Proposals | എന്റെ പെണ്ണാലോചന; 70-80 കളിൽ കേരളത്തിലെ വിവാഹം ഇങ്ങനെയൊക്കെയായിരുന്നു!
* തറവാട് സ്വത്ത് വിവാഹത്തിൽ വലിയ പങ്കു വഹിച്ചിരുന്നു.
* കാലക്രമേണ വിവാഹാചാരങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം -21
(KVARTHA) 70-80 കളിലെ കല്യാണാലോചന ഇക്കാലത്തെ പോലെയല്ല. ആണായാലും പെണ്ണായാലും വിവാഹക്കാര്യമൊക്കെ വീട്ടുകാരോട് പറയാൻ നാണക്കേടും, പേടിയുമൊക്കെ ആയിരിക്കും. വിവാഹം കഴിക്കണമെന്ന മോഹമൊക്കെയുണ്ടാവും, എന്നാലും ആരോടും അത് തുറന്നു പറയില്ല. പ്രണയിക്കലും ഒളിച്ചോട്ടമൊന്നും തീരെയില്ലാത്ത കാലം. ബന്ധുക്കൾ ആലോചിച്ചുമാത്രമേ വിവാഹം നടക്കു. കല്യാണപ്രായമെത്തിയ ചെറുപ്പക്കാർ തനിക്ക് കല്യാണം വേണമെന്നറിയിക്കാൻ ചില അടയാളങ്ങൾ പ്രയോഗിക്കാറുണ്ട്.
അന്നൊക്കെ കിടക്കാൻ ഒരു പായ മാത്രമാണ് ഉണ്ടാവുക. അപ്പൊ താൻ കിടക്കുന്ന പായയുടെ പകുതി ഭാഗം ചുരുട്ടിവെക്കും. ആ ഭാഗത്ത് കിടക്കേണ്ടുന്ന ആളെ കണ്ടെത്താത്തതു കൊണ്ടുള്ള പ്രതിഷേധമാണത്. ഇങ്ങിനെ ഒരു പണി ഒപ്പിച്ചാൽ വീട്ടുകാർ പെണ്ണന്വേഷണം ധൃതിയിൽ നടത്തും പോലും. എൻ്റെ പെണ്ണന്വേഷണകഥകളെ കുറിച്ച് ഏറെ പറയാനുണ്ട്. എന്നെ വിവാഹം കഴിപ്പിക്കാൻ ഏറെ താൽപര്യം എൻ്റെ നാല് അമ്മാവന്മാർക്കായിരുന്നു. നാലു പേർക്കും വിവാഹ പ്രായമെത്തിയ പെൺമക്കളുണ്ട്.
സ്വത്ത് അന്യാധീനപെട്ടുപോകാതിരിക്കാൻ മരുമക്കളെക്കൊണ്ട് സ്വന്തം മക്കളെ കല്യാണം കഴിപ്പിക്കുന്ന ഏർപ്പാടാണ് അന്ന് വ്യാപകമായിട്ടുണ്ടായിരുന്നത്. സർക്കാർ ജോലിക്കാരനായതു കൊണ്ട് അല്പം കൂടുതൽ ഡിമാൻ്റായിരുന്നു എനിക്ക്. അതിൽ മുഹമ്മദ് ഇച്ചാനോട് (എൻ്റെ മൂന്നാമത്തെ അമ്മാവൻ) എനിക്ക് ബാധ്യതയുണ്ട് താനും. എൻ്റെ കോളജ് പഠനച്ചെലവുകൾ വഹിച്ചത് കച്ചവടക്കാരനായ ഈ അമ്മാവനാണ്. എയ്ഡഡ് സ്കൂളിൽ അധ്യാപക നിയമനത്തിന് ഡൊനേഷൻ കൊടുത്തതും മുഹമ്മദ് അമ്മാവനാണ്. അദ്ദേഹത്തിൻ്റെ ഏകമകളെ എനിക്ക് വിവാഹം കഴിച്ചു തരാൻ മൂപ്പരുടെ മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അക്കാര്യം പുറത്തു പറഞ്ഞില്ല.
