

● സസ്യരോഗങ്ങളുമായി ബന്ധപ്പെട്ട സ്പെസിമനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
● മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
● 31.7 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് വത്കരണം.
● 'ഹരിതം ചെറുതാഴം' പദ്ധതിയുടെ ഭാഗമാണിത്.
ഭാമനാവത്ത്
മാതമംഗലം: (KVARTHA) സസ്യങ്ങൾക്ക് രോഗം വന്നാൽ അവയുടെ കാരണങ്ങളും പരിഹാരങ്ങളും വിശദമായി അറിയണമെങ്കിൽ ഇനി ചെറുതാഴം പഞ്ചായത്ത് കൃഷിഭവൻ വരെ വന്നാൽ മതി. ഇവിടെയുള്ള സസ്യ ക്ലിനിക്കിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗകാരികൾ, ലക്ഷണങ്ങൾ, രോഗനിയന്ത്രണം തുടങ്ങി കർഷകർക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും ക്ലിനിക്കിൽ ലഭിക്കും.
കൂടാതെ, കീടനാശിനികൾ, അവയുടെ പ്രയോഗരീതി, കീടനിയന്ത്രണം തുടങ്ങിയ കൃഷി സംബന്ധമായ അറിവുകൾ സജ്ജമാക്കിയ സ്മാർട്ട് ക്ലാസ് റൂം സേവനവും ഇവിടെ ലഭ്യമാണ്. വിളകൾ അന്യമാകുന്ന കൃഷിയിടങ്ങൾ പെരുകുന്ന കാലത്ത് സാങ്കേതികവിദ്യയും സമർപ്പണവും കാർഷിക സംസ്കാരത്തെ വീണ്ടെടുത്തതിന്റെ മികച്ച മാതൃകയാണ് ചെറുതാഴം പഞ്ചായത്തിലെ ഈ ഹൈടെക് കൃഷിഭവൻ.
സസ്യ ക്ലിനിക്കിൽ എല്ലാവിധ സസ്യരോഗങ്ങളുമായി ബന്ധപ്പെട്ട സ്പെസിമനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് ഇവ നേരിട്ട് കണ്ട് സസ്യങ്ങൾക്കുണ്ടാകുന്ന കീടബാധ, രോഗങ്ങൾ, ലക്ഷണങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിയും. ഇവയുടെ വീഡിയോകളും ചിത്രങ്ങളും ഇവിടെ സജ്ജമാക്കിയ പ്രദർശന ബോർഡിൽ കാണാനാകും.
വിവിധ കീടനാശിനികൾ, കുമിൾനാശിനികൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രൊജക്ടറും ഡിസ്‌പ്ലേ ബോർഡുകളും സ്ലൈഡ് ഷോകളും സജ്ജമാക്കിയ സ്മാർട്ട് ക്ലാസ് റൂം കർഷകർക്ക് കാർഷിക പഠനത്തിൽ വേറിട്ട അനുഭവം നൽകും.
കൂടാതെ, ഇവിടെ മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ 25 ലക്ഷം രൂപയും പഞ്ചായത്തിന്റെ 6.7 ലക്ഷം രൂപയും ചെലവഴിച്ചാണ് കൃഷിഭവന്റെ ഹൈടെക് വത്കരണം സാധ്യമാക്കിയത്.
ചെറുതാഴം പഞ്ചായത്തിന്റെ പരിധിയിൽ കാർഷിക മേഖലയിൽ കൃഷിഭവനിലൂടെയും അനുബന്ധ വകുപ്പുകളിലൂടെയും നടപ്പിലാക്കുന്ന വിവിധ കാർഷിക പദ്ധതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് 'ഹരിതം ചെറുതാഴം' എന്ന ഗ്രാമപഞ്ചായത്തിന്റെ പദ്ധതി.
കൃഷിഭവന്റെ ആധുനികവത്കരണത്തോടെ ഈ പദ്ധതി പൂർണ്ണ ഫലപ്രാപ്തിയിൽ എത്തിക്കാനായി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലക്കായി വകയിരുത്തുന്ന ഒരു കോടി രൂപ പഞ്ചായത്തിലെ തനത് കൃഷിയായ തെങ്ങ്, കവുങ്ങ്, നാണ്യവിളകൾ, നെല്ല്, കശുമാവ്, പച്ചക്കറി എന്നിവക്ക് പുറമെ പുഷ്പകൃഷി, പഴവർഗ്ഗങ്ങളുടെ കൃഷി എന്നിങ്ങനെ സാധ്യമായ എല്ലാ മേഖലകളുടെയും വികസനത്തിനായി ഫലപ്രദമായി വിനിയോഗിക്കാനായി.
ചെറുധാന്യങ്ങളുടെ കൃഷിയാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു വേറിട്ട പ്രവർത്തനം. നാല് ഹെക്ടർ സ്ഥലത്ത് ചെറുധാന്യങ്ങളായ ബജ്റ, റാഗി, ചോളം എന്നിവ കൃഷിചെയ്ത് മികച്ച വിളവെടുത്തു.
ഇതോടൊപ്പം ആറ് ഹെക്ടർ സ്ഥലത്ത് ഉഴുന്ന്, ചെറുപയർ എന്നിവയും കൃഷിചെയ്തു. മികച്ച വിളവിനൊപ്പം സാമ്പത്തിക നേട്ടവും കർഷകർക്ക് ഉറപ്പാക്കാനായി. സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 250 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഇറക്കാൻ സാധിച്ചു. ഇതിനായി കർഷകർക്ക് 12500 കിലോ വിത്തും കൂലിച്ചെലവ് ഇനത്തിൽ ഹെക്ടറിന് 20000 രൂപ വീതവും നൽകി.
ജൈവകൃഷി, ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനം-വിതരണം, ഒരു ലക്ഷം പച്ചക്കറി തൈകളുടെ വിതരണം, കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി, ഫ്രൂട്ട് ക്ലസ്റ്റർ പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവർഗ്ഗ കൃഷി വ്യാപനം, ഔഷധഗ്രാമം പദ്ധതിയിലൂടെ ഔഷധ സസ്യങ്ങളുടെ കൃഷി എന്നിങ്ങനെ കൃഷിയുടെ സമസ്ത മേഖലകളും പുനരുജ്ജീവിപ്പിക്കാൻ പഞ്ചായത്തിനും കൃഷിഭവനും കഴിഞ്ഞു.
ചെറുതാഴം കൃഷിഭവന്റെ ഈ പുതിയ സംരംഭത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Cheruthazham Krishi Bhavan inaugurates high-tech plant clinic and smart classroom.
#KeralaAgriculture #KrishiBhavan #PlantClinic #FarmerSupport #Cheruthazham #SmartFarming