Controversy | സിപിഐയ്ക്ക് പ്രതിപക്ഷ ശബ്ദം; മുന്നണിയില്‍ സിപിഎം ഒറ്റപ്പെടുന്നു; പാര്‍ടിയിലും പടപ്പുറപ്പാട്

 
Opposition voice for CPI; CPM is isolated at the front, Kerala, Politics, Article, Controversy, Lok Sabha Election, Warning, Kerala News


ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് കൊണ്ടല്ല കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് വലിയ പരാജയമുണ്ടായത് 


സംസ്ഥാന സര്‍കാരിനും മുഖ്യമന്ത്രിക്കും എതിരായ ജനവികാരം എത്തിയിരിക്കുന്നത് ഉച്ചസ്ഥായിയില്‍

ദക്ഷ മനു

 

(KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം സിപിഎമിന്റെ അസ്ഥിവാരം വരെ ഇളക്കിയിരിക്കുകയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ അടക്കം പറയാതെ പറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ ശക്തമായ തിരുത്തല്‍ നടപടികളുണ്ടായില്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലേയും പോലെ തിരിച്ചുവരാനാകാത്ത സാഹചര്യം ഉണ്ടാകുമെന്ന് പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും ഇവിടുത്തെ പല സഖാക്കള്‍ക്കും നേരം വെളുത്തിട്ടില്ല. 

 

അവരിപ്പോഴും ഞങ്ങള്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. നിലവിലെ ഇന്‍ഡ്യന്‍ സാഹചര്യത്തിന് യോജിക്കാത്ത നിലപാടാണത്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് കൊണ്ടല്ല കേരളത്തില്‍ കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വലിയ പരാജയമുണ്ടായത്. 


ദേശീയരാഷ്ട്രീയ സാഹചര്യം മാറി, അതുപോലെ സംസ്ഥാന സര്‍കാരിനും മുഖ്യമന്ത്രിക്കും എതിരായ ജനവികാരം ശക്തമാണ്. നരേന്ദ്രമോദി സര്‍കാര്‍ രാജ്യത്തെ സമസ്ത മേഖലകളിലും അരാജകത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതില്‍ നിന്ന് എങ്ങനെയെങ്കിലും മോചനം വേണം എന്നാഗ്രഹിച്ചാണ് ജനം കോണ്‍ഗ്രസിനൊപ്പം നിന്നത്. ബിജെപിയെ ശക്തമായി എതിര്‍ക്കുന്നതില്‍ സിപിഎം മുന്നിലാണെങ്കിലും ദേശീയതലത്തില്‍ പാര്‍ടിക്ക് സ്വാധീനമില്ലാത്തതും കേരളത്തിലെ സര്‍കാരിന്റെ പിടിപ്പുകേടുമാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. 

എല്ലാ ജില്ലാ കമിറ്റികളിലും സിപിഐ സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് പെയ്തിറക്കിയത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. പാര്‍ടിയുടെ അവസ്ഥ അത്രയ്ക്ക് ദയനീയമാണ്. അത് മനസ്സിലാക്കാന്‍ നേതാക്കളില്‍ പലരും തയാറായിട്ടില്ല.

പരസ്പ്പരം തമ്മിലടിക്കുകയും കാര്യസാധ്യത്തിനായി ഒന്നിക്കുകയും ചെയ്യുന്ന നേതാക്കളുടെ കൂട്ടമായി സിപിഎം അധ:പ്പതിച്ചിരിക്കുന്നു. പി ജയരാജന്‍, ഇ പി ജയരാജന്‍ എന്നിവരുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. മുഖ്യമന്ത്രിയും കുടുംബവും പാര്‍ടിക്കുണ്ടാക്കിയ ക്ഷീണം പറഞ്ഞറിയിക്കാനാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ വക്കാലത്ത് സംസ്ഥാന സെക്രടറിയും എകെ ബാലനും ഏറ്റെടുത്തു. 

കോടിയേരിയുടെ മക്കള്‍ക്കെതിരെ ഇത്തരം വിമര്‍ശനങ്ങളുണ്ടായപ്പോള്‍ അദ്ദേഹത്തിനൊപ്പം ആരും നിന്നില്ല. പാര്‍ടി സെക്രടറി സ്ഥാനത്ത് നിന്ന് നീക്കുകയാണുണ്ടായത്. പാര്‍ടി ഒപ്പം നിന്നില്ലെന്ന് കോടിയേരി നിറകണ്ണുകളോടെ ഒരു സിപിഐ നേതാവിനോട് പറഞ്ഞിരുന്നു. മാത്രമല്ല മുഖ്യമന്ത്രി തന്നെ കോടിയേരിയെ വിളിച്ച് മക്കളുടെ കാര്യം മാധ്യമങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ്, മക്കള്‍ പ്രായപൂര്‍ത്തിയായവരാണെന്നും അവരുടെ ബിസിനസുകളില്‍ തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കിയത്. 