എന്നേയും ഉമ്മയേയും പരിശോധിക്കാൻ വേണ്ടിയാണോ എന്നറിയില്ല. അതല്ല ഇനി സ്കൂൾ നിയമനത്തിന് ഡൊണേഷൻ കൊടുത്ത തുക സ്ത്രീധനം വാങ്ങി പരിഹരിക്കാമോയെന്ന് കരുതിയാണോ എന്ന് മനസ്സിലാക്കാനും പറ്റിയില്ല. എൻ്റെ കല്യാണ കാഴ്ചപ്പാട് ഇങ്ങിനെയൊക്കെയായിരുന്നു. സ്ത്രീധനം വാങ്ങി കല്യാണം കഴിക്കില്ല. പഴയ തറവാട് വീട് ഭാഗം വെച്ച് കിട്ടുന്ന സ്ഥലത്ത് ചെറിയൊരു വീട് നിർമ്മിക്കണം. വിദ്യാഭ്യാസമുള്ള പെൺകുട്ടിയായിരിക്കണം. അംഗ സംഖ്യ കുറഞ്ഞ കുടുംബമായിരിക്കണം. എന്നൊക്കെയായിരുന്നു എന്റെ ആഗ്രഹം.
വയസ്സ് 23 ആയതേയുള്ളു. മുഹമ്മദ് അമ്മാവൻ ആദ്യമായൊരു പെണ്ണ് കാണാൻ പോകാൻ ഉമ്മയോട് നിർദ്ദേശിച്ചു. അമ്മാവനോടൊപ്പം കൂറ് കച്ചോടം നടത്തുന്ന ചന്തേരയുള്ള ഒരാളുടെ മകളെ കാണാൻ ഉമ്മയെ പറഞ്ഞയച്ചു. ഉമ്മ പോയി കാണുകയും ചെയ്തു. അഭിപ്രായം ആരാഞ്ഞ അമ്മാവനോട് ഉമ്മ പറയുന്നത് കേട്ടു. 'പെണ്ണ് വെളുത്ത് തടിച്ചിട്ടൊക്കെ തന്നെ. ഇംഗ്ലീഷ് കാരുടെ വെളുപ്പും ഉണ്ട്. പക്ഷെ പ്രായമല്പം കൂടും. ഇത്രയും കേട്ടപ്പോൾ തന്നെ അമ്മാവൻ പറഞ്ഞു. 'എന്നാൽ അത് വേണ്ട അല്ലേ.?' പിന്നേയും മൂപ്പർ അടങ്ങിയിരിക്കുന്നില്ല.
കരിവെള്ളൂർ പാലക്കുന്നിലെ ഒരു പെൺകുട്ടിയെ പോയി നോക്കാൻ പറഞ്ഞു. അംഗങ്ങൾ ഏറെയുള്ള കുടുംബമാണെന്ന് ഉമ്മ പറഞ്ഞു. അതോടെ അതും വേണ്ടെന്ന് വച്ചു. വെള്ളൂര് ഒരു വീട്ടിൽ പെണ്ണുകാണാൻ പറഞ്ഞയച്ചത് എന്നെയും കൂക്കാനത്തെ ഖാദിർച്ചയെയുമാണ്. സ്കൂളിൽ പോകാത്ത പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോ അതും ഒഴിവാക്കി. എന്നിട്ടും എൻ്റെ മകളെ കഴിക്കണമെന്ന് അമ്മാവൻ പറയുന്നില്ല. കക്ഷിയുടെ ഉള്ളിൽ അങ്ങിനെ ഒരാഗ്രഹമുണ്ടെന്ന് തുറന്നു പറയുന്നുമില്ല. 'വീട് ശരിയാക്കിയാലെ വിവാഹം കഴിക്കുമെന്ന് ഞാൻ വാശിപിടിച്ചു'. വീട് പിന്നീട് ശരിയാക്കാം, എന്നാണ് അമ്മാവൻ പറയുന്നത്.
കാങ്കോലിൽ രണ്ട് വലിയ അമ്മാവമ്മാരുണ്ട്. രണ്ട് പേർക്കും ഏഴു വീതം മക്കളുമുണ്ട്. പെൺമക്കൾ കല്യാണപ്രായം തികഞ്ഞു നിൽക്കുന്നവരാണ്. ഒരാൾ കാങ്കോലിലെ പേരുകേട്ട കച്ചവടക്കാരനും സാമ്പത്തിക കഴിവുള്ള വ്യക്തിയുമാണ്. മറ്റേയാൾ ചെറുപുഴക്കടുത്ത് കാർഷിക മേഖലയിൽ ശ്രദ്ധിച്ച് ജീവിച്ചു വരുന്ന ആളാണ്. രണ്ട് അമ്മാവന്മാരുടെ വീട്ടിലും ഞാൻ ഉമ്മയോടൊപ്പം ചെല്ലുകയും താമസിക്കാറുമുണ്ട്. കൗമാരപ്രായത്തിലെത്തുന്നത് വരെ ഞങ്ങൾ ഒപ്പം കളിക്കുകയും ഇടപഴകുകയും ചെയ്യാറുണ്ട്. മൂത്ത അമ്മാവൻ തികഞ്ഞ മതവിശ്വാസിയാണ്. പെൺകുട്ടികളെ പുറത്തിറങ്ങാൻ വിടാതെ പ്രാഥമികമായ സ്കൂൾ വിദ്യാഭ്യാസം മാത്രം നൽകി വളർത്തി.
രണ്ടാമത്തെ അമ്മാവനും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അത്ര ശ്രദ്ധിച്ചില്ല. രണ്ടു പേരും എന്നിൽ കണ്ണുവെച്ചു. ഉമ്മയെ പറഞ്ഞു കയ്യിലെടുത്താൽ കാര്യം നടക്കുമെന്ന് രണ്ടു പേർക്കുമറിയാം. രണ്ടു പേർക്കും തറവാട് സ്വത്തിൽ അവകാശവുമുണ്ട്. അവിടെയാണ് ഞങ്ങൾ താമസിച്ചു വരുന്നതും. മൂത്ത അമ്മാവൻ ഉമ്മയെക്കണ്ടു സംസാരിച്ചു. 'ഞങ്ങളുടെ തറവാട് സ്വത്തിലെ ഓഹരി നിൻ്റെ മകൻ്റെ പേരിൽ കൊടുക്കാം. വീട് പൊളിച്ച് പുതിയ വീട് കെട്ടിത്തരാം. മകനോട് എൻ്റെ മകളെ കല്യാണം കഴിക്കാൻ ആവശ്യപ്പെടണം', 'ഞാൻ അവനോട് ചോദിച്ചിട്ട് പറയാം', എന്ന് ഉമ്മ വാക്കും കൊടുത്തു.
അന്ന് രാത്രി ഞാനും ഉമ്മയും വിവാഹക്കാര്യം ചർച്ച ചെയ്തു. ഞാൻ ഉദ്ദേശിച്ച രണ്ട് കാര്യം ശരിയാവില്ല. പെൺകുട്ടിയുടെ വിദ്യാഭ്യാസം, കുടുംബത്തിലെ അംഗസംഖ്യ. പക്ഷേ വീട് കെട്ടിത്തരാം എന്ന നിർദ്ദേശം നന്നായി എന്ന് തോന്നി. 'എന്നാൽ വാക്കുകൊടുത്തോളൂ', ഞാൻ ഉമ്മയോട് പറഞ്ഞു. പെണ്ണ് കാണൽ ഇവിടെ വേണ്ട. ഒപ്പം കളിച്ചവർ' ഒന്നിച്ച് ഭക്ഷണം കഴിച്ചവർ' എത് പെൺകുട്ടിയാണെന്ന് പേരു പറഞ്ഞാൽ മതി. പേര് കിട്ടി. 'ഉമ്മുകുൽസു'. എനിക്ക് അത്ര ഇഷ്ടപ്പെടാത്ത പേരാണ്. 'കുൽതു' എന്നാണ് എല്ലാവരും അവളെ വിളിക്കുക.
എനിക്ക് ഇഷ്ടപ്പെടാത്തതിന് വേറൊരു കാര്യം കൂടിയുണ്ട്. ഒരേ രക്തബന്ധത്തിൽ പെട്ടവർ വിവാഹിതരായാൽ അതിലുണ്ടാവുന്ന കുട്ടികൾക്ക് പല തരത്തിലുള്ള ശാരീരിക-മാനസിക വൈകല്യങ്ങളുണ്ടാകുമെന്ന് പഠിച്ചിട്ടുണ്ട്. കക്ഷിക്ക് കഷ്ടിച്ച് മലയാളം എഴുതാനും വായിക്കാനും മാത്രമെ അറിയൂ. കഠിന ഓർത്തഡോക്സാണ് ഈ അമ്മാവൻ. മൂന്നുവർഷം കഴിഞ്ഞിട്ടേ വിവാഹം കഴിക്കുയെന്ന് ഉറപ്പിച്ചു പറഞ്ഞു. ഒരു വർഷത്തിനകം വീട് പണി പൂർത്തിയാക്കിത്തന്നു. മൂന്നു വർഷത്തിനിടയ്ക് വീടിന് അമ്മാവൻ ചെലവാക്കിയ തുക സമാഹരിക്കാൻ എനിക്ക് കഴിഞ്ഞു. വിവാഹം നടന്നു ലളിതമായിട്ട് തന്നെ.
ഒരാഴ്ച കൊണ്ട് ഞങ്ങൾ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്തു. ഭാര്യാഭർതൃ ബന്ധം ഉണ്ടായില്ല. മൂന്ന് മാസത്തിനകം നിയമപ്രകാരം ബന്ധം ഒഴിഞ്ഞു. അമ്മാവൻ്റെ സാമ്പത്തിക ബാധ്യത തീർത്തു കൊടുത്തു. ഞാൻ അവൾക്കൊരു വാക്ക് കൊടുത്തു. 'നിൻ്റെ വിവാഹം കഴിഞ്ഞതിന് ശേഷമേ ഞാൻ വിവാഹിതനാകു', എന്ന്. ഞങ്ങൾ വാക്കുപാലിച്ചു. ഒരു തരത്തിലുള്ള വെറുപ്പോ വിദ്വേഷമോ ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല. അവളുടെ മക്കളുടെ വിവാഹ ചടങ്ങിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അവരുടെ വീട് പ്രവേശന ചടങ്ങിന് ഞാൻ പങ്കെടുത്തിട്ടുണ്ട്. രണ്ടു മൂന്ന് വർഷം മുമ്പ് അവൾ ഈ ലോകത്തോട് വിട പറഞ്ഞു.
അവസാനമൊരു നോക്ക് കാണാനും മനസ്സ് കൊണ്ട് യാത്രാമൊഴി ചൊല്ലാനും ഞാൻ അവിടെ എത്തിയിരുന്നു. അവളുടെ വിവാഹ ശേഷം ഞാനും വിവാഹിതനാകാൻ തീരുമാനിച്ചു. ഞാൻ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹങ്ങൾക്കനുസരിച്ചൊരു പെൺകുട്ടിയെക്കുറിച്ചറിഞ്ഞു. കോളേജ് വിട്ടു കൂട്ടുകാരൊന്നിച്ച് നടന്നു വരുമ്പോൾ എ വൺ ക്ലബ്ബിൻ്റെ വരാന്തയിൽ നിന്ന് കൊണ്ട് അവളെ കാണും. സ്ഥിരമായി ആ കാണൽ ചടങ്ങ് നടന്നു. അവളറിയാതെ അവളുടെ സുഹൃത്തും എൻ്റെ സ്റ്റുഡൻ്റ്മായ സുലോചനയോട് കാര്യം സൂചിപ്പിച്ചു. ഇഷ്ടമാണെന്ന വിവരം കിട്ടി. പിന്നെ ഒട്ടും ആലോചിച്ചില്ല. എല്ലാം ചടങ്ങുപോലെ നീങ്ങി. 1974 ഡിസംബർ അഞ്ചിന് ഞങ്ങൾ ഒന്നായി. അതിന്നും ഭംഗിയായി തുടരുന്നു.