Follow KVARTHA on Google news Follow Us!
ad
Posts

KK Shailaja | ഷൈലജ ടീച്ചർ വടകരയിൽ വിജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ, പക്ഷെ മുഖ്യമന്ത്രിയാകാൻ പാടില്ലേ?

മത്സരിപ്പിക്കുന്നത് ഒതുക്കാനെന്ന് വിമർശനം Politics, Election, Lok Sabha Election, Vadakara, Shafi Parambil, KK Shailaja
/ സോണി കല്ലറയ്ക്കൽ

(KVARTHA) ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ മത്സരം നടക്കുന്ന പാർലമെൻ്റ് മണ്ഡലം ആണ് വടകര. നിയമസഭയിലെ രണ്ട് എം.എൽ.എമാർ നേർക്കുനേർ മത്സരിക്കുന്നു എന്ന പ്രത്യേകതയും വടകരയ്ക്ക് ഉണ്ട്. നിലവിൽ പാലക്കാട് എം.എൽ.എ ആയ യുവനേതാവ് ഷാഫി പറമ്പിൽ യു.ഡി.എഫിനു വേണ്ടി ഇവിടെ മത്സരത്തിനിറങ്ങുമ്പോൾ കൂത്തുപറമ്പ് എം.എൽ.എ യും കഴിഞ്ഞ പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയുമായിരുന്ന കെ.കെ ഷൈലജ ടീച്ചറാണ് എൽ.ഡി.എഫിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ.മുരളീധരൻ ആണ് ഇവിടെ ജയിച്ചത് . ഇക്കുറി അദ്ദേഹം വടകരയിൽ നിന്ന് മാറി തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുകയായിരുന്നു.

K K Shailaja Teacher should not be the Chief Minister?


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് മുരളീധരൻ വടകരയിൽ നിന്ന് പാർലമെൻ്റിലേയ്ക്ക് ജയിച്ചത്. അന്ന് അദ്ദേഹം തോൽപ്പിച്ചത് സി.പി.എമ്മിലെ കരുത്തൻ പി.ജയരാജനെ ആയിരുന്നു. കെ.പി ഉണ്ണികൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ വടകരയിൽ നിന്ന് എം.പിമാരായവരാണ്. കെ.പി ഉണ്ണികൃഷ്ണൻ ഒരിക്കൽ കേന്ദ്ര സർക്കാരിൽ മന്ത്രിയുമായിരുന്നു. സി.പി.എമ്മിന് വളരെ വേരുകളുള്ള വടകര മണ്ഡലം എങ്ങനെയും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൈലജ ടീച്ചറെ വടകരയിൽ മത്സരത്തിന് ഇറക്കിയതെന്ന് പറയുന്നുണ്ടെങ്കിലും അതിന് പിന്നിൽ ദുരൂഹതയില്ലേയെന്ന് സംശയിക്കുന്നവരും ഏറെയാണ്.

കഴിഞ്ഞ കോവിഡ് കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന ഷൈലജ ടീച്ചർ നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. അവരുടെ താരത്തിളക്കം മുഖ്യമന്ത്രി പിണറായി വിജയനും മേലെ ആയി എന്ന് വേണമെങ്കിൽ പറയാം. പിണറായിക്ക് ശേഷം സി.പി.എം അധികാരത്തിൽ വന്നാൽ ഷൈലജ ടീച്ചറെ അടുത്ത മുഖ്യമന്ത്രി എന്ന് പോലും വിശേഷിപ്പിക്കുന്നവർ ഏറെയാണ്. ഷൈലജ ടീച്ചറുടെ നേതൃത്വത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് ചിന്തിക്കുന്ന അണികളാണ് എൽ.ഡി.എഫിൽ ഭൂരിപക്ഷവും. എന്നാൽ എൽ.ഡി.എഫ് നേതൃത്വത്തിന് ഇതിൽ എത്രമാത്രം താല്പര്യം ഉണ്ട് എന്നത് സംശയകരമാണ്.

സി.പി.എം നേതാക്കൾ ഷൈലജ ടീച്ചർ മുഖ്യമന്ത്രിയാകരുതെന്ന് ചിന്തിക്കുന്നതുകൊണ്ടാവാം നിലവിൽ എം.എൽ.എ ആയ അവരെ വടകരയിൽ നിന്ന് പാർലമെൻ്റിലേയ്ക്ക് മത്സരിപ്പിക്കുന്നതെന്ന് കരുതുന്നവരും ഏറെയാണ്. ജനസ്വാധീനം ഏറ്റവും കൂടുതലുള്ള, കൂടുതൽ ഭൂരിപക്ഷമുള്ള ടീച്ചറെ രണ്ടാം ഊഴം എന്ന് പറഞ്ഞ് മന്ത്രിസഭയിൽ കയറ്റിയില്ല. ഭരണരംഗത്ത് മുൻപരിചയമില്ലാത്ത മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിനെ രണ്ടാം മന്ത്രിസഭയിൽ പ്രധാന ചുമതലകൾ ഏൽപ്പിച്ചത് തന്നെ, ഇനി ഒരു ഊഴം എൽ.ഡി.എഫിന് അധികാരം കിട്ടിയാൽ റിയാസിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുമ്പോൾ, ഭരണം കൈയാളി മുൻപരിചയമില്ല എന്ന മറ്റുള്ളവരുടെ മുറുമുറുപ്പിൻ്റെ വായ് മൂടിക്കെട്ടാൻ വേണ്ടി മാത്രമാണ് എന്ന് ചിന്തിച്ചവർ ആ പാർട്ടിയിൽ തന്നെ ഉണ്ടെന്നാണ് വിലയിരുത്തൽ.

ചുരുക്കി പറഞ്ഞാൽ വടകര മത്സരമെന്നത് ശൈലജ ടീച്ചറെ സംബന്ധിച്ചിടത്തോളം സ്വയം ബലിക്കായ് കഴുത്ത് നീട്ടിക്കൊടുക്കപ്പെടുന്നതും മുഹമ്മദ് റിയാസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി കസേരയിലേക്ക് ഒരു പടി കൂടെ കാൽ മുന്നോട്ട് വയ്ക്കലുമാണ് എന്ന് വേണം പറയാൻ. ടീച്ചർ ജയിച്ചാൽ വടകര പ്രതിനിധിയായി പാർലമെൻ്റിലേയ്ക്ക് പോയ്‌ക്കൊള്ളും. ടീച്ചർ വടകരയിൽ തോറ്റാൽ ആ പേരിൽ ജനസ്വാധീനമുള്ള ടീച്ചറെ പാർട്ടിയിൽ ഒതുക്കാം. അടുത്ത നിയമ സഭയിലേക്ക് സീറ്റ് കൊടുക്കാൻ പരിഗണിക്കേണ്ടതില്ല. ഇനി അടുത്ത ഇലക്ഷനിൽ സിപിഎം അധികാരത്തിൽ വന്നാലും പിണറായി മുഖ്യമന്ത്രി ആവില്ല. അപ്പോൾ പകരക്കാരൻ വേണം. എന്നാൽ ടീച്ചർ ആകുകയും ആരുത്. ശരിക്കും പറഞ്ഞാൽ ഇതൊക്കെ അല്ലെ വടകര രാഷ്ട്രീയത്തിൻ്റെ മറുവശങ്ങൾ.

വടകരയിൽ ഷൈലജ ടീച്ചർ ജയിച്ചാൽ എൽ.ഡി.എഫിൻ്റെ മാറ്റ് ഒന്ന് കൂടുമെന്ന് അല്ലാതെ ഷൈലജ ടീച്ചർക്ക് അതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണമുണ്ടെന്ന് തോന്നുന്നില്ല. പണ്ട് കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി നാടു ഭരിക്കും എന്ന് പാടി നടന്ന് ഇലക്ഷനെ നേരിട്ട പാർട്ടിയാണ് സിപിഎം. അധികാരത്തിൽ എത്തിയപ്പോൾ ഇ കെ നായനാർ മുഖ്യമന്ത്രിയായി. അതുപോലെയാകും ഈ ഷൈലജ ടീച്ചറുടെ കാര്യവുമെന്നാണ് വിമർശനം. നിലവിൽ വടകരയിൽ മത്സരിക്കുന്നത് രണ്ട് എം.എൽ.എമാർ ആണ്. ഇവരിൽ ആര് തോറ്റാലും അവർക്ക് വീണ്ടും എൽ.എൽ.എ മാർ ആയി തന്നെ തുടരാം. അതുകൊണ്ട് ഇവിടെ ആരും പരാജയപ്പെടുന്നില്ല. തോൽക്കുന്നത് കേരളത്തിലെ ജനമാണ്. അവർ ഒരു ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങണം. ഇതിനായി നികുതി തരം പോലെ ജനങ്ങളുടെ തലയിൽ വീഴും. അതാണ് വടകര തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ ജനത്തിന് നൽകുന്ന ഉപകാരം.


Keywords: Politics, Election, Lok Sabha Election, Vadakara, Shafi Parambil, KK Shailaja, MLA, UDF, Kuthuparamba, LDF, CPM, Covid, Muhammed Riyas, EK Nayanar, K K Shailaja Teacher should not be the Chief Minister?.

Post a Comment