സ്വന്തം മകളുടെ കാര്യം വന്നപ്പോള്‍ പിണറായി ഒരക്ഷരം ഉരിയാടിയില്ല. ചില സന്ദര്‍ഭങ്ങളില്‍ പ്രതിരോധിക്കാനും മുന്നോട്ട് വന്നു. ഭാര്യയ്ക്കും മകനുമെതിരെ സ്വപ്നാ സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. നേതാക്കളുടെ കുടുംബങ്ങള്‍ അധികാരസ്ഥാനവുമായി ഇടപെടുന്നത് ആദ്യം അവസാനിപ്പിക്കണം. പാര്‍ടിയിലും സര്‍കാരിലുമുള്ള സ്വാധീനം ഉപയോഗിച്ച് ചില നേതാക്കന്‍മാരുടെ മക്കള്‍ വിദേശത്തും നാട്ടിലും പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് തടയിട്ടാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ അവസാനിക്കും.

സിപിഎമിന്റെ പോക്ക് സിപിഐയ്ക്ക് ഒട്ടും പിടിക്കുന്നില്ല. ജില്ലാ കൗണ്‍സിലുകളെല്ലാം കട്ടക്കലിപ്പിലാണ്. പിണറായിയെ മാറ്റണമെന്നാണ് അവരുടെ ആവശ്യം. അതിന്റെ സമ്മര്‍ദം ശക്തമായതോടെയാണ് സംസ്ഥാന സെക്രടറി ബിനോയി വിശ്വം സിപിഎമിനെതിരെ രംഗത്തെത്തിയത്. കമ്യൂണിസ്റ്റ് രീതികള്‍ക്ക് യോജിക്കാത്ത സംഭവങ്ങളാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് പറഞ്ഞതിന്റെ പൊരുള്‍ വ്യക്തമല്ലേ. 

എസ് എഫ് ഐ തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമസഭയില്‍ മുഖ്യമന്ത്രി എടുത്ത നിലപാടിന് വിരുദ്ധമാണിത്. കാംപസുകളില്‍ പ്രാകൃതശൈലിയിലാണ് എസ് എഫ് ഐ പ്രവര്‍ത്തിക്കുന്നതെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം. സിപിഐയെ യുഡിഎഫിലേക്ക് എംഎം ഹസന്‍ ക്ഷണിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത്. 

തെറ്റുതിരുത്തല്‍ നടപടികള്‍ സിപിഎമില്‍ തന്നെ ഉയരുമ്പോള്‍ എസ് എഫ് ഐ നടത്തുന്ന അക്രമത്തിന് പാര്‍ടിയും മുഖ്യമന്ത്രിയും കുട ചൂടുകയാണ്. ഇതില്‍ ഘടകക്ഷികള്‍ക്ക് വലിയ അതൃപ്തിയുണ്ട്. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും അതിനൊന്നും മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി അടുപ്പക്കാരോട് പരാജയത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് വിവരം. 

താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ശക്തമല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. സര്‍കാര്‍ ക്ഷേമപെന്‍ഷന്‍ പോലും കൃത്യമായി നല്‍കാതെ എങ്ങനെ ജനങ്ങളെ അഭിമുഖീകരിക്കുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്. മുഖ്യമന്ത്രി ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് മറുപടി പറയാനാകാത്തവിധം ഇവരെല്ലാം പ്രതിരോധത്തിലായിരുന്നു. പരാജയത്തിന് ശേഷവും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന് കുറവില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ തിരിച്ചടി ഇതിലും വലുതായിരിക്കും. അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോഴേ തയാറെടുക്കുകയും മുഖ്യമന്ത്രിയും സര്‍കാരും പാര്‍ടിയും ശൈലി മാറ്റുകയും ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെ ആഗ്രഹമെങ്കിലും നേതൃത്വം അതിന് വഴങ്ങില്ല. അതുകൊണ്ട് അതൃപ്തര്‍ ഏത് വിധത്തിലായിരിക്കും പ്രതികരിക്കുക എന്ന് പ്രവചിക്കാനാകില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia