Nostalgia | കടീ പൊട്ടൻ! കേരളത്തിലെ പഴയ കാലത്തെ പ്രസവം എങ്ങിനെയായിരുന്നു?
ആദ്യത്തെ പ്രസവത്തിന് 'കടീ പേറ്' എന്ന് പറയും. ആദ്യത്തെ കുട്ടിയെ 'കടീ പൊട്ടൻ' എന്നും
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 18
(KVARTHA) ലോകത്ത് എല്ലാ വേദനകളിൽ വെച്ചും ഏറ്റവും വലിയ വേദന ഏതെന്ന് ചോദിച്ചാൽ പ്രസവിച്ച അമ്മമാർ പറയും 'പ്രസവവേദന' എന്ന്. ഇന്നത്തെ കാലത്ത് 'പേറ്' ഇല്ലല്ലോ 'കീറ്' ആയി മാറിയില്ലേ.? ഇന്ന് ഭൂമുഖത്ത് ജീവിക്കുന്നവരും മരിച്ചു പോയവരും ഒക്കെ ജനനം കൊണ്ടത് ഇപ്പറഞ്ഞ രണ്ട് പ്രക്രിയകളിലൂടെയാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് ജനനത്തിൻ്റെ രീതിയിലും മറ്റും മാറ്റം കാണാം. ജനനത്തിയ്യതി എല്ലാവർക്കും ഓർമ്മയുണ്ടാവും. അച്ഛനോ അമ്മയോ കുറിച്ചു വെച്ചതാകാം, സ്കൂളിൽ ചേർക്കുമ്പോൾ അഞ്ച് വയസ്സ് കണക്കാക്കിക്കൊണ്ട് ഹെഡ് മാഷ് കുറിച്ചതാവാം. ഇന്നത്തെ കുട്ടികൾക്ക് പ്രസവത്തെക്കുറിച്ച് കൃത്യമായിട്ടറിയാം അല്ലെങ്കിൽ 'കളിമണ്ണ്' പോലുള്ള സിനിമകണ്ടാലും മനസ്സിലാക്കാം.
എഴുപത് വർഷങ്ങൾക്കുമുമ്പ് പ്രസവം എങ്ങിനെയായിരിക്കാം എന്ന് നമുക്ക് ഊഹിക്കാൻ പറ്റുമോ? ഏതായാലും പ്രസവത്തിലൂടെ പിറവി എടുത്ത നമ്മൾക്ക് അതറിയാൻ കഴിയില്ല. ഞാൻ അതറിയാൻ ശ്രമിച്ചു. എൻ്റെ ഉമ്മുമ്മയിൽ നിന്ന് കേട്ടറിഞ്ഞതാണ്. 'മഗ്രിബിൻ്റെ സമയം തുടങ്ങിയ വേദനയാണ്. പ്രത്യേകിച്ച് പ്രസവമുറിയൊന്നുമില്ല. നീണ്ട അടുക്കളയാണ്. അതിൻ്റെ ഒരു ഭാഗത്ത് പ്രസവത്തിനുള്ള സൗകര്യമൊരുക്കി നിൻ്റെ കാർന്നോർ സുലൈമാൻ ചൂട്ടും കത്തിച്ച് കരല്ലൂരുള്ള മലി മാണിയെ കൂട്ടിക്കൊണ്ടരാൻ പോയി. ചൂട്ടും കത്തിച്ച് മലി മാണി എത്താൻ പത്ത് മണിയായി കാണും.
ആറ്റ് നോറ്റുള്ള പേറല്ലേ? നിൻ്റെ ഉമ്മ കുള്ളത്തിയല്ലേ? ഓളെ കരച്ചില് നാട് മുയ്മൻകേൾക്കുന്ന നിലയിലായി. ഞങ്ങളും പേടിച്ചു. പേറ് ഒന്ന് സലാമത്താക്കാൻ ഉള്ള തങ്ങന്മാരെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു. പുളിങ്ങോത്തും നീലമ്പാറയിലും ബീരിച്ചേരിയും ഉള്ള ഔലിയാക്കളെ വിളിച്ചു അവിടേക്കെല്ലാം നേർച്ച നേർന്നു. സുബഹി ബാങ്ക് കൊടുക്കാനാവുമ്പം നിന്ന പെറ്റു', ഉമ്മുമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
പ്രസവിച്ച ഉടനെ കണ്ടപ്പോൾ നീചേയിക്കുമെന്ന് വിചാരിച്ചില്ല. അത്രയ്ക്കും ചെറിയതായിരുന്നു. ആരെങ്കിലും കുഞ്ഞിനെ കാണാൻ വന്നാൽ ഞാൻ ഒളിപ്പിച്ച് കിടത്തും. അത്രയ്ക്കും 'അശു' ആയിരുന്നു നീ. നമ്മള മാസം റജബിലാണ്, ഇംഗ്ലീഷ് മാസം നവംബർ എട്ടാണ് നിൻ്റെ ജന്മദിനം. ആ തീയ്യതി മുസ്ഹഫിൻ്റെ ആദ്യ പേജിൽ കുറിച്ചു വെച്ചിട്ടുണ്ട്. അത് എന്നെ കാണിച്ചുതന്നു. 1950 നവംബർ എട്ട് അബ്ദു റഹ്മാനെ പ്രസവിച്ചു എന്ന്. ഉമ്മ അക്കാലത്തെ അഞ്ചാം ക്ലാസ് വരെ പഠിച്ചിരുന്നു.
മലിമാണിയേട്ടി കൗമാരപ്രായക്കാരനായ എന്നെ എവിടെ കണ്ടാലും 'നീ എൻ്റെ മോനാണ്' എന്ന് പറയും. നേരം പുലരുംവരെ ഉറക്കൊഴിച്ച് പ്രസവവേദനയെടുത്തു പുളയുന്ന സ്ത്രീയെ പറഞ്ഞ് സാന്ത്വനിപ്പിച്ച് കുഞ്ഞിനെ കുളിപ്പിച്ച് കിടത്തി പോകുന്ന 'പേറ്റിച്ചി'ക്ക് കിട്ടുന്ന കൂലി വളരെ ചെറുതായിരുന്നു. രണ്ടോമൂന്നോ ഇടങ്ങഴി നെല്ല്, അല്പം വെളിച്ചെണ്ണ, പിന്നെ എന്തെങ്കിലും കാർഷിക ഉൽപ്പന്നങ്ങളും മാത്രം.
ആദ്യത്തെ പ്രസവത്തിന് 'കടീ പേറ്' എന്ന് പറയും. ആദ്യത്തെ കുട്ടിയെ 'കടീ പൊട്ടൻ' എന്നും. ആദ്യത്തെ കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമാന്യം വരുന്നതിനാലാണോ, താലോലിച്ച് വളർത്തുന്നതിനാലാണോ എന്ന് പറയുന്നത് എന്നറിയില്ല. എന്തായാലും ഞാൻ കടീ പൊട്ടനാണ്. ആദ്യത്തേത് അത്ര ഗുണമല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആദ്യം ചുടുന്ന ദോശ ഞാൻ എടുക്കാറില്ല. രണ്ടാമത്തേതാണ് കൂടുതൽ മെച്ചം. അതുപോലെ ആയിരിക്കുമോ മനുഷ്യജന്മവും.
ജന്മദിനമോർക്കുകയും ജന്മദിനത്തിൽ എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ അത് എൻ്റെ ജന്മദിനത്തിലാണെന്ന് ഓർത്തു പറയുകയും ചെയ്യും. നവംബർ മാസം എനിക്ക് ഇഷ്ടപ്പെട്ട മാസമാണ്. എട്ട് എൻ്റെ ഇഷ്ടപ്പെട്ട നമ്പറും. കാറിൻ്റെ റജിസ്റ്റ്രേഷൻ നമ്പർ, ടെലഫോൺ നമ്പർ, ഇത് പോലെ ഞാനുമായി ബന്ധപ്പെട്ടിട്ടുള്ള വല്ല നമ്പറുകളും കിട്ടിയാൽ ആ അക്കങ്ങൾ കൂട്ടി ഒറ്റ നമ്പർ എട്ടാണെങ്കിൽ എനിക്ക് സന്തോഷമാണ്.
ഞാൻ ജനിക്കുന്നതിന് മുമ്പേ ഡയറി എഴുതുന്നവരുണ്ടോ ഉണ്ടെങ്കിൽ ഞാൻ ജനിച്ച 1950 നവമ്പർ എട്ടിന് അവർ എന്തു ചെയ്യുകയായിരുന്നു എന്നറിയാൻ എനിക്ക് കൊതിയായിരുന്നു. പി.എൻ പണിക്കർ സാർ എന്നും ഡയറി എഴുതുന്ന ആളാണെന്നെനിക്കറിയാം. തിരുവനന്തപുരം കാൻഫെഡ് ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹത്തോട് 1950 ലെ ഡയറി ചോദിച്ചു. അദ്ദേഹം ഡയറി എടുത്തു തന്നു. അതിൽ നവംബർ മാസം എട്ടാം തിയ്യതി മറിച്ചു നോക്കി. അത്ഭുതം ഗ്രന്ഥശാലാ സംഘത്തിൻ്റെ മീറ്റിംഗ് നടന്നതിനെക്കുറിച്ചും അതിൽ പങ്കെടുത്തവരുടെ പ്രതികരണങ്ങളെക്കുറിച്ചും എഴുതി വെച്ചിരിക്കുന്നു.
പ്രിൻ്റഡ് ഡയറി അല്ല നോട്ട് ബുക്കായിരുന്നു അത്. എൻ്റെ ജനനത്തിയ്യതിയാണ് സാർ ഇത്. ഡയറി തുറന്ന് പണിക്കർ സാറിന് കാണിച്ചു കൊടുത്തു. അദ്ദേഹം ഒന്ന് ചിരിച്ചു. എൻ്റെ തലയിൽ കൈ വെച്ച് സന്തോഷം പ്രകടിപ്പിച്ചു. എനിക്ക് ജന്മം നൽകിയ പ്രിയമാതാവ് ലോകത്തോട് വിട പറഞ്ഞത് ഒക്ടോബർ രണ്ടിനായിരുന്നു, നവംബറിന് തൊട്ടുമുമ്പുള്ള മാസം. അക്കാലത്ത് ബന്ധുക്കൾ പ്രസവിച്ചാൽ കുട്ടികളെ കുളിപ്പിക്കുന്നതൊക്കെ കാണുമ്പോൾ ഇങ്ങിനെയായിരിക്കില്ലേ എന്നെയും പരിപാലിച്ചിട്ടുണ്ടാവുകയെന്ന് ഓർമിച്ചുപോയി.
കവുങ്ങിൻ പാളയിൽ കിടത്തി മേലാകെ എണ്ണതേച്ച് സോപ്പ് പതപ്പിച്ച് കുളിപ്പിക്കുമ്പോൾ ഞാനെത്ര കരഞ്ഞു കാണും? തുവർത്തി മൂക്കിൽ നിന്നുള്ള വെള്ളം ഉമ്മ വായകൊണ്ട് വലിച്ചെടുത്തിട്ടുണ്ടാവില്ലേ? മാറോടണച്ച് അമ്മിഞ്ഞപ്പാൽ ചുരത്തിതന്നിട്ടുണ്ടാവില്ലേ? എൻ്റെ വളർച്ചയിൽ എത്ര മാത്രം കരുതലോടെയായിരിക്കും ജീവിച്ചിട്ടുണ്ടാവുക? കഷ്ടപ്പെട്ടിട്ടാണ് എന്നെ വളർത്തിയതും, കഷ്ടപ്പാടിലൂടെയാണ് ഞാൻ വളർന്നതും. എങ്കിലും ഞാൻ എൻ്റെ ജനനത്തിൽ സന്തോഷിക്കുന്നു. എഴുപത്തി നാലിലെത്തിയിട്ടും ജനിച്ച 1950 നവംബർ 8നെ ആഹ്ലാദപൂർവ്വം സ്മരിക്കുന്നു.
slug
ആദ്യത്തെ പ്രസവത്തിന് 'കടീ പേറ്' എന്ന് പറയും. ആദ്യത്തെ കുട്ടിയെ 'കടീ പൊട്ടൻ' എന്നും. ആദ്യത്തെ കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമാന്യം വരുന്നതിനാലാണോ, താലോലിച്ച് വളർത്തുന്നതിനാലാണോ എന്ന് പറയുന്നത് എന്നറിയില്ല. എന്തായാലും ഞാൻ കടീ പൊട്ടനാണ്