Neighbors | പാത്തുമ്മേത്യാറും സൈനീത്യാറും 

 
a time when neighborly relations were strong


രണ്ടു കാലത്തിലൂടേയും ജീവിച്ചു വന്നവര്‍ ഈ കാലഘട്ടത്തിലെ മനുഷ്യപറ്റില്ലാത്ത ജീവിത രീതി കാണുമ്പോള്‍ അന്ധാളിച്ചു നില്‍ക്കുകയാണ്

കൂക്കാനം റഹ്‌മാൻ

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 10) 

(KVARTHA) എന്‍റെ വീടിന്‍റെ അയല്‍പക്കത്ത് ചെറിയമ്മ എന്ന് പേരായ പ്രായം ചെന്ന ഒരമ്മ ഉണ്ടായിരുന്നു. ബ്ലൗസിടില്ല. ഒരണ പുടവയാല്‍ മാത്രമാണ് നടത്തം. എന്‍റെ വീടിന്‍റെ അടുക്കള ഭാഗത്തെ കളത്തില്‍ അവര്‍ വന്നിരിക്കും. നാട്ടുവര്‍ത്തമാനങ്ങള്‍ വീട്ടിലെ ഉമ്മയും ഉമ്മുമ്മയുമായി പങ്കുവെക്കും. ഗ്രാമത്തിലെ മുഴുവന്‍ കാര്യവും ചെറിയമ്മ പറയാറുണ്ട്. നല്ല നാടന്‍പാട്ടുകാരിയാണ്. പാടാന്‍ പറഞ്ഞാല്‍ ആവേശത്തോടെ പാടും. അക്കാലത്ത് ദേശാഭിമാനി വാരികയില്‍ നാടന്‍പാട്ട് എന്ന ഒരു പംക്തി ഉണ്ടായിരുന്നു. ചെറിയമ്മ പാടിയ പാട്ട് എഴുതിയെടുത്ത് ഞാന്‍ വാരികയ്ക്ക് അയക്കുകയും അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തിട്ടുണ്ട്. അക്കാര്യം പറയുമ്പോള്‍ ചെറിയമ്മ ഉറക്കെ ചിരിക്കും.

a time when neighborly relations were strong

ചെറിയമ്മ വര്‍ത്തമാനമൊക്കെ പറഞ്ഞു കഴിയുമ്പോള്‍ സന്ധ്യയായിട്ടുണ്ടാവും. അടുപ്പില്‍ തീ കൂട്ടാന്‍ തീപ്പെട്ടിയൊന്നും വാങ്ങാന്‍ പാങ്ങില്ലാത്ത കാലം. ഉണങ്ങിയ ചേരിപ്പാണ്ടയില്‍ തീക്കനല്‍ വാങ്ങി അവര്‍ വീട്ടിലേക്കു ചെല്ലും. അയല്‍ വീട്ടില്‍ നിന്ന് തീ പോലും കടം വാങ്ങി ജീവിച്ച കാലം. പരസ്പര സ്നേഹത്തിന്‍റേയും കൊടുക്കല്‍ വാങ്ങലിന്‍റേയും കാലം. ഞങ്ങള്‍ കൂട്ടുകാര്‍ ചെറിയമ്മയുടെ വീട്ടിലേക്കു പോകാറുണ്ട്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വലിയ ഓടിട്ട വീടായിരുന്നു അത്. വീടിന്‍റെ ഒരു ഭാഗത്ത് പഴയ ചക്കാലയുണ്ട്. കാളയെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന സ്ഥലമാണത്. ചക്കാലയെ തൊഴില്‍ ചെയ്യുന്ന ഇടം എന്നതിലുപരി പുണ്യ സ്ഥലമായി കാണുകയും, അവിടെ സന്ധ്യാ സമയത്ത് വിളക്കു വെക്കാറുമുണ്ട്. ഇന്ന് അതൊക്കെ നശിച്ചു പോയി കാണും.

ഞങ്ങളുടെ വീടിന്‍റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ ആ തറവാട്ടുകാരുടെ ചുട് കാട് ഉണ്ടായിരുന്നു. വീടിനടുത്താണ്, കിണറിന്‍റെയും അടുത്താണ്. മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ല. വീടിന്‍റെ വാതിലുകളും ജനലുകളും അടച്ചിട്ടാണ് ആ ദിവസത്തെ ഞങ്ങളുടെ ജീവിതം. കിണറിന് മുകളില്‍ ഓലയിട്ട് മറക്കും. ആ തറവാട്ടിലെ ആരും മരിക്കരുതേയെന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന. രണ്ടു മൂന്നു ദിവസം കുട്ടികളായ ഞങ്ങള്‍ പുറത്തിറങ്ങാറില്ല. 'കൂളി' വരുമെന്ന പേടികാരണമായിരുന്നു പുറത്തിറങ്ങാതിരുന്നത്.

വീടിന് കിഴക്കു ഭാഗത്തുളള അയല്‍പക്കം കോയ്യന്‍ കുഞ്ഞാതിയേട്ടിയുടേതായിരുന്നു. കുഞ്ഞാതിയേട്ടി അവരുടെ മൂത്തമകള്‍ നാരായണിയേട്ടി എന്നിവര്‍ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. പരസ്പരം നാട്ടുവര്‍ത്തമാനം പങ്കുവെക്കല്‍ പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ എന്നിവയും സ്നേഹ-സൗഹൃദ കൂട്ടായ്മയും മറക്കാന്‍ കഴിയില്ല. എന്നെ കുഞ്ഞാതിയേട്ടി കിടാവ് എന്നാണ് വിളിക്കാറ്. ബ്ലൗസിടാതെ നടക്കുന്ന അവരുടെ അമ്മിഞ്ഞ ഞാന്‍ കുടിച്ചിട്ടുണ്ടെന്ന് എപ്പോഴും പറയും. കുഞ്ഞാതിയേട്ടി ഫാത്തിമ എന്ന് പേരായ എന്‍റെ ഉമ്മുമ്മയെ 'പാത്തുമ്മേത്യാറ്' എന്നും സൈനബ എന്നു പേരായ എന്‍റെ ഉമ്മയെ 'സൈനീത്യാറ്' എന്നുമാണ് വിളിച്ചിരുന്നത്. ബ്രാഹ്മണ സ്ത്രീകളെ 'നേത്യാറ്' എന്ന് വിളിക്കാറുണ്ട് പോലും. അതിനെ ഓര്‍മ്മപ്പെടുത്തുന്നതാണോ ഈ നേത്യാര്‍ വിളി എന്നറിയില്ല.

തൊട്ടപ്പുറത്തെ കുണ്ടത്തിലെ കുഞ്ഞാത്യേട്ടിയും പയമ പറയാന്‍ വീട്ടിലേക്കു വരും. ആ വീട്ടില്‍ 'കുറത്തി തെയ്യം' കെട്ടി ആടിക്കാറുണ്ട്. തെയ്യം കാണാന്‍ ജാതി മത ഭേദമില്ലാതെ എല്ലാവരും അവിടെ ചെല്ലാറുണ്ട്. പരസ്പര സ്നേഹ വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരായിരുന്നു അയല്‍ വീട്ടുകാര്‍. തെക്കു ഭാഗത്തുളള ഉണ്യന്‍ രാമേട്ടന്‍റെ വീട്ടുകാരും എല്ലാ കാര്യത്തിനും സഹായത്തിനെത്തും. അവിടുത്തെ നാരായണിയേട്ടി പീടികയിലേക്കുളള സാധനങ്ങളും അണ്ടിയും, കൊപ്പരയും കരിവെളളൂരിലേക്ക് തല ചുമടായി കൊണ്ടു പോകുവാന്‍ സഹായിക്കും ആ വീട്ടിലെ ചെറിയമ്മയ്ക്ക് എപ്പോഴും വായുവിന്‍റെ അസുഖമുണ്ടാവും. ഒരു ഇലകഷ്ണത്തില്‍ അല്പം കറിയുപ്പും, നാലോ അഞ്ചോ കപ്പ മുളകും എടുത്ത് ഉമ്മയെ സമീപിക്കും. അതില്‍ മന്ത്രിച്ചു ഊതി കൊടുത്താല്‍ ചെറിയേട്ടിക്ക് സന്തോഷമാവും.

ഉമ്മ മന്ത്രിക്കലൊന്നുമില്ല. ഇലയിലെ ഉപ്പും മുളകും അകത്ത് കൊണ്ടു പോയി മന്ത്രിച്ചു എന്ന് പറഞ്ഞ് തിരികെ കൊടുക്കും. അത് രണ്ട് കയ്യും നീട്ടി അവര്‍ വാങ്ങും. പറങ്കിയും ഉപ്പും ഗ്യാസിന് അല്പം ശമനം കിട്ടും. അവര്‍ അതിന് കൊതി കൂടല്‍ എന്നാണ് പറയാറ്. അയല്‍പക്ക ബന്ധങ്ങള്‍ ദൃഢതയുളളതായ പഴയകാലത്തേക്ക് ചിന്ത പോയത് ആധുനിക കാലത്തെ അറ്റുപോയ്ക്കൊണ്ടിരിക്കുന്ന അയല്‍ സൗഹൃദം അനുഭവപ്പെടുമ്പോഴാണ്. ഒന്നിനും പുറത്തിറങ്ങാത്ത കാലം അടുത്ത വീട്ടിലെ വിശേഷങ്ങള്‍ ഫോണിലൂടെ ചോദിക്കുകയും അവിടെ നടന്ന വിശേഷങ്ങള്‍ വീഡിയോയിലൂടെ കാണുകയും ചെയ്ത് സന്തോഷിക്കുകയാണ് നമ്മള്‍. 

സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കു പോകാതെ ആവശ്യമായ സാധനങ്ങള്‍ ഓണ്‍ലൈനില്‍ വരുത്തി ആവശ്യം നിറവേറ്റുന്നതുമായുളള പരസ്പര ബന്ധം യന്ത്രങ്ങള്‍ വഴി സാധിച്ചെടുക്കുകയാണ്. പരസ്പരം കാണാതിരിക്കാന്‍ മതിലുകള്‍ വളരെ ഉയരത്തിലാണ് നിര്‍മ്മിക്കുന്നത്. രണ്ടു കാലത്തിലൂടേയും ജീവിച്ചു വന്നവര്‍ ഈ കാലഘട്ടത്തിലെ മനുഷ്യപറ്റില്ലാത്ത ജീവിത രീതി കാണുമ്പോള്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. സ്നേഹബന്ധങ്ങളും ഇടപെടലുകളും ഒരിക്കലും തിരിച്ചു വരില്ല എന്ന ബോധ്യമുണ്ടെങ്കിലും ന്യൂ ജന്‍സിന് ആ മധുരോധാരമായ അയല്‍പക്ക സ്നേഹോര്‍മ്മകള്‍ പങ്കിട്ടു കൊടുത്തെങ്കിലും നമുക്ക് സായൂജ്യമടയാം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia