Success tips | 40 വയസ് കഴിഞ്ഞാൽ ജീവിതം അവസാനിക്കുന്നില്ല! ജീവിതം ശരിക്കും തുടങ്ങുന്നത് ഇവിടം മുതലാണ് 

 
life doesnt end at 40
life doesnt end at 40

Image Credit: Meta Ai

നാൽപ്പതിൽ തുടങ്ങി അറുപതിൽ അവസാനിക്കുന്ന ഏഴാം ഘട്ടമാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം

മിൻ്റാ മരിയ തോമസ്

(KVARTHA) 40 വയസ് (Age) കഴിഞ്ഞാൽ ഭൂരിഭാഗം പേരും നിരാശയിലാകുന്നത് ആണ് കാണുന്നത്. ഇവിടെ ജീവിതത്തിൻ്റെ (Life) നല്ല കാലം അവസാനിച്ചു എന്ന് ചിന്തിക്കുന്നവരാണ് വളരെയധികം പേരും. എന്നാൽ അങ്ങനെയല്ല. 40-ാം വയസുമുതലാണ് ജീവിതം ശരിക്കും തുടങ്ങുന്നത്. ഒരു പക്ഷേ, ജീവിത വിജയത്തിലേയ്ക്ക് (Success) നയിക്കപ്പെടുന്നതും 40 വയസിന് ശേഷമാണ്. ഇന്ന് അറിയപ്പെടുന്ന പലരും രാഷ്ട്രീയത്തിലായാലും (Politics) ബിസിനസിലായാലും (Business) മറ്റ് സമാനമേഖലയിലായാലും വിജയം വരിച്ചിട്ടുണ്ടെങ്കിൽ അത് 40 വയസിന് ശേഷമായിരുന്നു എന്ന് കാണാൻ കഴിയും. 

life doesnt end at 40

കാരണം ഒരോരുത്തർക്കും അനുഭവം പല രീതിയിൽ ഉണ്ടാകുന്ന കാലഘട്ടമാണ് 40 വയസുവരെ. അതിനുശേഷം നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനുള്ള അവസരമാകും. അതാണ് ശരിക്കും പ്രവർത്തിക്കുന്നവർക്ക് 40 വയസിന് ശേഷമാകും ജീവിതം വിജയമെന്നുള്ളതെന്ന് പറയുന്നത്. ഈ വിഷയത്തെക്കുറിച്ച് റെജി ജോർജ് എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. അതിൽ 40 വയസിന് ശേഷം നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വിജയം എപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 

കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

'വയസ് നാൽപ്പതു കടന്നാൽപ്പിന്നെ ജീവിതത്തിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ എന്ന ചങ്ങായി പറയുന്നത്. മൂപ്പർ ആരാണെന്നറിയോ? മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ പത്തുതലയുള്ള ഒരു രാവണൻ സൈക്കോളജിസ്റ്റ്. ബോധമനസിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന (Ego Psychology) ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം കൂടിയുണ്ട്. 

ഗാന്ധീസ് ട്രൂത്ത് (Gandhi's Truth) എന്ന പുലിസ്റ്റർ പുരസ്കാരം നേടിയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണദ്ദേഹം. ഇദ്ദേഹമാണ് പറയുന്നത് ജീവിതത്തിന്റെ നല്ല സമയം നാൽപ്പതു മുതലാണെന്ന്. എങ്ങനെയെന്നല്ലേ, പറയാം. ജീവിതത്തെ എട്ടു ഘട്ടങ്ങളായി അദ്ദേഹം തിരിച്ചിട്ടുണ്ട്. ഒന്നര വയസ്സുവരെ, ഒന്നര മുതൽ മൂന്ന് വരെ, മൂന്ന് തൊട്ട് ആറ്, ആറ് തൊട്ട് പന്ത്രണ്ട്, പിന്നെ ടീനേജ് ഇത്രയുമാണ് ഒരു വ്യക്തി പ്രായപൂർത്തിയാകുന്നത് വരെയുള്ള ഘട്ടങ്ങൾ. ഇവയോരോന്നിലും വ്യത്യസ്തമായ രീതികളിലായിരിക്കും കുട്ടികൾ പെരുമാറുക. അതിന്റെ കാരണങ്ങളൊക്ക നല്ലവണ്ണം വിശദീകരിച്ചു വച്ചിട്ടുണ്ട് ഈ മഹാൻ. 

ഈ പ്രായത്തിലുള്ള കുട്ട്യോളുള്ള അച്ഛനമ്മമാരൊക്കെ സമയം കണ്ടെത്തി ഇതു വായിച്ചു പഠിച്ചാൽ (യുട്യൂബിൽ വീഡിയോകളും കിട്ടും) മക്കളെക്കുറിച്ചുള്ള ടെൻഷനൊട്ടു കുറഞ്ഞു കിട്ടും. ഇരുപതു മുതൽ നാൽപ്പതു വരെയാണ് ആറാം ഘട്ടം. ഇതിനെ 'Early adulthood' എന്നദ്ദേഹം വിശേഷിപ്പിക്കുന്നു. കൗമാരപ്രായത്തിലെ അബദ്ധജടില ധാരണകളും വീരാരാധനകളും ഉണ്ടാക്കി വച്ച സങ്കൽപ്പങ്ങളിൽ നിന്നും യാഥാർത്ഥ്യബോധത്തിലേക്ക് സമൂഹവുമായുള്ള ഇടപഴകലുകളിൽക്കൂടിയുള്ള ഒരു യാത്ര. സൗഹൃദങ്ങളും പ്രണയവുമായിരിക്കും ഈ യാത്രയിൽ സ്ത്രീയും പുരുഷനും ഒരുപോലെ തേടുന്നത്. ധൃഢവും സംതൃപ്തവുമായ ഒരു ബന്ധം കണ്ടെത്തുംവരെ ഈ അന്വേഷണം തുടരുന്നു. 

അൽപ്പമൊന്നു ശാസ്ത്രീയമായിപ്പറഞ്ഞാൽ 'Emotional stability' നേടാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണ് ഈ ഇരുപതു വർഷത്തോളം ഒരു വ്യക്തി നടത്തുക. നാൽപ്പതിൽ തുടങ്ങി അറുപതിൽ അവസാനിക്കുന്ന ഏഴാം ഘട്ടമാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം. ഈ ഘട്ടത്തിന്റെ തുടക്കം ഒരു വഴിത്തിരിവ് കൂടിയാണ്. ഇതുവരെയുള്ള അനുഭവങ്ങളെ വിലയിരുത്തി ചിലർ കൂടുതൽ ക്രിയാത്മകരാകുന്നു. വ്യക്തവും പ്രായോഗികവുമായ ജീവിതലക്ഷ്യങ്ങൾ കണ്ടെത്തി അതിനു വേണ്ടി പ്രവർത്തിക്കുന്നു. പഴയ കഴിവുകൾ പൊടിതട്ടിയെടുക്കുന്നു. പൊതുവെ ഇക്കൂട്ടർക്ക് ഒരു കെയറിങ് മനോഭാവം കൈവരുന്നു. എന്നാൽ മറ്റു ചിലർ ഒരു നിഷ്ക്രിയാവസ്ഥയിലാണ് എത്തിപ്പെടുക. ജീവിതത്തിൽ ഇനി കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്ന് മുൻകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ വിധിയെഴുതുന്നു. 

ഇക്കൂട്ടരിൽ ഒരുപക്ഷം ബാക്കിയുള്ള ജീവിതം ആവോളം അടിച്ചുപൊളിക്കാൻ തീരുമാനിക്കുന്നു. മറ്റൊരു പക്ഷം നിരാശയിൽ മുങ്ങി മദ്യത്തിനും മറ്റും പിറകെ പോകുന്നു. ഇനി ചിലർ ഞാൻ ഒരു വൻ സംഭവമാകുന്നു എന്നു മറ്റുള്ളവരെ കാണിച്ച് സംതൃപ്തിയടയുന്നു. 'Generativity vs Stagnation' എന്നാണ് മേൽപ്പറഞ്ഞ രണ്ടു വഴിത്താരകളെയും എറിക്‌സൺ വിശേഷിപ്പിക്കുന്നത്. എട്ടാം ഘട്ടം അറുപതുകളിലാണ് തുടങ്ങുന്നത്. ഇവിടെ 'Generativity' എന്ന പാത തെരഞ്ഞെടുത്ത ആദ്യകൂട്ടർ പുതുതലമുറയുടെ ഉപദേശകരായി മാറുന്നു. സന്തോഷപൂർണമായി വാർധക്യകാലത്തെ വരവേൽക്കുന്നു. Stagnation എന്ന മാർഗം സ്വീകരിച്ച രണ്ടാം കൂട്ടരാകട്ടെ ശാപവാക്കുകളും പിറുപിറുക്കലുകളുമായിട്ടായിരിക്കും ജീവിത സായാഹ്നം കഴിച്ചു കൂട്ടുക. 

അതുകൊണ്ട് നാല്പതിലെ വഴിത്തിരിവ് പ്രാധാന്യമുള്ളതാണ്. അതുവരെയുള്ള ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ കഴിഞ്ഞാൽ Generativity എന്ന ജീവിത തീവണ്ടിയിൽ റിസർവേഷൻ കിട്ടും. പക്ഷേ പോസിറ്റീവ് കാഴ്ചക്ക് emotional stability വേണം, അതിന് നല്ല മൂല്യാധിഷ്ഠിത ബന്ധങ്ങൾ വേണം, പരസ്പരം മൽസരിക്കാനുള്ളതല്ല മറിച്ച് സ്നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകാനുള്ളതാണ് ജീവിതം എന്ന തിരിച്ചറിവുണ്ടാകണം'.

ഇനിയും കർമ്മശേഷി ഉണ്ട് 

ശരിക്കും 40 വയസുള്ളവർക്ക് ഇനിയും കർമ്മശേഷി ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. അതുകൊണ്ട് 40 വയസുകഴിഞ്ഞാൽ എല്ലാം തീർന്നുവെന്ന് പറഞ്ഞ് അലസരായി ഇരിക്കാതെ അവർക്ക് അനുയോജ്യമായ കർമ്മ മണ്ഡലത്തിലേയ്ക്ക് കുതിക്കാം. ഒരുപക്ഷേ, ആ ഊർജം ആകും നമ്മുടെ ആയുസും ആരോഗ്യവും വർദ്ധിപ്പിക്കുന്നത്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia