അര്‍ണവ് അനിത
തിരുവനന്തപുരം: (KVARTHA) സമ്മേളനത്തോടെ പാര്‍ട്ടിയെ ശക്തമാക്കാനും പുതിയ നേതൃത്വം കൊണ്ടുവരാനും സര്‍ക്കാരിലെ പുഴുക്കുത്തുകളെ പുറത്താക്കാനും സിപിഎം ശക്തമായ നടപടി തുടങ്ങി. അതിന്റെ ഭാഗമായാണ് സിപിഎം അംഗം പോലുമല്ലാത്ത പി.വി അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങളും പൊലീസുകാര്‍ ചെയ്തെന്ന് പറയുന്ന കുറ്റകൃത്യങ്ങളുടെ വിശദാംശംങ്ങളും ഒറ്റനോട്ടത്തില്‍ പിണറായി വിജയനെതിരെയുള്ള പടപ്പുറപ്പാടാണെന്ന് തോന്നുമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല.
പിണറായി വിജയന്‍ തന്നെയാണ് പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും അധികാരകേന്ദ്രം. ബ്രാഞ്ച് മുതല്‍ സംസ്ഥാന സമിതി വരെ അദ്ദേഹത്തെ കുറിച്ച് വിമര്‍ശനങ്ങളുണ്ടെങ്കിലും അതിലുമേറെ ആദരവാണുള്ളത്. കഴിഞ്ഞ ദിവസം തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ ആക്ഷേപം ഉയര്‍ന്നെങ്കിലും ഇപ്പോഴത് പി. ശശിക്കെതിരെയായി മാറിയിരിക്കുന്നു. കാരണം പി.വി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഗൗരവമുണ്ടെന്ന് താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് മനസിലായിത്തുടങ്ങി.
79 കാരനായ പിണറായി വിജയന് ആരോഗ്യ പ്രശ്നങ്ങളേറെയുണ്ട്, അതുകൊണ്ട് അദ്ദേഹം ഇനി പാര്‍ലമെന്ററി രംഗത്തേക്കോ, പാര്‍ട്ടിയുടെ തലപ്പത്തേക്കോ വരില്ലെന്ന് ഉറപ്പാണ്. അങ്ങനെയുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരും തിരിയില്ല. ബിജെപി സാന്നിധ്യം ശക്തമാകുന്നതിനാല്‍, പാര്‍ട്ടിയെ ശക്തമാക്കാന്‍, അദ്ദേഹത്തിന്റെയും എം.വി ഗോവിന്ദന്റെയും അറിവോട് കൂടിയാണ് പിവി അന്‍വര്‍ കളത്തിലിറങ്ങിയതും.
ഗോവിന്ദന്‍ മാഷെ പോലെ അവസരങ്ങള്‍ മുതലാക്കുന്ന മറ്റൊരു നേതാവ് സിപിഎമ്മിലുണ്ടോ എന്ന് സംശയമാണ്. പികെ ശശിയെയും ഇപി ജയരാജനെയും അദ്ദേഹം തക്കംനോക്കി ഒതുക്കിക്കളഞ്ഞു. പിണറായിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് താനിവിടെയുണ്ട് എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.
ആഭ്യന്തരവകുപ്പിലെ കാര്യങ്ങള്‍ നോക്കുന്ന പി.ശശി ഉദ്യോഗസ്ഥ ലോബിക്ക് ഒത്താശ ചെയ്യുകയും പാര്‍ട്ടിക്കാര്‍ക്കോ എംഎല്‍എമാര്‍ക്കോ വേണ്ടത്ര പരിഗണന കൊടുക്കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപം വളരെ നാളായി ഉയരുന്നുണ്ട്. ശശിയാണ് പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും നശിപ്പിച്ചതെന്നും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നാണക്കേടുണ്ടാക്കിയതെന്നും വരുത്തി തീര്‍ക്കാന്‍ പിവി അന്‍വറിന് കഴിഞ്ഞിട്ടുണ്ട്.
1980ല്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായ കാലം മുതല്‍ തനിക്കെതിരെ പലരും തിരിഞ്ഞിട്ടുണ്ടെന്നും ഇതൊന്നും പുതിയ കാര്യമല്ലെന്നും ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പി.ശശി വ്യക്തമാക്കിയിരുന്നു. അതായത് അന്‍വറും പിന്നിലുള്ളവരും ലക്ഷ്യമിടുന്നത് തന്നെയാണെന്ന് ശശിക്ക് ബോധ്യം വന്നുവെന്ന് അര്‍ത്ഥം. ശശിയെ ഉള്‍പ്പെടെ പലരെയും പുറത്താക്കി ശുദ്ധീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
അതായത് പിണറായി യുഗം അവസാനിക്കുകയാണ്. അതിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് സമ്മേളനങ്ങള്‍. 1998 മുതല്‍ 17 കൊല്ലം അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് പത്ത് കൊല്ലം മുഖ്യമന്ത്രിയായി. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒരു നേതാവിനും ഇതുപോലെ ശോഭിക്കാനായിട്ടില്ല. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും നിറസാന്നിധ്യമായി.
