Women Safety | കൊല്‍ക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് സ്ത്രീകളുടെ ജോലിസ്ഥലത്തെ സുരക്ഷാ പരാജയമോ?
ജോലിസ്ഥലത്ത് സ്ത്രീ വിശ്രമകേന്ദ്രം വേണ്ടേ
ഇരകളെ കുറ്റപ്പെടുത്തുന്നത് പതിവാകുന്നു
ദക്ഷ മനു
ന്യൂഡെല്‍ഹി: (KVARTHA) കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 31 വയസുള്ള വനിത ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 36 മണിക്കൂര്‍ ജോലി ചെയ്ത ശേഷം സെമിനാര്‍ ഹാളില്‍ വിശ്രമിക്കാനെത്തിയതായിരുന്നു അവര്‍. കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന സംശയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
151 ഗ്രാം സെമന്‍ ആണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. ആഗസ്റ്റ് ഒമ്പതിന് സംഭവം നടന്ന ശേഷം ഡോക്ടര്‍ ആത്മഹത്യ ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം വീട്ടുകാരെ അറിയിച്ചത്. അതുകൊണ്ട് തന്നെ അടിമുടി ദുരൂഹതയാണ് ഉയര്‍ത്തുന്നത്.
അതോടൊപ്പം ജോലിസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയും ഉയര്‍ത്തുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമം, അല്ലെങ്കില്‍ പോഷ് നിയമം, 2013 പാലിക്കുന്നതില്‍ സ്ഥാപനങ്ങളുടെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വലിയ പരാജയമാണ്.
സംഭവത്തെ അസ്വാഭാവിക മരണമെന്ന് പറഞ്ഞ് യുവ ഡോക്ടറെ കുറ്റപ്പെടുത്തുകയാണ് ആദ്യം ആശുപത്രി ഭരണകൂടം. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് രാജിവയ്ക്കുന്നതിന് മുമ്പ്, 'പെണ്‍കുട്ടി രാത്രിയില്‍ സെമിനാര്‍ ഹാളിലേക്ക് ഒറ്റയ്ക്ക് പോയത് നിരുത്തരവാദപരമാണെന്ന്' ആരോപിച്ചു. സെമിനാര്‍ ഹാള്‍ ആശുപത്രി പരിസരത്തായിരുന്നു, അതിനാല്‍ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനും നിരോധനത്തിനും പരിഹാരത്തിനും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ക്ക് വിധേയമാണ്.
തൊഴില്‍പരമായ സുരക്ഷയ്ക്കും മറ്റ് അനുകൂല സാഹചര്യങ്ങള്‍ക്കും സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഈ ഉത്തരവാദിത്തങ്ങളെല്ലാം മറന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രവര്‍ത്തിച്ചത്. മുമ്പത്തെ പല സംഭവങ്ങളെയും പോലെ, ഇത് ലിംഗഭേദത്തിന്റെയും തൊഴില്‍ അവകാശങ്ങളുടെയും ലംഘനമാണ്. തൊഴില്‍ നിയമങ്ങളുടെ പ്രശ്‌നം മാത്രമല്ല, ആരോഗ്യമേഖലയിലെ സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും പ്രത്യേക ആവശ്യങ്ങളും തിരിച്ചറിയുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു.
ജോലിസ്ഥലത്തെ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷയുടെയും അടിസ്ഥാന കാര്യങ്ങളുടെയും ലംഘനം നടന്നിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം;
എ. ജോലിസ്ഥലത്ത് ഒരു സ്ത്രീ തൊഴിലാളി ലൈംഗികാതിക്രമത്തിന് ഇരയായി
ബി. ഷിഫ്റ്റിന് ശേഷം അവള്‍ക്ക് വിശ്രമിക്കാന്‍ സുരക്ഷിതമായ ഇടമില്ലായിരുന്നു
സി. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് , അസമയത്ത് സെമിനാര്‍ ഹാളില്‍ എത്തിയതിന് സ്ഥാപന മേധാവി ഡോക്ടറെ കുറ്റപ്പെടുത്തി, അവരപ്പോഴും ജോലിസ്ഥലത്തായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വം മറന്നു.
ഡി. യുവ ഡോക്ടര്‍ തുടര്‍ച്ചയായ 36 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്തു, സാധാരണ എട്ട് മണിക്കൂറാണ് ജോലി, അതിന്റെ നാലിരട്ടിയാണെന്ന് ഓര്‍ക്കണം.
നഴ്‌സിംഗ്, ശിശു, വയോജന പരിപാലനം, വീട്ടുജോലി എന്നിവ ഉള്‍പ്പെടുന്ന പരിചരണ ജോലികളുടെ കൂട്ടത്തിലാണ് ആരോഗ്യ സേവനങ്ങളും. ഇത്തരം ജോലികള്‍ക്ക് മുഴുവന്‍ സമയ പ്രവര്‍ത്തനവും സഹാനുഭൂതിയും കാരുണ്യമായ ഇടപെടലും വേണം. രോഗികള്‍, സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുമായി തൊഴിലിടങ്ങളില്‍ ദീര്‍ഘനേരം ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് വ്യക്തിപരവും തൊഴില്‍പരവുമായ അതിരുകള്‍ ഇല്ലാതാകും.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ വനിതാ ജീവനക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കും. ഈ സാഹചര്യത്തില്‍ സ്ത്രീ തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് എങ്ങനെ ഉറപ്പാക്കാനാകും? രോഗികളും ബന്ധുക്കളും അടക്കം നിരവധി പേരുമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ദീര്‍ഘകാലം ഇടപഴകേണ്ടിവരും. ഏത് സമയത്ത് വിളിച്ചാലും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ജോലി സ്ഥലത്തെത്തണം.
അതുകൊണ്ട് സ്ത്രീ തൊഴിലാളികള്‍ എവിടെയായിരിക്കണം? അവര്‍ക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ? സാധ്യമെങ്കില്‍ അവര്‍ എവിടെ വിശ്രമിക്കണം? രാത്രി വൈകിയോ അതിരാവിലെയോ അവരുടെ ഷിഫ്റ്റ് അവസാനിച്ചാല്‍ അവര്‍ക്ക് ആശുപത്രി വളപ്പിനുള്ളിലെ ക്വാര്‍ട്ടേഴ്സിലേക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുമോ? ഇതിനൊന്നും വ്യക്തമായ ഉത്തരങ്ങളില്ല, ഈ ചോദ്യങ്ങളെല്ലാം വനിതാ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങളാണ്.
ഫാക്ടറീസ് ആക്ടിലും ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ് ആക്ടിലും സ്ത്രീകളുടെ രാത്രി-ഷിഫ്റ്റ് ജോലി പരിമിതപ്പെടുത്തുന്നത് ലൈംഗികാതിക്രമം തടയുന്നതിനും നീണ്ട ജോലി സമയത്തിന്റെ ശാരീരിക അപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനുമാണ്. എന്നാല്‍ ആശുപത്രി, കൃഷി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ഇത്തരം പരിധികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2000 ലെ വസന്ത ആര്‍ വിധിയിലെ മദ്രാസ് ഹൈക്കോടതി, സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചു. തൊഴിലുടമകള്‍ അവര്‍ക്ക് ജോലിക്കും വിശ്രമത്തിനും സുരക്ഷിതമായ ഇടങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥയും അതോടൊപ്പം ഉറപ്പാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള സുരക്ഷിതമായ യാത്രയും ഉറപ്പുനല്‍കുന്നു. ഈ നടപടികള്‍ ലൈംഗികപീഡനത്തിനെതിരെയുള്ള പ്രതിരോധമായുള്ളതാണ്.
12 മണിക്കൂര്‍ തുടര്‍ച്ചയായി വിശ്രമം അല്ലെങ്കില്‍ ഷിഫ്റ്റുകള്‍ക്കിടയിലുള്ള ഇടവേള എന്നിവയ്‌ക്കൊപ്പം സുരക്ഷിതമായ ജോലി, വിശ്രമം, ആരോഗ്യം, ശുചിത്വം, ശരിയായ വെളിച്ചം എന്നിവയും വിധി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആര്‍ജി കാര്‍ ആശുപത്രിയില്‍ ഈ വ്യവസ്ഥകള്‍ പാലിച്ചിരുന്നോ? ഈ സംഭവത്തെ തുടര്‍ന്ന്, രാജ്യത്തെ വനിതാ ആരോഗ്യപ്രവര്‍ത്തകരടക്കം അവരുടെ സുരക്ഷിതത്വത്തിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി. അവര്‍ ലൈംഗിക പീഡനം മുതല്‍ ശാരീരികമായ ആക്രമണം, മാനസിക ആഘാതം വരെ നേരിടുന്നുവെന്നും പരാതിപ്പെടുന്നു.
രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളിലെ റസിഡന്റ് ഡോക്ടര്‍മാരുടെ പ്രവൃത്തി ദിവസത്തിന്റെ ദൈര്‍ഘ്യം കുറച്ചുകാലമായി നിരീക്ഷണത്തിലാണ്. 2023-ലെ ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍, റസിഡന്റ് ഡോക്ടര്‍മാര്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്യണമെന്നും വിശ്രമിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. അതുകൊണ്ട് കൊല്‍ക്കത്തയില്‍ നടന്നത് തൊഴില്‍ സുരക്ഷയും ആരോഗ്യവും പ്രവര്‍ത്തന സാഹചര്യങ്ങളും നിയന്ത്രിക്കുന്ന നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. അതുകൊണ്ട് തന്നെ നിയമങ്ങളില്ലാത്തത് കൊണ്ടല്ല, അവ നടപ്പാക്കുന്നതിലെ വീഴ്ചയാണ് ഇത്തരം ദാരുണമായ സംഭവങ്ങളിലേക്ക് നയിക്കുന്നത് എന്ന് വ്യക്തമാക്കാം.
കടപ്പാട്: ദ ക്വിന്റ്
#KolkataCrime #WomenSafety #Healthcare #POSHAct #LaborLaws #DoctorSafety