ഒരു പത്രം എങ്ങനെ തുടങ്ങാം?

 


ADVERTISEMENT

കെ.എച്ച്. നിസാര്‍

രു പത്രം തുടങ്ങാന്‍ ആദ്യം വേണ്ടത് പത്രത്തിന് ഇടാനുദ്ദേശിക്കുന്ന പേരിന് ആര്‍.എന്‍.ഐ.യുടെ അംഗീകാരം നേടണം.  ഇതിനായി പത്രം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന വ്യക്തി ആര്‍.എന്‍.ഐ.യുടെ വെബ് സൈറ്റില്‍ നിന്നും 'റ്റൈറ്റില്‍ വെരിഫിക്കേഷ'ന് ഉള്ള മാതൃക അനുസരിച്ച് ടൈപ്പ് ചെയ്‌തെടുത്ത അപേക്ഷാഫോമില്‍ പത്രത്തിന്റെ പേര്, ഭാഷ, പത്രം ഇറങ്ങുന്ന കാലപരിധി (രാവിലെ, മദ്ധ്യാഹ്നം, ദൈ്വവാരിക മുതലായവ) ഉടമയുടെ പേര്, പ്രസിദ്ധീകരിക്കുന്ന സ്ഥലം എന്നിവ പൂരിപ്പിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പിക്കണം.  അദ്ദേഹം അപേക്ഷയുടെ സാധുത പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം അപേക്ഷ ആര്‍.എന്‍.ഐ.യ്ക്ക് കൈമാറുന്നു.

ആര്‍.എന്‍.ഐ. ആ പേര് പത്രത്തിന് ഇടാമോ, മറ്റേതെങ്കിലും പ്രസിദ്ധീകരണം ആ പേരില്‍ ഇറങ്ങുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം അപേക്ഷ സ്വീകരിക്കപ്പെട്ടോ ഇല്ലയോ എന്നത് പത്രം ഉടമയെ കത്തു വഴി അറിയിക്കുന്നു. ആര്‍.എന്‍.ഐ.യ്ക്ക് അപേക്ഷ കിട്ടി 30 ദിവസത്തിനകം തീരുമാനമുണ്ടാവും. ഇതിനു ശേഷം www.rni.nic.in എന്ന സൈറ്റില്‍ നിന്നും നിര്‍ദിഷ്ട മാതൃക എടുത്ത് അതില്‍ സത്യവാങ്മൂലം തയ്യാറാക്കി മജിസ്‌ട്രേറ്റിനു സമര്‍പിക്കണം. തുടര്‍ന്ന് പ്രസിദ്ധീകരണം ആരംഭിക്കാം.

അനുമതി ലഭിച്ച് 42 ദിവസത്തിനുള്ളില്‍ പത്രമോ/വാരികയോ എങ്കില്‍ ആദ്യപ്രതി പുറത്തിറങ്ങണം. മാസികയെങ്കില്‍ 90 ദിവസത്തിനകവും. തുടര്‍ന്ന് ആര്‍.എന്‍.ഐ.യുടെ സൈറ്റിലെ നിര്‍ദിഷ്ട മാതൃക പ്രകാരം രജിസ്‌ട്രേഷനുള്ള അപേക്ഷ; സത്യവാങ്മൂലത്തിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, റ്റൈറ്റില്‍ വെരിഫിക്കേഷന്റെ കോപ്പി, ന്യൂസ്‌പേപ്പറിന്റെ ആദ്യപ്രതി, വിദേശ ബന്ധമില്ല എന്ന അഫിഡാവിറ്റ് (നോട്ടറി ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം), പത്രത്തില്‍ വാല്യം നമ്പര്‍, ഇഷ്യൂ നമ്പര്‍, ശ്രദ്ധയാകര്‍ഷിക്കത്തകവിധം കവര്‍ പേജില്‍ അച്ചടിച്ച പേര് - എല്ലാ പേജിലും പേരുണ്ടാവണം; ആര്‍.എന്‍.ഐ അംഗീകരിച്ചതു പോലെ തന്നെയാവണം പേര്, തീയതിയും പേജ് നമ്പരും എല്ലാ പേജിലുമുണ്ടാവണം.