വിട്ടുപോയ അണികള്‍ തിരിച്ചുവരണം, അന്തസ് വീണ്ടെടുക്കണം എന്നാണ് പിവി അന്‍വര്‍ പറയുന്നത്. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിന് സിപിഎമ്മിനെ ശുദ്ധീകരിക്കേണ്ട ഉത്തരവാദിത്തമില്ല. എന്നാല്‍ ജനപ്രതിനിധി എന്ന നിലയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പി.ശശി മാത്രമാണോ സര്‍ക്കാരിനെ മോശമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നു. പൊലീസ് നടപടി മോശമായതിനാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 15 ലക്ഷത്തോളം വോട്ട് ഇടത് പക്ഷത്തിന് നഷ്ടമായി. അതിന് ഉത്തരവാദിത്തം പി.ശശി മാത്രമാണെന്ന് അന്‍വര്‍ പറയുന്നു.
ലോക്കല്‍, ഏരിയാ സെക്രട്ടറിമാര്‍ക്ക് നാട്ടിലെ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. ശശിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. പൊലീസിനെ കയറൂരി വിട്ടത് ശശിയാണ്. കോടിയേരിയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അന്‍വര്‍ പറയുന്നു. കോടിയേരിയുടെ കാലത്ത് കെ.എന്‍ ബാലഗോപാലായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. അദ്ദേഹത്തെ ഒരു കാര്യത്തിലും കോടിയേരി അടുപ്പിച്ചിരുന്നില്ല.
കാരണം കോടിയേരിക്ക് ആഭ്യന്തര, ടൂറിസം വകുപ്പുകളുടെ ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. പിണറായി മുഖ്യമന്ത്രിയായപ്പോഴുള്ള സാഹചര്യം അങ്ങനെയല്ല, അദ്ദേഹം ആഭ്യന്തരം ഉള്‍പ്പെടെയുള്ള നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പിണറായിയുടെ കാലത്ത് ആദ്യം പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നത് പുത്തലത്ത് ദിനേശാണ്. അന്ന് പൊലീസിനെതിരെ ഇത്തരത്തിലുള്ള ആക്ഷേപങ്ങളില്ലായിരുന്നു. അതുകൊണ്ട് പി.ശശി വന്നശേഷമാണ് ഇതെല്ലാം കുളമായതെന്ന് സ്ഥാപിക്കാന്‍ അന്‍വറിന് കഴിഞ്ഞിട്ടുണ്ട്.
സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ ശശിയെ മാറ്റേണ്ടത് അന്‍വറിന്റെ മാത്രമല്ല മറ്റ് പലരുടെയും ആവശ്യമാണ്. അതുകൊണ്ടാണ് ശശിക്കെതിരായ പരാതി പാര്‍ട്ടിക്ക് കൊടുക്കാന്‍ മുഖ്യമന്ത്രി അന്‍വറിന് നിര്‍ദ്ദേശം നല്‍കിയത്. പെണ്ണ് കേസില്‍പ്പെട്ട ശശിയെ തരം താഴ്ത്തിയിരുന്നു. അവിടെ നിന്ന് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് സംസ്ഥാന സമിതിയിലെത്തിയത്. പിന്നാലെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി.
ഇനി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. അതിന് കൂടി തടയിടുകയാണ് നീക്കം. പിവി അന്‍വറിനെ അതിന് ആരൊക്കെയോ ആയുധമാക്കുന്നു. സാധാരണ ഒരു നേതാവിനെതിരെ വിമര്‍ശനമുണ്ടായാല്‍ അത് ഒതുക്കി തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിക്കുകയും എല്ലാവരും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.
ശശിക്കെതിരെ പരാതിയുണ്ടെങ്കില്‍ എഴുതിത്തരാനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന് എ.കെ ബാലനും, വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കി. അതിനാല്‍ എല്ലാവര്‍ക്കും കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടെന്ന് വ്യക്തമാണ്. അത് ഏത് രീതിയിലാണ് പരിശോധിക്കുക എന്ന് കാത്തിരുന്ന് കാണാം.
#KeralaPolitics, #CPM, #PinarayiVijayan, #PSashi, #InternalFeud, #LeadershipChange