Follow KVARTHA on Google news Follow Us!
ad

Home | പോരടിക്കുന്ന പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ വീടൊരുങ്ങി; സവിതയ്ക്ക് പറയാനുളളത് നന്ദി മാത്രം; കണ്ണൂരില്‍ പുതുചരിത്രമെഴുതി ജനകീയ കൂട്ടായ്മ

മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞ് കതിരൂർ, Kannur, Donation, Malayalam News, Kerala News
കണ്ണൂര്‍: (KVARTHA) തന്നെ എല്ലാവരും സ്‌നേഹിച്ചു, സ്വന്തമായി വീടുണ്ടാക്കുന്നതിനായി കൈമെയ് മറന്നു സഹായിച്ചു എല്ലാവര്‍ക്കും നന്ദിയുണ്ട്, രാഷ്ട്രീയ സംഘര്‍ഷഭൂമിയായ കതിരൂരില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ വീടൊരുങ്ങിയ ഡൈമണ്ട് മുക്കിലെ സവിത നിറഞ്ഞ ചിരിയോടെ പറയുന്നു. കണ്ണൂരിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണ് പരസ്പരം പോരടിക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു കുടുംബത്തിന് അത്താണിയായി മാറിയത്.
  
News, Malayalam-News, Kannur, Built home for poor family.

രാഷ്ട്രീയ അക്രമങ്ങളുടെയും ബോംബുകളുടെ ചോരപുരണ്ട കഥകള്‍ മാത്രമല്ല മനുഷ്യ സ്നേഹത്തിന്റെ നീരുറവയും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് പറയാനുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ. മനുഷ്യരെ ഒന്നായികാണാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാനും ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കുപരി ഒന്നിക്കാനും ഈ നാടിനും നാട്ടാര്‍ക്കും അറിയാമെന്ന സന്ദേശമാണ് പാര്‍ട്ടികളുടെയും ജനങ്ങളുടെയും കൂട്ടായ്മ ഇതിലൂടെ തെളിയിച്ചത്.

കതിരൂര്‍ ഡൈമണ്ട് മുക്കില്‍ നിരാലംബയായ ഒരു യുവതിക്കും മക്കള്‍ക്കും വീടുനിര്‍മിച്ചിരിക്കുകയാണ് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍. സി.പി. എമ്മും ബി.ജെ.പിയും കോണ്‍ഗ്രസും മുസ്ലിം ലീഗുമെല്ലാം ഈയൊരു ഉദ്യമത്തിന് കൈകോര്‍ത്തു. പൊന്ന്യത്ത് കാറ്റിലാടുകയും മഴപെയ്യുമ്പോള്‍ നനയുകയും വേനലില്‍ തിളക്കുകയും ചെയ്തിരുന്ന ഒരു ഷെഡില്‍ താമസിച്ചിരുന്ന സവിതയ്ക്കും മക്കള്‍ക്കുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശ്രയമായി മാറിയത്.

ഏഴുവര്‍ഷം മുന്‍പാണ് സവിതയുടെ ഭര്‍ത്താവ് പ്രദീപന്‍ മരണമടയുന്നത്. രണ്ടു ചെറിയ കുട്ടികളുമായി ഇവര്‍ നിരാലംബമായി എങ്ങനെ ജീവിക്കുമെന്നറിയാതെ നിന്നുപോവുകയായിരുന്നു. എന്നാല്‍ വിധിക്കുമുന്‍പില്‍ കരഞ്ഞിരിക്കാന്‍ സവിത തയ്യാറായില്ല. ചെറിയ ജോലികള്‍ ചെയ്തു കുടുംബം നോക്കാന്‍ തുടങ്ങി. ഇതിനിടെയില്‍ സ്വന്തമായി വീടെന്ന സ്വപ്നം ഉളളിലുണര്‍ന്നു. ഇതാണ് ഭര്‍ത്താവിന്റെ സ്ഥലത്ത് നാട്ടുകാര്‍ മുന്‍കൈയ്യെടുത്തു പൂര്‍ത്തീകരിച്ചു കൊടുത്തത്. വീടെടുക്കുന്നതിനായി സവിത ബാങ്കില്‍വെച്ച ഭൂമിയുടെ രേഖ തിരിച്ചെടുത്തു നല്‍കിയായിരുന്നു തുടക്കം. പിന്നീട് സവിതയുടെ വീടുനിര്‍മാണത്തിനായി എല്ലാപാര്‍ട്ടിക്കാരും ചേര്‍ന്ന് ഒരു ജനകീയ കമ്മിറ്റിയുണ്ടാക്കി. ഇതോടെ നിരവധി പേര്‍സഹായവുമായെത്തി.

പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ വീടിന്റെ കോണ്‍ക്രീറ്റ് പണിയേറ്റെടുത്തു. സി.പി. എമ്മിന്റെ പി.കൃഷ്ണപിളള സാംസ്കാരിക കേന്ദ്രം തറയില്‍ വിരിക്കാനുളള ടൈല്‍സ് സ്പോണ്‍സര്‍ ചെയ്തു. നാട്ടുകാരനായ വി.പി സമദെന്നയാള്‍ ചുമര്‍ തേക്കാനുളള പണം നല്‍കി. ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷന്‍ സൗജന്യമായി വയറിങും പ്ളബിങും ജോലികള്‍ ചെയ്തു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും കതിരൂര്‍ സഹകരണബാങ്കും കെ.എസ്. ഇ.ബിയുമെല്ലാം തങ്ങളാവും വിധം സഹായസഹകരണങ്ങള്‍ ചെയ്തു. ഇതോടെ എട്ടുലക്ഷം രൂപ ചെലവില്‍ നല്ലൊരു കോണ്‍ക്രീറ്റ് വീട് സവിതയ്ക്കു സ്വന്തമാവുകയായിരുന്നു. വീടിന്റെ ഗൃഹപ്രവേശനവും എല്ലാ പാര്‍ട്ടിക്കാരും നാട്ടുകാരും ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തിലാണ് നടത്തിയത്.

Keywords: News, Malayalam-News, Kannur, Built home for poor family.

Post a Comment