ഒരു പത്രം എങ്ങനെ തുടങ്ങാം?ഇംപ്രിന്റ് ലൈനില്‍ പ്രിന്റര്‍, പബ്ലിഷര്‍, ഉടമ, എഡിറ്റര്‍ എന്നിവരുടെ പേരും പ്രസിദ്ധീകരണത്തിന്റെ മേല്‍വിലാസവും, പ്രിന്റിംഗ് പ്രസ്സിന്റെ മേല്‍വിലാസവും രേഖപ്പെടുത്തിയിരിക്കണം. രജിസ്‌ട്രേഷനുള്ള സത്യവാങ്മൂലം ഫയല്‍ ചെയ്ത്  റ്റൈറ്റില്‍ വെരിഫിക്കേഷനും കിട്ടിയ ശേഷം വാല്യം / ഇഷ്യു / എന്ന രീതിയില്‍ ഒന്നാമത്തെ പ്രതി ഇറക്കാം.  ഓരോ വര്‍ഷവും പൂര്‍ത്തിയാവുമ്പോഴും വാല്യം മാറിക്കൊണ്ടിരിക്കും.  പ്രിന്ററും പബ്ലിഷറും വ്യത്യസ്ത വ്യക്തികളാണെങ്കില്‍ പ്രസിദ്ധീകരണ ഉടമയുടെ ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ 'ഇന്ന വ്യക്തിയെ പബ്ലിഷറായി ചുമതലപ്പെടുത്തുന്നു' എന്ന സാക്ഷ്യ പത്രം വേണം.  പൂര്‍ണമാക്കിയ അപേക്ഷാ ഫോം സമര്‍പിച്ച് 30 ദിവസത്തിനുള്ളില്‍ ആര്‍.എന്‍.ഐ. പബ്ലിഷര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

രജിസ്‌ട്രേഷന് ശേഷമുള്ള ഔപചാരികതകള്‍

എപ്പോഴൊക്കെ പ്രസിദ്ധീകരണം പ്രിന്റ് ചെയ്യുന്നുവോ, അപ്പോഴൊക്കെ ഓരോ പതിപ്പ് ആര്‍.എന്‍.ഐ.ക്ക് എത്തിക്കണം.  കേരളത്തിനുള്ളില്‍ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് പ്രസാധകന്‍ നിര്‍ബന്ധമായും സമര്‍പിക്കണം.

 ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലെ കോപ്പിയോടൊപ്പം ഫോം നമ്പര്‍ 4 പൂരിപ്പിച്ച് അയയ്ക്കണം (പ്രസിദ്ധീകരണത്തിന്റെ ഉടമസ്ഥത സംബന്ധിച്ച ഈ ഫോം വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്).  സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഒരു ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഫോം നമ്പര്‍ - 2-ല്‍ തയ്യാറാക്കി സമര്‍പിക്കണം.  വര്‍ഷം തോറും ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയുള്ള കാലാവധിയില്‍ ഇത് സമര്‍പിക്കാം.  ദിനപ്പത്രങ്ങള്‍ ഇതിനു പുറമെ എ.ആര്‍-4 (അനക്‌സ്-10) എന്ന ഫോമും കൂടി സമര്‍പിക്കണം.

സത്യവാങ്മൂലം ഫയല്‍ ചെയ്യേണ്ടതെപ്പോള്‍?

പബ്ലിഷര്‍, പ്രിന്റര്‍, ഉടമ, കാലാവധി, പ്രിന്റിംഗ് പ്രസ് എന്നിവയില്‍ മാറ്റമുണ്ടാവുമ്പോള്‍ പബ്ലിഷറോ, പ്രിന്ററോ പുതിയ സത്യവാങ്മൂലം തയ്യാറാക്കി ജില്ലാ മജിസ്‌ട്രേറ്റിനു സമര്‍പിക്കണം. ഒപ്പം ഈ മാറ്റങ്ങള്‍ ഉള്‍പെടുത്തി പുതുക്കിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.എന്‍.ഐ.യ്ക്കും അപേക്ഷ സമര്‍പിക്കണം. എഡിറ്റര്‍ക്കോ ന്യൂസ് പേപ്പറിന്റെ വിലയിലോ മാറ്റമുണ്ടായാല്‍ സത്യവാങ്മൂലം സമര്‍പിക്കേണ്ടതില്ല. ആര്‍.എന്‍.ഐ.യെ അറിയിക്കുക മാത്രം ചെയ്താല്‍ മതി.

പേരുകള്‍ അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

അപേക്ഷാ നടപടി ക്രമം

പത്രത്തിന്റെ പേര് വെരിഫൈ ചെയ്യുന്നതിനുള്ള നിര്‍ദിഷ്ട അപേക്ഷാഫോമില്‍ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പിക്കണം. ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ ഒപ്പും സീലും തീയതി സഹിതം അപേക്ഷയില്‍ പതിച്ചിരിക്കണം.
അപേക്ഷയില്‍ പത്രത്തിന് നല്‍കാനുദ്ദേശിക്കുന്ന പേര്, പത്രം ഏതു ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നു, പ്രസിദ്ധീകരണ കാലാവധി, ഉടമയുടെ പേര്, മേല്‍വിലാസം, പ്രസിദ്ധീകരിക്കുന്നതെവിടെ (സ്ഥലം) നിന്ന് എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.

പത്രത്തിന് നല്‍കാനുദ്ദേശിക്കുന്ന പേര് സര്‍ക്കാര്‍ ഏജന്‍സികള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്ന സത്യവാങ്മൂലം ഉടമ നല്‍കണം. അപൂര്‍ണമായ അപേക്ഷകള്‍ നിരുപാധികം തള്ളപ്പെടും. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് തന്നെയായിരിക്കും അനുമതി നല്‍കപ്പെടുന്നത്. താഴെപ്പറയുന്ന കാരണങ്ങളാല്‍ പേര് അനുവദിക്കുന്നത് മുന്‍ഗണനാക്രമത്തിലാവാം.

കൊടുക്കാനുദ്ദേശിക്കുന്നത് വിദേശ ടൈറ്റിലാണെങ്കില്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ എന്‍.ഒ.സി. (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) വാങ്ങിയിരിക്കണം. നിലവിലുള്ള ടൈറ്റില്‍ ഉടമ ഒരു ടൈറ്റിലിനായി അപേക്ഷിച്ചാല്‍ അത് അയാള്‍ക്ക് നിലവിലുള്ള ടൈറ്റില്‍ തന്നെയായിരിക്കണം. മറ്റൊന്നിന് അനുമതി നല്‍കുന്നതല്ല. കോടതിയോ, മറ്റ് ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയുടെയോ ഉത്തരവ് പ്രസിദ്ധീകരണം സംബന്ധിച്ചുണ്ടായാല്‍ അതിനെതിരെ അപ്പീലിന് പോകാവുന്നതല്ല.

ഒരിക്കല്‍ ആര്‍.എന്‍.ഐ തള്ളിയ പേര് പുനര്‍വിചിന്തനത്തില്‍ സ്വീകരിക്കപ്പെട്ടാല്‍ അത് വീണ്ടും പരിഗണിച്ച ശേഷം അപേക്ഷിച്ച ആളിന് അനുവദിക്കും. മറ്റെല്ലാ കാര്യത്തിലും പ്രസ് രജിസ്ട്രാര്‍ എടുക്കുന്ന തീരുമാനം രേഖപ്പെടുത്തും.

Part 2:
പത്രത്തിന്റെ 'പരുവിളിക്കല്‍' ചടങ്ങ്

Keywords:  Article, News Paper, Name, Title, Verification, Government, RNI, Editor, Political Party, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia