പി.എന്‍. പണിക്കരോടൊത്തുളള ചില ഓര്‍മകള്‍

 


ADVERTISEMENT

കൂക്കാനം റഹ്മാന്‍

പി.എന്‍ പണിക്കരുടെ പതിനെട്ടാമത് ചരമദിനമാണ് ജൂണ്‍-19. കേരള സര്‍ക്കാര്‍ വായനാദിനമായി ഈ ദിവസം ആചരിക്കുകയാണ്. കേരള ഗ്രാമീണ ജനതയുടെ മനം കവര്‍ന്ന ഗാന്ധിയനാണ് അദ്ദേഹം. പി.എന്‍.പിയെ പട്ടണ പരിഷ്‌ക്കാരികള്‍ക്ക് ചിലപ്പോള്‍ അത്രത്തോളം അടുത്തറിയാന്‍ പറ്റിയിട്ടുണ്ടാവില്ല. നിരക്ഷരരുടെ ഇടയിലും, പട്ടിണി പാവങ്ങളുടെ കൂട്ടത്തിലുമാണ് അദ്ദേഹം തന്റെ കര്‍മ മണ്ഡലം കണ്ടെത്തിയത്. കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ദളിത് വിഭാഗങ്ങളുടെ കോളണികളില്‍ കടന്നു ചെന്നു. കുന്നും മലയും കയറിയിറങ്ങി അക്ഷര വെളിച്ചമെത്തിക്കാന്‍ ശ്രമിച്ചു.

അദ്ദേഹത്തോടൊപ്പം ഇത്തരം പ്രവര്‍ത്തന പഥങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ക്ക് ഒരിക്കലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി മറക്കാന്‍ കഴിയില്ല. പക്ഷെ കാലം മാറി. അദ്ദേഹത്തോടൊപ്പം വിയര്‍പ്പൊഴുക്കി പ്രവര്‍ത്തിച്ച മിക്കവരും തഴയപ്പെട്ടു. പകരം അദ്ദേഹത്തിന്റെ അവസാനകാലം കൂടെ പ്രവര്‍ത്തിച്ചവര്‍ മാന്യന്മാരായി വിലസാന്‍ തുടങ്ങി. എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് അവര്‍ വീരവാദം മുഴക്കി.

മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഫൗണ്ടേഷനുണ്ടാക്കി. അതിന്റെ നേതൃത്വം ഏറ്റെടുത്തത് രണ്ടാമത് സൂചിപ്പിച്ച മാന്യ വ്യക്തികളാണ്. അദ്ദേഹം ചോരയും നീരും നല്‍കി രൂപം കൊടുത്ത പ്രസ്ഥാനത്തെ ഈ മാന്യവ്യക്തികള്‍ തളളിക്കളഞ്ഞു. അവര്‍ക്ക് കാന്‍ഫെഡ് പ്രസ്ഥാനം വേണ്ടാതായി. പകരം ഫൗണ്ടേഷനിലായി നോട്ടവും ശ്രദ്ധയും. പി.എന്‍ പണിക്കരുടെ ഓര്‍മ പുതുക്കാന്‍, അദ്ദേഹത്തിന് ഉചിതമായ സ്മാരകം പണിയാന്‍ കാന്‍ഫെഡ് പ്രസ്ഥാനത്തിന് ശക്തി പകരേണ്ടതുണ്ട്. അദ്ദേഹത്തോടൊപ്പം കാല്‍നൂറ്റാണ്ടിലേറെക്കാലം ഒപ്പം നടന്ന ഒരു വ്യക്തിയെന്ന നിലയില്‍ ചില ഓര്‍മകള്‍ വായനക്കാരുമായി പങ്കിടുകയാണ്.


ലക്ഷം രൂപയേക്കാള്‍ എനിക്കുവേണ്ടത് സാമൂഹ്യ പ്രവര്‍ത്തകനെ

പണിക്കര്‍ സാര്‍ എന്നും പറയുന്നകാര്യമാണിത്. ഒരു ലക്ഷം രൂപ വേണോ, ഒരു സന്നദ്ധതയുളള സാമൂഹ്യ പ്രവര്‍ത്തകനെ വേണോ. എന്നു ചോദിച്ചാല്‍ ഞാന്‍ പറയും ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ മതി. പ്രവര്‍ത്തകന്മാരെ ഇത്രയധികം സ്‌നേഹിച്ച വ്യക്തിയെ മറ്റെവിടെയും കാണാന്‍ പറ്റില്ല. നല്ല പ്രവര്‍ത്തകനെ കിട്ടിയാല്‍ അദ്ദേഹം ആ വ്യക്തിയെ മാറ്റിയെടുക്കും. സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കരുത്തുളളവനാക്കി മാറ്റും. അതിനുളള ശേഷിയുളള വ്യക്തിയാണ് പണിക്കര്‍ സാര്‍.

പി.എന്‍. പണിക്കരോടൊത്തുളള ചില ഓര്‍മകള്‍ഇന്ന് കേരളത്തില്‍ അറിയിപ്പെടുന്ന മിക്ക സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകരും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയും, കാന്‍ഫെഡ് പ്രസ്ഥാനത്തിലൂടെയും വളര്‍ന്നു വന്നവരാണ്. അതിനുളള വഴിയൊരുക്കിയത് പണിക്കര്‍ സാറാണ്. പ്രോത്സാഹനം നല്‍കി, വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കി, വഴക്കു പറയേണ്ടിടത്ത് വഴക്കു പറഞ്ഞ് വ്യക്തികളെ ശുദ്ധീകരിച്ചെടുക്കുന്നതില്‍ പണിക്കര്‍ സാറിന് അനിതര സാധാരണമായ കഴിവുണ്ട്.


മുലക്കച്ച അഴിപ്പിക്കും ഞാന്‍

അമ്മമാരുടെ യോഗങ്ങളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനാകും. കുഞ്ഞുന്നാളിലെ അവരെ ശ്രദ്ധിച്ചാല്‍ സമൂഹത്തിന് കൊളളുന്നവരാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉദാഹരണ സഹിതം സമര്‍ത്ഥിക്കും. കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ നല്‍കേണ്ട കാര്യത്തെക്കുറിച്ചും സരസമായി അദ്ദേഹം പ്രതിപാദിക്കാറുണ്ട്. സൗന്ദര്യം നഷ്ടപ്പെട്ടു പോകുമെന്ന് കരുതി ചില പരിഷ്‌കാരി പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളുടെ മുലകുടി നേരത്തെ നിര്‍ത്തുകയോ, അമ്മിഞ്ഞപ്പാല്‍ കൊടുക്കാതിരിക്കുന്ന അവസ്ഥയോ ചില സ്ത്രീകളില്‍ കാണാറുണ്ട്.

അത്തരം സന്ദര്‍ഭങ്ങളില്‍ പ്രസംഗമധ്യേ നിങ്ങളുടെ മുലക്കച്ച അഴിപ്പിക്കും ഞാന്‍ എന്ന് സരസമായി പ്രതിപാദിക്കാറുണ്ട്. മുല കൊടുക്കുമ്പോള്‍ സ്‌നേഹത്തോടെ കുഞ്ഞിനെ മടിയിലിരുത്തി, തലോലിച്ചും നല്ല വാക്കുകള്‍ പറഞ്ഞു നല്‍കണമെന്നും, ഭര്‍ത്താവിനോടോ, വീട്ടുകാരോടൊ ഉളള ദേഷ്യം മനസില്‍ വെച്ച് കുഞ്ഞിനെ 'പിരാകി' ക്കൊണ്ട് മുല നല്‍കിയാല്‍ മുലപ്പാലിന് പകരം കുഞ്ഞിന് വിഷമാണ് ലഭിക്കുകയെന്നൊക്കെ ഉപേദേശിക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതുകാണാം.


നായനാരുടെ പുകവലിയും കരുണാകരന്റെ ഗൂരുവായൂര്‍ ദര്‍ശനവും

വലുപ്പ ചെറുപ്പമില്ലാതെ ആരോടും കാര്യങ്ങള്‍ തുറന്നു പറയാന്‍ കര്‍മശേഷി കൈമുതലുളള വ്യക്തിയാണ് പണിക്കര്‍ സാര്‍. ഗ്രാമീണരായ നിരവധി മനുഷ്യരുടെ ദുശ്ശീലങ്ങളായ പുകവലിയും മദ്യപാനവും അദ്ദേഹം മാറ്റിയെടുത്തിട്ടുണ്ട്. ഉപദേശത്തേക്കാളുപരി അവരെ കൊണ്ടു തന്നെ പ്രതിജ്ഞ ചെയ്യിക്കുന്ന രീതി മാതൃക പരമാണ്.

ഗ്രാമങ്ങളിലും മറ്റും നടക്കുന്ന ചെറുയോഗങ്ങളില്‍ ഇത്തരം സ്വഭാവമുളളവരെ കണ്ടെത്തും. അവരെ അധ്യക്ഷ വേദിയിലേക്ക് വിളിപ്പിക്കും. അവിടെ വെച്ച് ആ വ്യക്തിയെ കൊണ്ട് ഇനി മുതല്‍ പുകവലിക്കില്ലെന്നോ, മദ്യപിക്കില്ലെന്നോ പ്രതിജ്ഞ ചെയ്യിക്കും. ഇത്തരം ആളുകള്‍ പിന്നീട് ഈ ദുശ്ശീലങ്ങളില്‍ നിന്ന് പിന്‍മാറിയതായി എനിക്ക് നേരിട്ട് അനുഭവമുണ്ട്.

മുഖ്യമന്ത്രി നായനാരോട് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പുകവലി നിര്‍ത്തി കൂടെ നായനാരേ എന്ന് ചോദിച്ചത് പ്രവര്‍ത്തകര്‍ നേരിട്ടു കേട്ടതാണ്. കരുണാകരനോട് ഗുരുവായൂര്‍ ദര്‍ശനമൊക്കെ കൊളളാം, നാട്ടുകാരുടെ കാര്യത്തില്‍ അതിനേക്കാള്‍ താല്‍പര്യം എടുക്കണമെന്ന് പറഞ്ഞതും പ്രവര്‍ത്തകരായ ഞങ്ങള്‍ പലപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്ന കാര്യമാണ്. ഇങ്ങിനെയുളള മഹല്‍ വ്യക്തിത്വങ്ങളോട് കാര്യങ്ങള്‍ സരസമായും എന്നാല്‍ ഗൗരവത്തോടെയും പറയാന്‍ ആര്‍ക്കു കഴിയും?

തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ഒരു വിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രൊഫ: യശ്പാലും പങ്കെടുത്തിരുന്നു. അദ്ദേഹം ഹാളിന്റെ ഏറ്റവും പുറകിലിരുന്നു ഹുക്കവലിക്കുന്നത് പണിക്കരുടെ ശ്രദ്ധയില്‍ പെട്ടു. ഇത് പാടില്ല യശ് പാല്‍ജി എന്ന് പറയുന്നത് ഞങ്ങള്‍ നേരിട്ടു കേട്ടകാര്യമാണ്.

വികാരത്തെ കടിഞ്ഞാണിട്ടു പിടിക്കണം

അദ്ദേഹത്തിന്റെ യുവത്വകാലത്ത് കന്യാകുമാരിയിലേക്ക് ടൂര്‍ നടത്തിയകാര്യം ഒരു തവണ എന്നോട് പറഞ്ഞു. കുറേ സുഹൃത്തുക്കളൊപ്പം പോയതാണ്. കൂട്ടത്തില്‍ പണിക്കരുടെ കുടുംബ സുഹൃത്തായ ഒരു വ്യക്തിയുടെ മകളും ഉണ്ടായിരുന്നു. കുടുംബ സുഹൃത്തിന്റെ നിര്‍ബന്ധ പ്രകാരമാണ് ആ സ്ത്രീയെ കൂടെ കൊണ്ടു പോയത്. താമസസ്ഥലത്തു വെച്ച് ആ സ്ത്രീ പലതരത്തിലും പണിക്കര്‍ സാറിനെ പ്രീണിക്കാന്‍ ശ്രമിച്ചു. പക്ഷെ മനക്കരുത്ത് കൊണ്ടു മാത്രം അദ്ദേഹം ആ കെണിയില്‍ പെട്ടുപോയില്ല എന്നാണ് പറഞ്ഞത്. ഈ കാര്യം ഞാന്‍ പി.ടി.ബി സാറിന് ഒരു കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തു. പി.ടി.ബി. ആ കുറിപ്പ് പ്രസിദ്ധീകരിച്ചില്ല. 'അതിപ്പോള്‍ വേണ്ട' എന്നാണ് പി.ടി.ബി. പറഞ്ഞത്.

കുഞ്ഞുങ്ങള്‍ ഒന്നോ രണ്ടോ മതി

പലയോഗങ്ങളിലും പണിക്കര്‍ സാര്‍ കുടുംബാസൂത്രണത്തെക്കുറിച്ചു പറയും. പക്ഷെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യവും സൂചിപ്പിക്കും. എനിക്ക് ഒമ്പത് മക്കളുണ്ട്, അതുപോലെ നിങ്ങള്‍ക്ക് വേണ്ട. ഒന്നോ രണ്ടോ കുട്ടികളായാല്‍ അവരുടെ കാര്യമായി ശ്രദ്ധിച്ചു വളര്‍ത്താന്‍ കഴിയുമെന്ന ഉപദേശം കൊടുക്കും.

പി.എന്‍. പണിക്കരോടൊത്തുളള ചില ഓര്‍മകള്‍
Kookanam-Rahman
(Writer)
ഇങ്ങിനെ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തോടൊപ്പം നടക്കുമ്പോള്‍ കിട്ടിയിട്ടുണ്ട്. അതില്‍ ചിലത് സൂചിപ്പിച്ചു എന്ന് മാത്രം. കലവറയില്ലാത്ത ശുദ്ധമനസിന്റെ ഉടമയായ കേരളീയരുടെ ജീവിതത്തില്‍ ഒരുപാട് നന്മ വിളയിച്ച് കടന്നു പോയ ആ എളിയ വലിയ മനുഷ്യനെ സ്മരിക്കുവാനേ നമുക്കാവൂ.


Keywords : Kookanam-Rahman, Article, PN Panicker, Memories, PNP, Meeting, Family, Mother, Children, Social Worker, Poor Peoples, Parents, Malayalees, Husband, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia