച്ച് തകര്‍ത്ത് ഒളിവില്‍ പോകുകയും ചെയ്ത ഹാസ്യതാരത്തിനെതിന്റെ പ്രകടനം ചര്‍ച പോലും ആയില്ല. ക്യൂ തെറ്റിച്ചത് ഒരു സ്ത്രീയും പോലീസുകാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്തത് ഒരു പുരുഷനും ആണല്ലോ.! രണ്ടും ഏറെക്കുറെ ഒരേ സമയം നടന്ന സംഭവങ്ങള്‍ ആണ് എന്നതാണ് ഇതിലെ കൗതുകം.


രഞ്ജിനി ഹരിദാസ് പുരുഷനായിരുന്നെങ്കില്‍!
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടൊ
ബീവറേജസ് ഷോപ്പിന്റെ മുന്നില്‍ അല്ലാതെ മര്യാദക്ക് ക്യൂ നിന്ന് ക്ഷമയോടെ കാര്യങ്ങള്‍ നടത്തുന്ന ശീലം പൊതുവേ മലയാളികള്‍ക്കില്ല എന്നൊരാരോപണം നിലനില്‍ക്കുന്നുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ രഞ്ജിനി ഹരിദാസിനെയും, ബിനോയിയെയും പ്രതികള്‍ ആക്കി പോലീസ് കേസ് എടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. രഞ്ജിനി ക്യൂ തെറ്റിച്ചു എങ്കില്‍ തന്നെയും ബിനോയ് അധിക്ഷേപകരമായ ഭാഷയില്‍ ആണ് തുടക്കത്തില്‍ തന്നെ പ്രതികരിച്ചത് എന്ന് ചില ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്.

അതിനെതിരെ പ്രതികരണമാണ് സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞത് എന്നും. അതിനി എന്തോ ആകട്ടെ. രണ്ടുപേര്‍ക്കും എതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നുമുണ്ട്. പക്ഷെ ഇങ്ങനെ ഒരു വാര്‍ത്ത കേട്ട പാതി, കേള്‍ക്കാത്ത പാതി ഫേസ്ബുക്ക് ആഭാസന്മാര്‍ പ്രതികാര ബുദ്ധിയോടെ രഞ്ജിനിക്കെതിരെ തെറിവിളിയുമായി ഇറങ്ങിയിട്ട് ദിവസങ്ങളായി. ഇന്ത്യാവിഷന്‍ ലേഖികയെ (പൊതുവേ പ്രതികരിക്കുന്ന ഏതൊരു സ്ത്രീയെയും) സംബോധന ചെയ്ത 'തെരുവ് വേശ്യ', 'ഒരുമ്പെട്ടവള്‍', 'അഴിഞ്ഞാട്ടക്കാരി', 'തേവിടിശ്ശി' തുടങ്ങി നീചമായ ഭാഷയില്‍ തെറിവിളിയും, കൊലവിളിയും തന്നെ. ഹോം പേജില്‍ ഇത്തരം പോസ്റ്റുകള്‍ തുടര്‍ചയായി വന്ന് നിറയുന്നത് കാണുമ്പോള്‍ ജനാധിപത്യ രീതിയില്‍ സംവദിക്കാന്‍ പോലും അറിയാത്ത ഇത്തരക്കാരെ ഫ്രണ്ട് ലിസ്റ്റില്‍ ചേര്‍ത്തതില്‍ അപമാനം തോന്നുന്നു.!
രഞ്ജിനി ഹരിദാസ് പുരുഷനായിരുന്നെങ്കില്‍!
Sreejith Kondotty
(Writer)

ഫേസ്ബുക്ക് ഗുണ്ടകളുടെ സംഘടിത അതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന രഞ്ജിനി ഹരിദാസിനെ ഈ വിഷയത്തില്‍ ശക്തമായി പിന്തുണയ്ക്കുന്നു..!

Related Article:
മാധ്യമങ്ങളുടെ കാളപ്രസവവും പ്രതികരണക്കാരുടെ കയറെടുത്തോടലും
Keywords: Article, Sreejith Kondotty, Face book, Social Network, Ranjini, Complaint, Case, Comment, Post, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia