1950-60 കാലത്ത് കാർഷിക മേഖലയെ മാത്രം ആശ്രയിച്ച് ജീവിച്ചു വന്നവരായിരുന്നു ഇവിടുത്തുകാർ. തുടർന്നാണ് ബീഡി നെയ്ത്ത് മേഖല വികാസം പ്രാപിച്ചത്. കരിവെള്ളൂരിൻ്റെ വളർച്ചക്ക് നിദാനം ഈ രണ്ടു തൊഴിൽ മേഖല തന്നെ
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 17
(KVARTHA) പണ്ടു കുട്ടിക്കാലത്ത് നമ്മൾ പരസ്പരം പറഞ്ഞു കളിക്കുന്ന കാര്യം ഓർമ്മ വരുന്നു.
'നാടേത്', 'നാരങ്ങ', 'പേരെന്ത്?' 'പേരക്ക', എന്തിനാണിങ്ങിനെ പറയുന്നതെന്ന് ഇന്നും അറിയില്ല. ഒരു വ്യക്തിയെ പരിചയപ്പെടാൻ തുടങ്ങുന്നത് പേര് ചോദിച്ചു കൊണ്ടാണ്, തുടർന്ന് നാട് എവിടെയെന്നും ചോദിക്കും. സ്വന്തം പേരും ജീവിക്കുന്ന നാടും നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഞാൻ ജനിച്ചതും ജീവിക്കുന്നതും കരിവെള്ളൂർ ഗ്രാമത്തിലാണ്. അവിടെ കൂക്കാനം എന്ന പ്രദേശത്തായിരുന്നു വീട്. എവിടെ ചെന്നാലും കരിവെള്ളൂരാണ് സ്ഥലം എന്ന് പറയാൻ അഭിമാനമാണ്. അത്രയും പേരും പ്രശസ്തിയുമുള്ള നാടാണ് കരിവെള്ളൂർ.
2002 ൽ ദൽഹിയിൽ ഒരു ദേശീയ അവാർഡ് സ്വീകരിക്കാൻ ചെന്നപ്പോൾ ഒരനുഭവമുണ്ടായി. ആങ്കർ എന്നെ പരിചയപ്പെടുത്തി സ്റ്റേജിലേക്ക് ക്ഷണിച്ചു. അവാർഡ് നൽകുന്നത് അന്നത്തെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ കെ.സി പന്താണ്. സമീപത്ത് എം.എസ് സ്വാമിനാഥനുമുണ്ട്. അവാർഡ് കൈമാറുന്നതിന് മുമ്പേ കെ.സി. പന്ത് ചോദിച്ചു. 'ഗാവ് കഹാം ഹെ', 'കരിവെള്ളൂർ മേ', നാടിൻ്റെ പേര് പറയാൻ അഭിമാനമായിരുന്നു. അടുത്ത് നിൽക്കുന്ന സ്വാമിനാഥൻ സാർ പേര് കേട്ടപ്പോൾ തലയാട്ടി ചിരിച്ചു. അദ്ദേഹത്തിന് അറിയാമായിരിക്കാം.
1950-60 കാലത്ത് കാർഷിക മേഖലയെ മാത്രം ആശ്രയിച്ച് ജീവിച്ചു വന്നവരായിരുന്നു ഇവിടുത്തുകാർ. തുടർന്നാണ് ബീഡി നെയ്ത്ത് മേഖല വികാസം പ്രാപിച്ചത്. കരിവെള്ളൂരിൻ്റെ വളർച്ചക്ക് നിദാനം ഈ രണ്ടു തൊഴിൽ മേഖല തന്നെ. പ്രദേശത്തിൻ്റെ പേരിനും പ്രശസ്തിക്കും കാരണം 1946 ഡിസംബർ 20 ന് നടന്ന കർഷക പോരാട്ടമാണ്. എം.എസ്.പിക്കാരുടെയും ജന്മി ഗുണ്ടകളുടെയും തോക്കിനും ലാത്തിക്കും മുമ്പിൽ അടിപതറാതെ ഉറച്ചുനിന്ന് തങ്ങളുടെ വിരിമാറിലേക്ക് വെടിയുണ്ടകൾ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച സഖാക്കളുടെ ധീരത ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്.
കരിവെള്ളൂരിലെ കർഷകരിൽ നിന്ന് വാരം പാട്ടം എന്നിവയിലൂടെ ശേഖരിച്ച നെല്ല് ചിറക്കൽ കോവിലകത്തേക്ക് കടത്തിക്കൊണ്ടു പോവരുതെന്നും, പട്ടിണികൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർക്ക് റേഷൻ വിലക്ക് നൽകണമെന്നുമായിരുന്നു കുണിയൻ പുഴക്കരികെ ചെന്ന നാട്ടുകാരുടെ ആവശ്യം. അത് അംഗീകരിക്കാതെ നെല്ല് മുഴുവൻ ചങ്ങാടത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിനെ തടഞ്ഞതിനാലാണ് വെടിവെപ്പ് നടന്നതും രണ്ടു സഖാക്കൾ പിടഞ്ഞു വീണു മരിച്ചതും. അവരുടെ വീരസമരണ പുതുക്കുന്നതിനാണ് ഡിസംബർ 20 രക്തസാക്ഷി ദിനമായി എല്ലാ വർഷവും ജാതി - മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആചരിച്ചു വരുന്നത്.
ആശയാഭിപ്രായങ്ങളിൽ വ്യത്യസ്തരാണെങ്കിലും കരിവെള്ളൂർ ജനത സാംസ്കാരികമായുള്ള വളർച്ച മൂലം പരസ്പര സ്നേഹത്തോടെ ജീവിച്ചു വരുന്ന പ്രദേശമാണിത്. ഗ്രാമത്തിൻ്റെ കിഴക്കേ അതിർത്തി നീണ്ടു കിടക്കുന്ന കുന്നിൻനിരകളും പടിഞ്ഞാറ് വയലേലകളുമാണ്. തെക്കുഭാഗത്ത് വെള്ളൂർ പുഴയും വടക്കുഭാഗത്ത് ആണൂർപുഴയും അതിരുകളായി കിടക്കുന്നു. ക്ഷേത്രങ്ങളും പള്ളികളും നിരവധിയുണ്ടിവിടെ.
കരിവെള്ളൂരിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ വിദ്യാഭ്യാസനേട്ടങ്ങൾക്ക് നിദാനമാണ് കരിവെള്ളൂർ എ.വി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ. കരിവെള്ളൂർ മാഷമ്മാരുടെ നാടാണെന്ന് പറഞ്ഞു വരാറുണ്ട്. ഇന്ന് എല്ലാ മേഖലയിലും ജോലി ചെയ്തു വരുന്നവരുടെ നാടായി മാറി കരിവെള്ളൂർ. മിക്ക വീടുകളിലും ചുരുങ്ങിയത് ഒരു സർക്കാർ ജീവനക്കാരനോ പൊതുമേഖലാ ജീവനക്കാരനോ പ്രവാസിയോ ഉണ്ടായിരിക്കും. പഴയ കാല ദാരിദ്യാവസ്ഥയിൽ നിന്ന് വളരെയേറെ മുമ്പോട്ടു കുതിച്ചു പോവുകയാണ് കരിവെള്ളൂർ.
ഗ്രാമത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഗ്രന്ഥാലയങ്ങൾ തലയുയർത്തിനിൽക്കുന്നു. കൊച്ചുകുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിനും പഠനാനുകൂല മാനസികാവസ്ഥ സംജാതമാക്കാനും ഉതകുന്ന അങ്കൺവാടികൾ ഓരോ വാർഡിലുമുണ്ട്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിചരിക്കുന്നതിനും വിദ്യനൽകുന്നതിനും ഒരു സ്പെഷൽ സ്കൂൾസ്ഥാപനം ഇവിടെ പ്രവർത്തിച്ചവരുന്നു. കരിവെള്ളൂരിൽ കൂക്കാനത്ത് ഉന്നത വിദ്യാഭ്യാസ സൗകര്യത്തിന്ന് 'നെസ്റ്റ്' കോളേജും പ്രവർത്തിച്ചുവരുന്നു.
കരളുറപ്പുള്ള രാഷ്ട്രീയ നേതാക്കളുടെ നാടാണെൻ്റേത്. രാജ്യ സഭാംഗവും എം.എൽ.എ.യുമായിരുന്ന എ വി കുഞ്ഞമ്പു, കെ കൃഷ്ണൻ മാസ്റ്റർ, കരിമ്പിൽ അപ്പുക്കുട്ടൻ, കെ.പി. കുഞ്ഞിക്കണ്ണൻ, വി.വി. സരോജിനി, ഇങ്ങിനെയുള്ള പ്രഗത്ഭർ മൺമറഞ്ഞുപോയി. അവരുടെ പിൻതലമുറക്കാരായി ചുറുചുറുക്കുള്ള ചെറുപ്പക്കാർ ഉയർന്നു വരുന്നുണ്ട്. ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകാർ മാത്രമെ കരിവെള്ളൂരുണ്ടായിരുന്നുള്ളു. പാർട്ടി ഗ്രാമം എന്ന പേര് അന്വർത്ഥമാക്കിക്കൊണ്ടായിരുന്നു ഗ്രാമം നിലകൊണ്ടത്. എൻ്റെ ചെറുപ്പകാലത്ത് വളരെ കുറച്ചു കുടുംബങ്ങൾ മാത്രമെ കോൺഗ്രസുകാരായി ഉണ്ടായിരുന്നുള്ളു.
ഇന്ന് അവസ്ഥ മാറിക്കൊണ്ടിരിക്കയാണ്. മിക്കവാറും എല്ലാ കക്ഷി രാഷ്ട്രീയക്കാരും സജീവമാണിവിടെ. ഇത്രയും കാലമായിട്ടും പഞ്ചായത്ത് ഭരിക്കുന്നത് സി.പി.എം തന്നെയാണ്. സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖരും ഗ്രാമത്തിൻ്റെ പ്രശസ്തിക്ക് കാരണക്കാരായിട്ടുണ്ട്. പ്രാചീന ഗദ്യകൃതികളിൽ ഒന്നായ 'ഉത്തരരാമായണ'ത്തിൻ്റെ കർത്താവ് വങ്ങാട്ട് ഉണിത്തിരി, ജ്യോതിഷ പണ്ഡിതനും കവിയുമായ ശങ്കര നാഥ ജ്യോൽത്സ്യർ, പലിയേരി എഴുത്തച്ഛൻ, മാന്യ ഗുരു എന്ന പേരിലറിയപ്പെടുന്ന കേളുനായർ, മണക്കാടൻ ഗുരുക്കൾ, തുടങ്ങിയ പ്രഗത്ഭർ ജനിച്ചു മരിച്ച മണ്ണാണിത്.
അതിൻ്റെ പിൻതുടർച്ചക്കാരായി കരിവെള്ളൂർ മുരളി, ഹരിദാസ്, പ്രകാശൻമാഷ് തുടങ്ങി നിരവധി എഴുത്തുകാർ മുന്നോട്ട് വരുന്നുണ്ട്. നിരവധി സന്നദ്ധ സംഘടനകളും സാംസ്കാരിക സംഘടനകളും പഴയ കാലം മുതലേ ഇവിടെ ഉടലെടുത്തിരുന്നു. ഇന്നും എവോൺ ക്ലബ്ബ്, പാലക്കുന്ന് പാഠശാല എന്നീ സംഘങ്ങളും സാംസ്കാരിക രംഗത്ത് തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച് മുന്നേറുന്നുണ്ട്. തുള്ളൽ കലാ രംഗത്ത് കേരളമെമ്പാടും അറിയപ്പെടുന്ന തുള്ളൽക്കളി വിദഗ്ധൻ കരിവെള്ളൂർ കുമാരനാശാനും മകൻ രത്ന കുമാറും കരിവെള്ളൂരിൻ്റെ അഭിമാനമാണ്.
നിരവധി പൂരക്കളി വിദഗ്ധരും, മണക്കാടൻ മുതലിങ്ങോട്ടുള്ള തെയ്യം കലാകാരന്മാരും കരിവെള്ളൂരിൻ്റെ അഭിമാനമാണ്. സിനിമാ ലോകത്ത് ഉയർന്നുവന്നു കൊണ്ടിരിക്കുന്ന നടി അനശ്വര രാജൻ, പ്രഗൽഭ നാടക- സീരിയൽ നടൻ എ കെ രാഘവൻ തുടങ്ങിയവരും കരിവെള്ളൂരിൻ്റെ സംഭാവനയാണ്. കരിവെള്ളൂരിൽ ജനിച്ചതിലും ജീവിക്കുന്നതിലും അഭിമാനം കൊള്ളുന്നു. ഇത്രയും നന്മ നിറഞ്ഞ മനുഷ്യപ്പറ്റുള്ള ജനതതയോടൊപ്പം വിവിധ കർമ്മമണ്ഡലങ്ങളിൽ വ്യാപൃതനാവാനും സാധിച്ചതിൽ എഴുപത്തി നാലിലെത്തിയ ഞാൻ പൂർണ്ണസംതൃപ്തനാണ്.