മിൻ്റാ സോണി
(KVARTHA) നമ്മുടെ ജീവിതത്തിൽ അച്ഛനാണോ അമ്മയാണോ വലിയ സ്വാധീനം ചെലുത്തുന്നതെന്നുള്ളത് വലിയൊരു ചോദ്യമാണ്. ചിലർക്ക് അവരുടെ ജീവിതത്തിൽ അച്ഛനാകും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാകുക. എന്നാൽ മറ്റു ചിലരുടെ ജീവതത്തിൽ അമ്മയും. പെൺകുട്ടികൾക്ക് പൊതുവേ അച്ഛന്മാരോടാണ് അടുപ്പമെന്നും ആൺകുട്ടികൾക്ക് അമ്മമാരോടാണ് അടുപ്പമെന്നുമൊക്കെ പൊതുവേ പഴയ ആളുകൾ പറയുന്നതും കേൾക്കാറുണ്ട്. എന്നാൽ മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാരും അച്ഛന്മാരും കുട്ടികൾക്ക് വേണ്ടി ഒരുപോലെ വളരെയേറെ ത്യാഗം സഹിക്കുന്നവരും മക്കളിൽ സ്വാധീനം ചെലുത്തുന്നവരും ആണ്. അതാണ് സത്യവും യാഥാർത്ഥ്യവും.
ഇത് സംബന്ധിച്ച ഒരു കഥയാണ് ഇവിടെ പറയുന്നത്. ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു. മക്കളായ ഞങ്ങളെ വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്? ആ അമ്മ തൻറെ മകനോട് പറഞ്ഞു, ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു. കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛൻറെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല. ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു. പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ അച്ഛൻ ഓടുകയായിരുന്നു. നമുക്ക് ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. ഒരിക്കൽ പോലും നല്ലൊരു വസ്ത്രം വാങ്ങി നിങ്ങളുടെ അച്ഛൻ ധരിച്ചിട്ടില്ല. അച്ഛൻറെ വിയർപ്പാണ് ഞാനും നിങ്ങളും ഈ കുടുംബവും.
ആ മകൻ ഇതേ ചോദ്യം അവൻറെ അച്ഛനോടു൦ ചോദിച്ചു, ആ അച്ഛൻറെ മറുപടി മറ്റൊന്നായിരുന്നു, നിങ്ങളുടെ അമ്മയുടെ ത്യാഗം അതെത്ര എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ അവൾ സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല, അറിയിച്ചിട്ടുമില്ല. അവളുടെ ക്ഷമയും സഹനവും ആണ് ഇന്ന് ഈ കുടുംബത്തെ ഇവിടെ വരെ എത്തിച്ചത്. അവൾക്കും ഉണ്ടായിരുന്നു ഇഷ്ടങ്ങൾ സ്വപ്നങ്ങൾ, അതെല്ലാം വേണ്ടെന്നു വയ്ക്കുകയായിരുന്നു, എനിക്കും നിങ്ങൾക്കും വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി. എന്റെ സാമ്പത്തികം അവളുടെ കയ്യിൽ ഭദ്രമായിരുന്നു. എന്റെ വരവുകൾ അറിഞ്ഞ് അവൾ ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം ഉള്ളത് അല്ലാതെ. അങ്ങനെ അവൾ എന്നോട് ചേർന്ന് നിങ്ങൾക്ക് വേണ്ടി പൊരുതുകയായിരുന്നു. അവളെക്കാൾ ത്യാഗം ഒന്നും എനിക്കില്ല.
ആ മകൻ അവന്റെ സഹോദരങ്ങളോട് പറഞ്ഞു, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ്. അതെ അച്ഛൻറെ ത്യാഗം മനസ്സിലാക്കുന്ന അമ്മയും അമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന അച്ഛനും അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്. അച്ഛനും അമ്മയും രണ്ടല്ല, അവർ ഒരു കിരീടത്തിലെ രണ്ടു പൊൻതൂവലുകൾ ആണ്. ഒരു കുടുംബത്തിലും മക്കൾ മാതാപിതാക്കളെ രണ്ടായി കാണരുത്. ഒന്നായി കണ്ട് ചേർത്തു നിർത്തുകയാണ് വേണ്ടത്. ഇതുപോലെയുള്ള നല്ല മാതാപിതാക്കൾ തങ്ങളുടെ എല്ലാ മക്കളിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നവർ തന്നെയാണ്. അവരുടെ മക്കൾക്ക് വേണ്ടിയുള്ള ത്യാഗവും ഒരുപോലെ തന്നെ. ഇതുപോലെയുള്ള നല്ല കുടുംബങ്ങളിൽ നിന്നാണ് നാടിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന നല്ല വ്യക്തിത്വങ്ങൾ ഉടലെടുക്കുന്നത്. അതിനാൽ മാതാപിതാക്കളെ ഒരുപോലെ സ്നേഹിക്കുക. കൂടുതൽ കൂടുതൽ ചേർത്തുപിടിക്കുക. തീർച്ചയായും അതൊരു അനുഗ്രഹം തന്നെ ആണ്.
Keywords: Article, Editor’s-Pick, Parent's Unconditional Love.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.