

● ആദ്യം എണീറ്റ ആൾ ഓലച്ചൂട്ട് ഉമിത്തീയിൽ നിന്ന് കത്തിക്കും.
● സ്കൂളിൽ ചില കുട്ടികൾ നിലക്കടല,പഞ്ചാരക്കടല എന്നിവ വിൽക്കുന്നവരുണ്ട്.
● അടുത്ത വർഷത്തേക്ക് പുസ്തകങ്ങൾ വാങ്ങാൻ പൈസ സ്വരുക്കൂട്ടാനാണ്, പലരും ഈ കച്ചവടം നടത്തുന്നത്.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 39
(KVARTHA) ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ നവംബർ, ഡിസംബർ, ജനവരി നല്ല ഒന്നാന്തരം തണുപ്പാണ്. ഇന്നത്തെ പോലെ ഒന്നുമല്ല. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ കതിരണിഞ്ഞ പാടത്തൊക്കെ പുക മറ പോലെ മഞ്ഞിങ്ങനെ മൂടി നിൽക്കുന്നുണ്ടാകും. തണുപ്പുകൊണ്ട് കയ്യും കാലുമൊക്കെ കോടി പോകുന്നത് പോലെ തോന്നും. സുഖമുള്ളതാണെങ്കിലും ആ തണുപ്പു കാലത്തെ തണുപ്പകറ്റാൻ ഞങ്ങൾ കുട്ടികൾ ചെയ്യുന്ന ഒരു പണിയുണ്ട്.
70 വർഷങ്ങൾക്ക് മുമ്പാണ് കേട്ടോ. അന്നെനിക്ക് ഏഴോ എട്ടോ ആവും പ്രായം. ആ കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ വീടുപറമ്പുകളിലും കൂറ്റൻ പ്ലാവുമരങ്ങൾ ഉണ്ടാകുമായിരുന്നു. എൻ്റെ വീട്ടുപറമ്പിലുമുണ്ടായിരുന്നു അത് പോലെ കുറേ പ്ലാവുകൾ. എണ്ണം കൂടുതലുള്ളത് കൊണ്ട് തന്നെ അവ തിരിച്ചറിയാൻ അവയ്ക്കൊക്കെ പ്രത്യേകം പേരുകളുമുണ്ടായിരുന്നു. പടിഞ്ഞാറെ പ്ലാവ്, ഉണ്ടപ്ലാവ്, വരിക്ക പ്ലാവ്, പഴം പ്ലാവ്, ഇരട്ട പ്ലാസ് തുടങ്ങി ഓരോ പ്ലാവിനും പേരിട്ടുണ്ട്.
പ്ലാവുകളുടെ കീഴിൽ ഇഷ്ടം പോലെ ഉണങ്ങിയ ഇല വീണിട്ടുണ്ടാവും. വൈകുന്നേരമാകുമ്പോൾ പ്ലാവില, മാച്ചി കൊണ്ട് കൂമ്പേന അടിച്ചു കൂട്ടും. എന്തിനാണെന്നല്ലേ, അതാണ് അടുത്ത ദിവസത്തെ പ്രഭാതത്തിലുള്ള തണുപ്പ് മാറ്റാനുള്ള സൂത്ര പണി. ചാണം മെഴുകിയ തറയിൽ പായ വിരിച്ചാണ് അന്നന്നെ കിടത്തം. പഴയതലയണ കിട്ടിയെങ്കിലായി. ഇല്ലെങ്കിൽ ചാക്ക് മടക്കി പായക്കടിയിൽ വെച്ച് തലയണയാക്കും. പുതപ്പൊന്നുമില്ല. ഉടുത്ത മുണ്ടഴിച്ച് പുതപ്പാക്കും. അത്രതന്നെ.
അതിരാവിലെ എഴുന്നേൽക്കും. തലേന്നാൾ തന്നെ തെങ്ങിൻ്റെ ഉണങ്ങിയ ഓലകൊണ്ട് ചൂട്ട് കെട്ടി റെഡിയാക്കി വെക്കും. അടുക്കളയുടെ ഒരു ഭാഗത്ത് ഉണ്ടാക്കിയ അടുപ്പിൻ്റെ സൈഡിൽ നെല്ല് കുത്തിയ ഉമി വാരിയിട്ടിട്ടുണ്ടാവും. അതെപ്പോഴും കത്തിക്കൊണ്ടിരിക്കും. 'ഉമിത്തീ' എന്നാണ് ഞങ്ങളാ തീയെ പറയുക. ആദ്യം എണീറ്റ ആൾ ഓലച്ചൂട്ട് ഉമിത്തീയിൽ നിന്ന് കത്തിക്കും. അതും പൊക്കിപ്പിടിച്ച് ഇന്നലെ അടിച്ചു കൂട്ടിയ ഇല കുമ്പാരത്തിനടുത്തേക്ക് ചെന്ന് അതിന് തീ കൊടുക്കും. മഞ്ഞു വീണ് അതിന് നേരിയ നനവ് ബാധിച്ചിട്ടുണ്ടാകും.
അത് കൊണ്ട് തന്നെ പെട്ടന്ന് കത്തി തീരില്ല. അടുത്ത പരിപാടി അതിന്റെ അരികെ നിന്ന് ചൂടാസ്വദിക്കലാണ്. തീ കത്തി തുടങ്ങുമ്പോഴേക്കും വീട്ടിലെ ഓരോരുത്തരായി വരും. കത്തുന്ന പ്ലാവില കുമ്പാരത്തിന് ചുറ്റും കുത്തി ഇരിക്കും. പിന്നീട് നിൽക്കും. ഇടക്കിടെ തീക്ക് നേരെ കൈകൾ നീട്ടി ചൂട് പിടിച്ചു മുഖത്ത് വെക്കും. ശരീരത്തിൻ്റെ മുൻഭാഗത്തും, പിൻഭാഗത്തും ചൂടേൽക്കാൻ തിരിഞ്ഞും മറിഞ്ഞും ദിശ മാറി നിൽക്കും. അര മണിക്കൂറെങ്കിലും തണുപ്പകറ്റാനുള്ള ഈ പരിപാടി തുടരും. അപ്പോഴേക്കും നേരം പുലരും. കുറച്ചുസമയത്തേക്കാണെങ്കിലും ആ തീ കായൽ ഒരു സുഖമുള്ള ഏർപ്പാട് തന്നെയായിരുന്നു.
അത് കഴിഞ്ഞ പിന്നെ കശുവണ്ടി അന്വേഷിച്ച് പ്ലാവിൻ ചോട്ടിലൂടെയുള്ള നടത്തമാണ്. കടവാതിലുകൾ, മറ്റു പറമ്പുകളിലെ പറങ്കി മാവുകളിൽ നിന്ന് ശേഖരിച്ച പറങ്കി മാമ്പഴം അടുത്ത പറമ്പുകളിലെ പ്ലാവിൻ മുകളിലോ, മറ്റ് മരങ്ങളിലോ ഇരുന്ന് ഊറ്റി കുടിച്ച് അണ്ടിയോടെ ബാക്കി ഭാഗം ഉപേക്ഷിക്കും. അതിനെ 'ചപ്പിച്ചിട്ട കൊരട്ട' എന്നാണ് ഞങ്ങൾ പറയുക. അത് ശേഖരിക്കാൻ കുട്ടികളായ ഞങ്ങൾ മത്സരിക്കും. സ്കൂളിലേക്ക് ഇങ്ങിനെ കിട്ടിയ കശുവണ്ടിയുമായാണ് പോകാറ്.
സ്കൂളിൽ ചില കുട്ടികൾ നിലക്കടല,പഞ്ചാരക്കടല എന്നിവ വിൽക്കുന്നവരുണ്ട്. ഇൻ്റർബെൽ സമയത്ത് കുട്ടിവിൽപ്പനക്കാർ കടല വിൽക്കുമ്പോൾ, പണത്തിന് പകരം കശുവണ്ടി കൊടുത്ത് ഞങ്ങളത് വാങ്ങും. ഒരു തരം ബാർട്ടർ സമ്പ്രദായം. വൈകുന്നേരം സ്കൂൾ വിടുമ്പോഴെക്കും ഈ വിൽപ്പനക്കാരുടെ ട്രൗസറിൻ്റെയും ഷർട്ടിൻ്റെയും കീശ, കശുവണ്ടി കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. അവരത് കടയിൽ കൊടുത്ത് പണമാക്കി മാറ്റും.
അടുത്ത വർഷത്തേക്ക് പുസ്തകങ്ങൾ വാങ്ങാൻ പൈസ സ്വരുക്കൂട്ടാനാണ്, പലരും ഈ കച്ചവടം നടത്തുന്നത്. ന്യൂജൻസിന് ഇതൊന്നുമറിയാൻ ഇടമില്ല. 60-70 കാരിൽ ചിലർക്കെങ്കിലും ഈ ഓർമ്മകളുണ്ടാവുമായിരിക്കും. പലരും അതിലൂടെ കടന്നു വന്നവരുമാവും. അവർക്കൊക്കെ മധുരിക്കുന്ന മാമ്പഴങ്ങളുടെ ചുനയേറ്റു പൊള്ളിയ മനോഹരമായ ആ പഴയ കുട്ടികാലം ഇന്നും, ഓർമ്മകൾക്കിടയിൽ ഒരു വസന്തം തന്നെയാവും.
#ChildhoodMemories, #WinterMornings, #PlavuTree, #BarterSystem, #KeraliteTraditions, #OldMemories