Book | ഗ്രാമീണ മുസ്ലിം എഴുത്തുകാരി

 


പുസ്തക പരിചയം 

-കൂക്കാനം റഹ്‌മാന്‍

(www.kvartha.com) ഉമൈ മുഹമ്മദ് എന്ന എഴുത്തുകാരിയെ പരിചയപ്പെട്ടത് അടുത്ത നാളുകളിലാണ്. 'കാറ്റ് കാട്ടുപൂക്കളോട് പറഞ്ഞ കഥ' എന്ന ചെറുകഥാ സമാഹാരം കൈയ്യില്‍ കിട്ടിയപ്പോള്‍ ആ ഗ്രന്ഥകാരി ആരാണെന്ന് ശ്രദ്ധിച്ചു. ഒരു മുസ്ലീം സ്ത്രീയാണെന്നറിഞ്ഞപ്പോള്‍ അവരെക്കുറിച്ചറിയാന്‍ കൂടുതല്‍ താത്പര്യം തോന്നി. പുസ്തകത്തിലെ പന്ത്രണ്ട് ചെറുകഥകളും ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. ഇതില്‍ കഥ പറച്ചിലല്ല. അനുഭവം പറച്ചിലാണെന്ന് തോന്നിപ്പോയി. വായനക്കാരന്റെ മുമ്പിലേക്ക് കഥാപാത്രങ്ങള്‍ നേരിട്ട് വന്ന് പറയുന്നു എന്നു തോന്നിപ്പിക്കും വിധമുള്ള എഴുത്ത് അനുഭവസമ്പത്തുള്ള അനുഗ്രഹീതയായ കഥാകാരിയുടെ വിരല്‍ തുമ്പില്‍ വിരിഞ്ഞ മണമുള്ള കഥകള്‍.
      
Book | ഗ്രാമീണ മുസ്ലിം എഴുത്തുകാരി

നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടപ്പെട്ട ഒരു സ്ത്രീയാണിയെഴുതിയതെന്ന് വിശ്വസിക്കാനാവുന്നില്ല. വിവാഹിതയും രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അമ്മയുമാണിവര്‍. ജീവിത പ്രാരാബ്ധങ്ങളുടെ ഇടയില്‍ വീണുകിട്ടുന്ന സമയത്ത് മനസ്സിലുദിച്ച ചില കഥാതന്തുക്കള്‍. അവ ക്രോഡീകരിച്ച് പിന്നീട് എഴുതും. എഴുതാനുള്ള കഴിവ് ജന്മനാലഭിച്ച സിദ്ധിയാണെന്നു വേണം ഉമൈയുടെ കഥ വായിക്കുമ്പോള്‍ തോന്നുക. ഉമൈ അവളുടെ എഴുത്തിനെക്കുറിച്ചുവായനക്കാരോട് പറയുന്നു. 'ഉണര്‍ന്നിരിക്കുമ്പോള്‍ എപ്പഴോ കണ്ട ഒരു കുഞ്ഞ് സ്വപ്നമുണ്ട്. ജീവിതയാത്രയിലെ തിരക്കുകളില്‍പെട്ട് ചിതലരിച്ചു തുടങ്ങിയ ആ സ്വപ്നം വീണ്ടും ആരൊക്കെയോ ചേര്‍ന്ന് പൊടി തട്ടി എടുത്തിരിക്കുന്നു. നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് ഞാന്‍ കണ്ട ചെറിയ ലോകവും ചുരുങ്ങിയ വിടവിലൂടെ ഞാന്‍ കണ്ടെത്തിയ കുറച്ചു പച്ചയായ മനുഷ്യരുടെ യഥാര്‍ഥ ജീവിതവും ആണ് ഞാന്‍ കുറിക്കാന്‍ ശ്രമിച്ചത്'.

ഭ്രാന്തനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചിന്തയോടെയാണ് ഭ്രാന്തന്‍ എന്ന കഥയിലൂടെ കടന്നുപോയത്. വായനക്കാരുടെ ചിന്തക്കതീതമായി ഭ്രാന്തനിലും സ്നേഹവാത്സല്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കഥാകാരിക്കും കഴിഞ്ഞു. ഏതോ ഒരു കാമഭ്രാന്തന്റെ കയ്യില്‍ അകപ്പെട്ട് ഞെരിഞ്ഞമര്‍ന്ന് മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു പെണ്‍കുഞ്ഞിന്റെ അപ്പനാണ് ഈ ഭ്രാന്തനെന്ന് നമുക്കു തോന്നും വിധമാണ് കഥ പോകുന്നത്. കുടിച്ച് ലക്കുകെട്ട ഉരുക്കിന്റെ ശക്തിയുള്ള മാംസപേശിയുള്ള കാമഭ്രാന്തന്റെ കരാള ഹസ്തത്തില്‍ നിന്ന് കഥയിലെ നായികയെ ഭ്രാന്തന്‍ രക്ഷപ്പെടുത്തുന്നുവെന്നറിയുമ്പോള്‍ വായനക്കാരന്റെ ഉള്ളും ശാന്തമാകും.
പൊലിഞ്ഞുപോയ താരാട്ട് എന്ന കഥ കണ്ണുനിറയ്ക്കുന്നത് തന്നെയാണ്. പ്രസവിച്ച കുഞ്ഞിനെ കുളിപ്പിച്ച് ഇപ്പോള്‍ കൊണ്ടുവരും എന്ന് ആര്‍ത്തിയോടെ കാത്തിരിക്കുന്ന പെറ്റമ്മ.

കാത്തുനിന്ന് കാത്തുനിന്ന് മാസങ്ങളോളം ആകാംക്ഷയോടെ കുഞ്ഞിനെ താലോലിക്കാനുള്ള മോഹവുമായി കാത്തു നില്‍ക്കുന്ന അച്ഛന്‍. അവരുടെ ഇടയിലേക്കാണ് മൃതദേഹവുമായി ചോരകുഞ്ഞിന്റെ ജഡവുമായി നഴ്‌സ് കടന്നു വരുന്നത്. കഥാകാരിയുടെ വാക്കുകളില്‍ 'മുലപ്പാലിന്റെ രുചി അറിയാത്ത അവളുടെ ചുണ്ടുകളും, ഭയംകൊണ്ട് ചുരുട്ടിപ്പിടിച്ച അവളുടെ കുഞ്ഞു വിരലുകളും നമ്മുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കും'. പിറക്കാതെ പോയ താരാട്ടാണ് നമ്മുടെയെല്ലാം കാതുകളില്‍ അലയടിപ്പിക്കാന്‍ പോകുന്ന തരത്തിലാണ് കഥയുടെ ഒഴുക്ക്'.

റെയില്‍ പാളത്തിനരികിലെ വയലില്‍ ആടിനെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി ആട്ടിന്‍ കുട്ടികളോട് എന്തൊക്കെയോ കെഞ്ചി പറയുന്നുണ്ട്. ആ കെഞ്ചിപ്പറച്ചില്‍ അടുത്തുള്ള കുറ്റിക്കാട്ടിനരികെയിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കേട്ടു എന്നവള്‍ക്ക് തോന്നി. അയാളെ നോക്കി അവള്‍ ചിരിച്ചു. അയാള്‍ തിരിച്ചും. രണ്ടു മൂന്നുതവണ ഇതാവര്‍ത്തിച്ചു. ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് ഒരു ആട് ഓടിയപ്പോള്‍ അതിന് പിറകേ അവളും ഓടി. ട്രയിന്‍ വിസില്‍ മുഴക്കിക്കൊണ്ടുവരുന്നുണ്ട്. റെയില്‍ പാളത്തിലേക്ക് ആളുകള്‍ ഓടിക്കൂടുന്നുണ്ട്. തലയും ഉടലും വേര്‍പ്പെട്ട നിലയില്‍ അതാ ഒരാള്‍ റെയില്‍ പാളത്തില്‍ കിടക്കുന്നു. പൊലീസെത്തി. മരിച്ച ആളുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു കവര്‍ പൊലീസ് കയ്യിലെടുത്തു. അമ്മയ്ക്കും കൂട്ടുകാര്‍ക്കും കാമുകിക്കും മാപ്പ് എഴുതിയും മരിക്കുന്നതിന് മുമ്പ് കണ്ട നിഷ്‌കളങ്കമായ ഒരു പെണ്‍കുട്ടിയോട് നന്ദിയും പറഞ്ഞാണ് ആത്മഹത്യാകുറിപ്പ് അവസാനിപ്പിക്കുന്നത്. 'ആത്മഹത്യാക്കുറിപ്പിലെ ഞാന്‍' എന്ന കഥയും മനോഹരമായിട്ടുണ്ട്.

ചില അപരിചിതരായ വ്യക്തികളെ ഒരു നോക്ക് കണ്ടാല്‍ മതി ആ വ്യക്തിയോട് മമത തോന്നും. അവിടെ സൗന്ദര്യത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വിലയില്ല. തോളില്‍ ഭാണ്ഡക്കെട്ടുമായി നടക്കുന്ന ഓടക്കുഴല്‍ വില്‍പനക്കാരനെ കടപ്പുറത്തു വെച്ചു കണ്ടുമുട്ടുന്നു. ആ പ്രായം ചെന്ന മനുഷ്യനെക്കുറിച്ച് കഥാകാരി പറയുന്നു. തോളിലെ ഭാണ്ഡക്കെട്ടിന്റെ ഭാരം കൊണ്ടാണോ അതോ നൊമ്പരങ്ങളുടെ ആഴം കൊണ്ടാണോ എന്നറിയില്ല. കടപ്പുറത്തെ ആ മണലില്‍ അയാളുടെ മെലിഞ്ഞുണങ്ങിയ കാലുകള്‍ ഇടക്കിടെ ഇടറിക്കൊണ്ടിരിക്കുന്നു. 'നടന്നുപോകുന്ന വൃദ്ധനായ ഓടക്കുഴല്‍ വില്‍പനക്കാരന്‍ നമ്മുടെ മുന്നിലൂടെ നടന്നുപോകുന്ന വിവരണം. പത്തു രൂപകൊടുത്തു വാങ്ങിയ ഓടക്കുഴല്‍ അദ്ദേഹത്തിന് തന്നെ സ്നേഹത്തോടെ അവള്‍ തിരിച്ചു കൊടുത്തു. പകരം അപരിചിതനായ വൃദ്ധന്‍ എല്ലാദിവസവും അവളുടെ അടുത്ത് വന്നിരുന്നു മനോഹരമായി ഓടക്കുഴലൂതും. അവസാനം കണ്ട ദിവസം അവളറിയാതെ ഒരു ഓടക്കുഴല്‍ അവളുടെ സമീപം വെച്ച് അയാള്‍ നടന്നകന്നു. അവള്‍ എന്നും അതിന് നന്ദി പറയാന്‍ അയാളെ കാത്തിരിക്കും. ആള്‍ത്തിരക്കിനിടയില്‍ അയാളുടെ മുഖം തിരിച്ചറിയാന്‍ ശ്രമിക്കും. പരസ്പരം കാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും എത്ര പ്രതീക്ഷയോടെയാണ് ഓരോ തവണയും തിര കരയെ തേടിയെത്തുന്നത്'.

കഥ അവിടെ അവസാനിക്കുകയാണ്. കെട്ട കാലത്ത് ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാതായി. പറച്ചിലും എഴുത്തിലും സന്ദേശങ്ങളിലും യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാതെ ഉഴലുകയാണ് പലരും. സ്ഥിരമായി മെസ്സേജുകളിലൂടെ പരിചയപ്പെട്ട ഒരു ആണ്‍സുഹൃത്തിനെ അവളും സംശയിക്കുന്നു. ഓരോ ദിവസവും ഒരു നിമിഷമെങ്കിലും അവനോട് സംസാരിക്കണമെന്ന് അവന്‍ അവളോട് അപേക്ഷിക്കാറുണ്ട്. അതൊക്കെ വെറും നുണപറച്ചിലാണെന്നേ അവള്‍ കരുതിയുള്ളൂ. കാന്‍സര്‍ ബാധിതനായി മരണത്തോട് മല്ലടിക്കുമ്പോഴും അവന്‍ ഒത്തിരി സ്നേഹത്തിന് വേണ്ടി ദാഹിക്കുകയായിരുന്നു. അക്കാര്യം തിരിച്ചറിയാന്‍ അവള്‍ ഏറെ വൈകി. ആശുപത്രിയില്‍ കിടക്കുന്ന ഒരൂ സുഹൃത്തിനെ കാണാന്‍ ചെന്നപ്പോഴാണ് അമല്‍ എന്ന ചെറുപ്പക്കാരന്‍ അടുത്ത ബെഡില്‍ കിടക്കുന്നത് അവള്‍ കണ്ടത്. പരസ്പരം തിരിച്ചറിഞ്ഞ അവര്‍ അല്‍പനേരം നേരം നിശബ്ദരായി നിന്നു. തലയണക്കിടയില്‍ സൂക്ഷിച്ചുവെച്ച ഒരു തുണ്ട് കടലാസ് അവന്‍ അവളുടെ നേരെ നീട്ടി. ഒറ്റ വാചകമേ അതിലുണ്ടായുള്ളൂ. ഞാന്‍ നിങ്ങളസ്നേഹിക്കുന്നു. എന്റെ ഏറെ പ്രിയപ്പെട്ടവളായി', അവള്‍ ആ കുറിപ്പുമായി പുറത്തേക്കോടി.

'തണല്‍ തേടിയെത്തിയവന്‍' എന്ന കഥ ആരുടെയും കണ്ണ് നനയിക്കും. ഏതോ നാടോടി സ്ത്രീയില്‍ ആരുടെയോ മകനായി ജനിച്ച ഉണ്ണിക്കുട്ടന്‍ എന്ന അനാഥക്കുട്ടിയുമായി അബ്ദു എന്ന മനുഷ്യസ്നേഹി അദ്ദേഹത്തിന്റെ വീട്ടിലെത്തി. 'സല്‍മന' എന്ന കുട്ടിയെ തന്റെ ഭാര്യയുടെ കൈകളില്‍ ഏല്‍പ്പിക്കുന്നു. അവരുടെ മകള്‍ കദീജക്കുട്ടി 'നമുക്കവന്റെ പേരുമാറ്റാം ബാപ്പ' എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഖദീജക്കുട്ടിയുടെ അനിയനായി നല്ല മനുഷ്യനായി വളരട്ടെ എന്ന് നിര്‍ദേശിച്ചപ്പോള്‍ മതത്തിനപ്പുറം മനുഷ്യസ്നേഹം ഊട്ടി ഉറപ്പിക്കുന്ന അബ്ദുവിന്റെ ശബ്ദം നമ്മുടെ ചെവിയിലും സന്തോഷത്തോടെ മുഴങ്ങും.

ഉമൈ മുഹമ്മദിന്റെ യഥാർഥ നാമം ഉമൈബ എന്നാണ്. ഉമൈ മുഹമ്മദ്‌ എന്ന തൂലിക നാമത്തിൽ ആനുകാലികങ്ങളിലും ഫേസ്ബുക്ക്‌ സാഹിത്യ ഗ്രൂപ്പുകളിലും കഥകൾ, കവിതകൾ എന്നിവ എഴുതാറുണ്ട്. ഭർത്താവ് മുഹമ്മദ്‌. രണ്ട് കുട്ടികൾ. കുടുംബസമേതം ഇപ്പോൾ കാസർകോട് ജില്ലയിലെ വാഴുന്നോറടിയിൽ താമസിക്കുന്നു.       

Book | ഗ്രാമീണ മുസ്ലിം എഴുത്തുകാരി

'എന്റേതല്ലാത്തഎനിക്കേറ്റവുംപ്രിയപ്പെട്ടൊരാള്‍ക്ക്' എന്ന് അഭിസംബോധന ചെയ്തുവയ്ക്കുന്ന 'ഏറെ പ്രിയപ്പെട്ടൊരാള്‍ക്ക്' എന്ന കഥയിലും മധുരോദാരമായി പ്രണയോര്‍മകള്‍ തുടിക്കുന്ന കഥയും ആകര്‍ഷകമാണ്. സമൂഹത്തില്‍ നടമാടുന്ന നന്ദികേടുകളെ സസൂക്ഷ്മം വീക്ഷിച്ച് എഴുതിയതാണ് നെഞ്ചിലെ നെരിപ്പോടുകളും വേരുകളും മരിച്ചു പോയ മഞ്ഞശലഭങ്ങളും മരിച്ചുപോയവന്റെ ഭാരം ചുമക്കുന്നവള്‍ എന്നീ കഥകള്‍. ഇതൊക്കെ അടച്ചിട്ട വീടിന്റെ നാലു ചുമരുകള് ക്കത്ത് തളച്ചിട്ട ഒരു സ്ത്രീയില്‍ നിന്നാണ് പുറത്തു വന്നതെന്ന് ഓര്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. സമൂഹത്തില്‍ നടമാടുന്ന ഓരോ തുടിപ്പുകളും ഹൃദയത്തിലേക്കാവാഹിച്ചെടുത്താണ് ഈ കഥാസമാഹാരം എഴുതിയിട്ടുള്ളത്.

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും സ്വന്തം ഭാവനയും ഒക്കെ കൂട്ടിക്കുഴച്ച് മനോഹരമായി ചമച്ചതാണ് ഇതിലെ പന്ത്രണ്ട് കഥകളും. പേരെടുത്തവളല്ല ഈ കഥാകാരി. പേരെടുക്കണമെന്ന മോഹവുമില്ല. പക്ഷെ എഴുത്ത് കഥാകാരിക്ക് ഹരമാണ്. അതിനാല്‍ കിട്ടാവുന്ന സമയത്തൊക്കെ എഴുതിക്കൊണ്ടിരിക്കും. സന്മനസ്സുള്ളവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അതൊരു പ്രചോദനമാവുകയും ചെയ്യും.

Keywords: Book Review, Stories, Writer, Umay Muhammad, Kokkanam Rahman, Rural Muslim writer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia