Critique | പാണ്ഡവപുരത്തേക്കുള്ള യാത്രയിൽ, 'നെഞ്ച്' വായിക്കുമ്പോൾ


ട്രെയിൻ യാത്രയ്ക്കിടയിലെ നെഞ്ചിൻറെ താളം അവളുടെ ജീവിതത്തിലെ വിലപിടിച്ച മുഹൂർത്തമാകുന്നു
നിരൂപണം
പി എം ഷുക്കൂർ മുവാറ്റുപുഴ
(KVARTHA) സേതുവിൻ്റെ 'പാണ്ഡവപുരം' എന്ന നോവലിനെ ആസ്പദമാക്കി നെഞ്ച് എന്ന പേരിൽ കെ രേഖ ഗ്രന്ഥാലോകം സുവർണജൂബിലി പതിപ്പിലെഴുതിയ കഥയെപ്പറ്റിയുള്ള എൻ്റെ വസ്തുനിഷ്ഠമായ വിലയിരുത്തലാണ് ഇവിടെ കുറിക്കുന്നത്. എന്താണ് സ്ത്രീജീവിതം? ഒരു സ്ത്രീ തൻറെ ജീവിതത്തെ എങ്ങനെയാവും അനുഭവിക്കുന്നത്?. അനുഭവങ്ങളെ അഭിമുഖീകരിക്കുകയും പിന്നീടതാരോടെങ്കിലും വിവരിക്കുകയും ചെയ്യേണ്ടിവരുമ്പോൾ അനുഭവവും വിവരണവും തമ്മിലുള്ള അകലം എത്രമാത്രമായിരിക്കും? പുരുഷന്മാരെപ്പോലെ തന്നെ കള്ളം പറയാൻ സമർത്ഥകളാണോ സ്ത്രീകളും, വിധേയത്വത്തിൻറെ ശാരിരികചലനങ്ങൾക്കുമപ്പുറം ഉള്ളിൽ ഒരു റിബെൽ ഉരുവം കൊള്ളുന്നുണ്ടാകുമോ? നെഞ്ച് (രേഖ കെ, ഗ്രന്ഥാലോകം സുവർണജൂബിലി പതിപ്പ്) എന്ന ചെറുകഥയുടെ വായനയ്ക്കൊടുവിലാണ് ഈ ചോദ്യങ്ങളുണ്ടായത്.
സത്യത്തിൽ സ്ത്രീജീവിതങ്ങളുടെ ദയനീയതകളും നിസ്സഹായതകളും പിടച്ചിലുകളും അസ്വാതന്ത്ര്യവുമെല്ലാം പലപാട് കാണുവാനിടയായത് ഉള്ളിൽ തട്ടിമുറിഞ്ഞിട്ടുണ്ട്. അതിനുകാരണം അനുഭവിച്ചവർ എൻറെ ഏറെഅടുത്തവരാണെന്നതുകൊണ്ടു കൂടിയാണ്. പക്ഷെ നെഞ്ച് വായിക്കുമ്പോൾ ലോകം തന്നെ മാറുന്നതായി തോന്നുന്നതുപോലെ. കാഴ്ചയേക്കാൾ എത്രയോ തീവ്രമാണ് അനുഭവത്തോടടുത്ത ഒരുസ്ത്രീയുടെ എഴുത്ത്. ഇതിനർത്ഥം എഴുതിയതത്രയും കഥാകാരി അനുഭവിച്ചതാണെന്നല്ല, പലസ്ത്രീകളുടെ അനുഭവങ്ങൾ സമർത്ഥമായി വിളക്കിച്ചേർത്ത ഇക്കഥ അതിലെ ജീവിതസാഹചര്യങ്ങളുടെ ചിരപരിചിതത്വം കഥയെ സംഭവനിർവഹണമാക്കി മാറ്റുന്നു, വാക്കുകളുടെ ദൃശ്യപരത ഒരിയ്ക്കൽ കൂടി അനാഥമായ ജീവിതത്തിലെ അസ്വസ്ഥതകളിലേയ്ക്ക് വായനക്കാരനെ ഉണർത്തുന്നു.
ഒരുമധ്യവർഗ കുടുംബസദാചാരവും ജോലിയുമൊക്കെയായി ജീവിതത്തിൻറെ സമയപരിമിതി മറികടക്കാൻ ശ്രമിക്കുന്ന ഇന്ദുവിന് കോട്ടയത്തുനിന്ന് കൊച്ചിയ്ക്ക് ഔദ്യോഗിക സ്ഥലംമാറ്റം, പക്ഷെ പ്രമോഷനോടു കൂടിയതായതിനാൽ ഒഴിവക്കാൻ പറ്റാത്തതായി. വീട്ടുപണികളും ഉദ്യോഗവും അതിനിടയിൽ മക്കളെയൊരുക്കലും അവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കലും നിർഭാഗ്യവശാൽ ഇന്ദുവിനായി വിധിക്കപ്പെട്ടു. ഭർത്താവ് രാവിലെ ബാങ്കിലേയ്ക്ക് യാത്രയാകുമ്പോഴേയ്ക്കും പ്രഭാതഭക്ഷണം മാത്രമല്ല ഉച്ചഭക്ഷണം കൂടി തയ്യാറായാലും പോരാ, അതു പാത്രത്തിലാക്കി വെക്കും മുൻപേ മേശപ്പുറത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പാകത്തിലുണ്ടായിരിക്കണം. കുട്ടികൾ, ശാഠ്യങ്ങൾ, അലക്ക്, റെഡിമെയ്ഡ് ചപ്പാത്തി ചുട്ടെടുക്കൽ അങ്ങനെ പിന്നെയും മനസ്സും ശരീരവും ഒരേപോലെ തളരുകയാണ്. ഇതിനിടയിൽ ട്രെയിൻ യാത്രയും. കോട്ടയത്തുനിന്നും കൊച്ചിയിലേയ്ക്കും തിരിച്ചും. അതിന്റെ തിരക്ക് വേറെ.
ഇന്ദുവിൻറെ സ്ഥലം മാറ്റം സഹപ്രവർത്തകർക്കിടയിൽ സംസാരവിഷയമാകുന്നതിന്റെ പ്രധാനകാരണം കോട്ടയത്ത് താമസിച്ച് അതേ സ്ഥലത്ത് ജോലിചെയ്യുന്ന ഇന്ദു കൃത്യസമയത്ത് ഓഫീസിലെത്തുന്നത് ചരിത്ര സംഭവമായിരുന്നത് കൊണ്ടാണ്. നല്ലൊരു കുടുംബിനി (?) അല്ലാത്ത ഇന്ദു, അങ്ങനെ ആകാത്തതിൽ അവൾക്ക് നിരാശയുമില്ല. സാധാരണഗതിയിൽ മുൻപൊക്കെ സ്ത്രീകളുടെ വിവാഹകാര്യം ഒരു സമൂഹത്തിൻറെ മുഴുവൻ ബാധ്യതയായിരുന്നു. വിവാഹം മാത്രമല്ല ഒരു വ്യക്തിയുടെ സ്വകാര്യമായ പ്രവർത്തനങ്ങൾക്കുപോലും സമൂഹം സമയവും പരിധിയും കൽപ്പിച്ചിട്ടുണ്ട്. അതൊരു സ്ത്രീയുടേതാകുമ്പോൾ പ്രത്യേകമായൊരുത്സാഹവും കാര്യസ്ഥനാവും, കരനാഥന്മാരേറ്റെടുക്കും.
വിവാഹം കഴിഞ്ഞ് സമൂഹവും കുടുംബവുമൊക്കെ കരുതുന്ന സമയത്ത് സ്ത്രീ ഗർഭംധരിച്ചില്ലെങ്കിൽ പോലും പ്രശ്നമാണ്. അത്രമേൽ സ്ത്രീസുരക്ഷയ്ക്കിടം നൽകുന്നു അഭ്യസ്തവിദ്യരായ മലയാളികൾ. അതെന്തായാലും ഇന്ദു സമൂഹത്തിൻറെ വിധിയ്ക്ക് വഴങ്ങുന്നവളല്ല. പഠനവും കഴിഞ്ഞ് ഒരു ജോലി എന്ന ആഗ്രഹത്തിൽ പിടിച്ചു തൂങ്ങി നിന്നു. ജോലി കിട്ടി, ഇനിവേണ്ടതെന്താ, വിവാഹം. ഇത്രമേൽ തയ്യാറെടുപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ രണ്ടുപേരെ കൊലയ്ക്ക് കൊടുക്കും പോലെയാണ് നാളിതുവരെ ബഹുഭൂരിപക്ഷം വിവാഹങ്ങളും നടന്നിട്ടുള്ളതും നടക്കുന്നതും. എന്തിന് വിവാഹം, ഭാര്യ, കുടുംബം ഇതൊന്നും ഒരാളും ആരെയും ബോധ്യപ്പെടുത്തുകയോ അയാളോ അവളോ അതിന് തയ്യാറാണോ എന്നോ ഒരന്വേഷണവുമില്ലാതെ പാടത്ത് കന്നിനെ മേയാൻവിടുന്ന 'സർഗാത്മക' പ്രവൃത്തിയാകുന്നു വിവാഹം.
ഒരു സ്ത്രീ വിവാഹം വേണ്ടെന്നെങ്ങാൻ ഉച്ചരിച്ചുപോയാൽ പിന്നെ എന്താകുമെന്ന് പറയേണ്ടതില്ലാത്തവിധം കലാപകലുഷിതമാകും സമൂഹം. പുരുഷന്റെ കാര്യത്തിലും ഏതാണ്ടിതൊക്കെ തന്നെ. എത്രയോ കാര്യക്ഷമമായി നടത്തേണ്ടൊരു കാര്യമാണ്, സൂക്ഷ്മമായി ചെയ്യേണ്ടുന്ന തയ്യാറെടുപ്പനിവാര്യമായ ഗൗരവമേറിയൊരു കാര്യമാണ് വിവാഹമെന്ന് ഇനിയെന്നാണ് നാം മനസ്സിലാക്കുക?. ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് വിവാഹം, കുട്ടികളുണ്ടാകുവാനുള്ളൊരുപാധി ആണെന്ന് മാത്രമെന്ന് തിരിച്ചറിഞ്ഞ സമയമായപ്പോൾ മൂത്ത കുട്ടിയുണ്ടായി. ഒറ്റപ്പെട്ടൊരു ജീവിതത്തിലെ വിരസതമൂലം മകന് കൂട്ടുവേണമെന്ന ആഗ്രഹം ശാഠ്യമായപ്പോൾ ഒരു മകളും പിറന്നു. (അത്ഭുതമെന്നല്ലാതെ മറ്റെന്ത് പറയാൻ. നമ്മുടെ കുടുംബസംവിധാനങ്ങൾ ഇങ്ങനെയൊക്കെയാണ് സർ).
ജീവിതത്തെ കുറിച്ച് ഏതാണ്ടൊരു രൂപരേഖ - അങ്ങിങ്ങ് വക്കുപൊട്ടി ചിതറിയതാണെങ്കിലും - ഉണ്ടായിരുന്നു എന്ന് തോന്നിത്തുടങ്ങിയത് യാഥാർത്ഥ്യങ്ങളുമായി മുഖാമുഖം പൊരുതിയപ്പോഴായിരുന്നു. ജീവിതം എന്നുപറയുവാൻ മാത്രം ഒന്നും സംഭവിക്കാത്ത അതിരുകൾക്കുള്ളിലെ ചില നിസ്സാരതകളിൽപ്പെട്ട്, അതിലാനന്ദം കണ്ടെത്തിയ സാധാരണ പെൺകുട്ടികളെപ്പോലെ തന്നെയായിരുന്നു ഇന്ദുവും. യാന്ത്രികമായ ജീവിതം അതിൻറെ ചിട്ടകൾക്കൊത്തുമാത്രം പ്രവർത്തിക്കുന്നതിലെ മടുപ്പിൽ, അസ്വസ്ഥ്യങ്ങളിൽ, അബോധത്തിൽ രൂപം കൊണ്ട് കനത്തത്, അശാന്തിയിൽ മറ്റൊരുപാണ്ഡവപുരം പതിയെ പതിയെ തെളിഞ്ഞവരുന്നതുപോലെയാണ് അത് സംഭവിച്ചത്. അശാന്തമായ മനസ്സുകളിൽ പാണ്ഡവപുരം രൂപം കൊള്ളുന്നു.
സമയം തെറ്റി തിരക്കു പിടിച്ച് ദിവസങ്ങളിലൊന്നിൽ അവൾ ട്രെയിനിൽ ഒരുവിധം വലിഞ്ഞുകയറി, സാരിയൊട്ടിപ്പിടിച്ച് വിയർപ്പിൽ കുതിർന്നനിലയിൽ സാധാരണയിൽ കവിഞ്ഞ് ആളുകളെ കുത്തിനിറച്ച ബോഗിയ്ക്കുള്ളിൽ അവൾ ഞെങ്ങിഞെരുങ്ങി ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു. ക്ഷീണിതയുടെ ഇരിപ്പ്, 'ഞെട്ടിയുണർന്ന് നോക്കുമ്പോൾ വണ്ടി ഏറ്റുമാനൂർ വിട്ടിരുന്നു. അവൾ ഉറങ്ങിയിരുന്നത് ഒരാളുടെ വിശാലമായ നെഞ്ചിൽ കിടന്നായിരുന്നു'. സഹജമായ ലജ്ജയോടെ ക്ഷമചോദിച്ച് അവൾ സ്റ്റേഷനിലിറങ്ങി. തൻറെ ഉറക്കത്തിൻറെ വികൃതരൂപത്തെ പലവട്ടം മനസ്സിലിട്ട് ചേറ്റിക്കൊഴിച്ച്, 'വാതുറന്നുപിടിച്ച് ഉമിനീരൊലിപ്പിച്ചായിരിയ്ക്കുമോ' എന്നൊക്കെയുള്ള സ്ത്രീസഹജമായ വേവലാതികളോടെ അന്നവസാനിച്ചു. പക്ഷെ അതേ സംഭവത്തിൻറെ ആവർത്തനങ്ങളിൽ പിന്നീടവൾ ഒരു പ്രത്യേകതരം രസം കണ്ടെത്തുകയോ, അതാഗ്രഹിക്കുയോ ചെയ്തു.
അവൾ പലപ്പോഴും അണിഞ്ഞൊരുങ്ങി, സുഗന്ധവതിയായി, തലമുടി ചീകി പതിവുകൾ തെറ്റുകയും പിന്നീട് അയാളുടെ നെഞ്ചിൽ ബോധാബോധങ്ങൾക്കിടയിലും ഊയ്യലാടി സായാഹ്നങ്ങൾ സന്ധ്യയിലേയ്ക്കും രാത്രിയിലേയ്ക്കും കുതിച്ചാർത്തു. സഹയാത്രികർക്ക് അയാളും അവളും ഭാര്യാഭർത്താക്കന്മാരായിരുന്നു. അവരുടെ അന്വേഷണങ്ങളിൽ നിന്നും ചിലപ്പോൾ അയാൾക്കൊപ്പം അവളെ കാണാത്തപ്പോഴൊ നേരെ മറിച്ചോ സംഭവിക്കുമ്പോൾ സഹയാത്രക്കാർക്ക് നൽകപ്പെടുന്ന ഉത്തരങ്ങളിൽ നിന്ന് ദമ്പതിമാരായി അവർ ജീവിക്കുകയായിരുന്നു. നെഞ്ചിൽ തലചായ്ച്ച്, അതിൻറെ മിടിപ്പുകളിലൂടെ തനിക്കുറങ്ങാൻ വേണ്ടിയെന്നോണമുള്ള കഥ കേൾക്കുന്ന ഇന്ദു, ട്രെയിനിൻറെ ചലനങ്ങളിൽ ഒരു തൊട്ടിലെലെന്നോണം തൻറെ യാത്രയെ വിശദീകരിക്കുമ്പോൾ ഉറക്കത്തിൽപോലും അവൾ പറഞ്ഞുപോകുന്നുണ്ട് 'മാജിക് മൊമൻറ്സ്'.
ഇവിടെ നെഞ്ചെന്ന രൂപകം, ഹൃദയതാളവും യാത്രയുടെ താളവും ഉറക്കവും തീർക്കുന്ന സിംഫണിയുടെ മാജിക് മൊമൻസ് ഇതുവരെ അവളനുഭവിക്കാത്തതും തൻറെ ദാമ്പത്യജീവിതത്തിൽ അവൾ തേടിക്കൊണ്ടിരുന്നതുമായ 'മാന്ത്രിക നിമിഷങ്ങ'ളിലൂടെയുള്ള സഞ്ചാരം തനിയ്ക്കായ് അവൾ നിർമ്മിക്കുന്ന സ്വപ്നസമാനമായ ദൃശ്യങ്ങളാണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നു. കാരണം ഇന്ദുവിനെ പോലെ മധ്യവർഗ സദാചാരത്തിൻറെ ഭൂതകാലക്കെട്ടുകൾ ചുമക്കുന്നൊരാളെന്ന നിലയിൽ, സമൂഹത്തെയും സഹപ്രവർത്തകരെയും ഒട്ടൊരു സങ്കോചത്തോടെ നോക്കി കാണുന്നവളെന്ന നിലയിലും മനസ് മതിൽ ചാടുന്നതും അത് പുതിയ സഞ്ചാരപഥങ്ങളിലേയ്ക്ക് സ്വയം തിമിർക്കുകയും ചെയ്യുന്ന സാഹചര്യം, ജീവിതാവസ്ഥകൾ സൃഷ്ടിക്കുന്ന ഒറ്റപ്പെടലിൻറെയും വീട്ടിലും വെളിയിലും ചിലവഴിയ്ക്കുവാൻ തീരെ സമയം ലഭ്യമല്ലാത്ത വിധം സങ്കീർണമാകുമ്പോൾ മനസ് അനേകം മരീചികാ ഭ്രമങ്ങളിലേയ്ക്ക് എടുത്തെറിയപ്പെടുകയായിരിക്കാം.
ഇന്ദുവിനെ അഭ്യസ്തവിദ്യയും ബുദ്ധിമതിയും സമർത്ഥയുമായൊരുദ്യോഗസ്ഥയ്ക്ക് തനിച്ച് താങ്ങാവുന്നതിലേറെ സമ്മർദ്ദങ്ങൾ കലികൊണ്ടതുപോലെ തീരത്തെ വിഹ്വലമാക്കുമ്പോൾ അശാന്തിയുടെ,(ദേവിയുടെ മനസ് - വിവാഹാനന്തരം സംഭവിക്കുന്ന ഷോക്കിൽ ഉലയുമ്പോഴാണ് അതിൻറെ തിരയൊലികളായി പാണ്ഡവപുരവും ജാരനും ദേവിയിൽക്കുണർച്ച നേടുന്നത്). അതേപോലെ ട്രെയിൻ യാത്രയ്ക്കിടയിലെ നെഞ്ചിൻറെ താളം അവളുടെ ജീവിതത്തിലെ വിലപിടിച്ച മുഹൂർത്തമാകുന്നത് തൻറെ ഭർത്താവിൻറെ നെഞ്ചിൽ മുഖമമർത്തി ഹൃത്ഭാഷയ്ക്ക് ചെവിയോർത്തുകിടക്കുന്ന ശരാശരി സ്ത്രീയുടെ സഹജമായ ആഗ്രഹം, അത് നിറവേറ്റുവാനുള്ള അവളുടെ വേവലാതി പൂണ്ടൊരു സാഹസികത, സ്വയം നിർമ്മിച്ച പരപുരുഷ നെഞ്ചിൽ അഭയസ്ഥാനം കണ്ടെത്തുന്നത് ആത്മസംഘർഷങ്ങളുടെ തീരാദേശത്തെ പ്രയാണബാക്കിയാണ്.
മറ്റൊരൈവിധത്തിൽ പറഞ്ഞാൽ മാര്യേജ് ഒരു മിറേജാവുകയും അതിൻറെ സ്ഥലകാല യാഥാർത്ഥ്യങ്ങളെ വിമോചിപ്പിച്ചുകൊണ്ട് മനസ്സ് തേടുന്നൊരു നെഞ്ച്, സാന്ത്വനാലയം, മൗനത്തിലൂടെ മാത്രം സംവദിയ്ക്കുന്ന തീവ്രമായ വൈകാരിക ലോകം ഇന്ദുവിന് വേനൽക്കാല വാസഗേഹമാണ്. അത് സ്വയം നിർമ്മിതമാണ്, അഥവാ അവളനുഭവിയ്ക്കുന്ന അവിശ്വസനീയതയുടെ പിടച്ചിലാണ്, അതേപോലെ സമാശ്വാസവും. ഒരു പക്ഷെ ഇന്ദു എഴുതുന്ന കഥ കൂടിയാകണം നെഞ്ച്. പാണ്ഡവപുരത്തേയ്ക്കുള്ള ട്രെയിൻ യാത്ര. പക്ഷെ ഇവിടെ ജാരന്മാർ പുളയ്ക്കുന്ന ശരീരകാമനകളുടെ പാണ്ഡവപുരമല്ല, കുറച്ചു മണിക്കൂർ നേരം മാത്രം അനുവദിക്കപ്പെട്ട പറുദീസയായ പാണ്ഡവപുരം. ഒരു മനുഷ്യൻറെ നെഞ്ചിനെ പാണ്ഡവപുരത്തോട് ചേർത്തുവയ്ക്കുന്നത് യഥാർത്ഥ്യമാണ് ട്രെയിൻ യാത്രക്കാരനും അയാളുടെ നെഞ്ചും എന്നതുകൊണ്ടാണ്.
കഥ, അതിൻറെ തുടർച്ചയിൽ ഒരിയ്ക്കൽ പോലും അയാളുടെ മുഖമോ ശാരീരികമായ അവസ്ഥകളെയോ ഒന്നും വിശദമാക്കുന്നില്ല. ഒരു നെഞ്ച് മാത്രമാണയാൾ. പിന്നീട് നാഗമ്പടം പാലം കയറി മറയുന്ന അയാൾ അപ്പോഴും വായനക്കാരന് വ്യക്തമായ രൂപമേയല്ല. പൊലീസ് സ്റ്റേഷനിൽ വച്ച് അയാളുടെ ഫോട്ടോ കാണുമ്പോൾ പോലും ഇന്ദു അയാളുടെ മുഖത്തെ കുറിച്ച് സൂചിപ്പിക്കാത്തതെന്താവും? ഒറ്റകാരണം മാത്രം മനസ്സിൻറെ മഹാസഞ്ചാരങ്ങൾ, തികച്ചും അശാന്തമായ മനസ്സിൻറെ സഞ്ചാരങ്ങളെ സാർത്ഥകമായ തിരിച്ചറിവുകളിലേയ്ക്കുള്ള തുടർയാനങ്ങൾക്ക് പ്രേരണയരുളുന്ന നെഞ്ച്, ഹൃദയം എന്നിവയെല്ലാം ആത്മപരമാണ്, ശാരീരികമായ മാംസപരതയല്ല, ഇന്ദുവിനെ സംബന്ധിച്ച് സ്വപ്നം പോലും പട്ടിൻറെ ഉലച്ചിൽപോലുമില്ലാത്ത കാമനകളടങ്ങിയതോ അടക്കിപ്പിടിച്ചതോ ആയ അല്ലെങ്കിൽ കാമഛായപുരളാത്തൊരു ആലയമാണ്, സാന്ത്വനാലയം.