Follow KVARTHA on Google news Follow Us!
ad

Kottayam | യുഡിഎഫിന് കീറാമുട്ടിയായി കോട്ടയം ലോക്സഭ മണ്ഡലം; സീറ്റുകൾ മോഹികൾ പലത്, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പ്രശ്നങ്ങൾ ഏറെ; വിഴുപ്പലക്കലുമായി നേതാക്കൾ കളം നിറയുന്നു; പാർടി നേരിടുന്നത് വലിയ പ്രതിസന്ധിയോ?

ഒറ്റപ്പേരിലെത്താന്‍ കേരള കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല Kerala Congress, Election, MP Joseph, കേരള വാർത്തകൾ, Kottayam
കോട്ടയം: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ കോട്ടയം ലോക്സഭ മണ്ഡലം യുഡിഎഫിന് കീറാമുട്ടിയാകുന്നു. പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനായിരിക്കും സീറ്റ് എന്ന് ഏറെക്കുറെ വ്യക്തമാണ്. ജോസ് കെ മാണിയും കൂട്ടരും എല്‍ ഡി എഫിലേക്ക് പോയ സാഹചര്യത്തിലാണ് ഇത്തവണ ജോസഫ് വിഭാഗം സീറ്റിന് അവകാശവാദം ഉന്നയിക്കുന്നത്. മുന്നണിയില്‍ കാലാകാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണിത്. എന്നാൽ സീറ്റുകൾ മോഹികളുടെ ആധിക്യമാണ് ഇപ്പോൾ പാർടി നേരിടുന്ന പ്രശ്നം.

Many aspirants for Kottayam Lok Sabha Constituency.

സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അസ്വാരസ്യങ്ങളുണ്ട്. അതിനിടയിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുള്ളിലും പോര് നടക്കുന്നത്. ഇത് വിജയത്തെ വരെ ബാധിക്കുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നു. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് എന്നിവര്‍ക്ക് വേണ്ടിയും പാര്‍ടിയില്‍ ചേരിതിരിഞ്ഞ് സമ്മര്‍ദം ശക്തമാണ്.

കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ അഭിപ്രായം കൂടി പരിഗണിക്കുന്നത് പ്രധാനമായതിനാൽ അവർക്കും താത്പര്യം ഉള്ളയാളായിരിക്കണം സ്ഥാനാർഥിയാകേണ്ടത് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടി സ്വീകാര്യനായ പേര് നിര്‍ദേശിക്കാനായിരുന്നു യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.

ഇതിനിടെ നിലവില്‍ പരിഗണിക്കപ്പെടുന്നവരേക്കാള്‍ കൂടുതല്‍ പാര്‍ടിയില്‍ സീനിയോറിറ്റി തനിക്കാണെന്ന അവകാശവാദവുമായി യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമായ സജി മഞ്ഞക്കടമ്പനും പരസ്യമായി രംഗത്തെത്തിയത് പ്രതിസന്ധി പുതിയ തലത്തിലേക്ക് എത്തിച്ചു. പിന്നാലെ സജിയെ എതിര്‍ത്ത് ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി യൂത് ഫ്രണ്ട് നേതാവ് മജീഷ് കൊച്ചുമലയും പരസ്യ പ്രതികരണങ്ങളുമായി രംഗത്തുവന്നു.

ഇതോടെ സജി മഞ്ഞക്കടമ്പനെ പിന്തുണച്ച്, മജീഷിനെ യൂത്ത് ഫ്രണ്ടില്‍നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റ് അജിത് മുതിരമല അറിയിച്ചു. എന്നാൽ പുറത്താക്കിയിട്ടില്ലെന്നും ഉണ്ടെങ്കില്‍ പ്രസിഡന്‍റ് തെളിവ് കാണിക്കണമെന്നുമായിരുന്നു മജീഷ് കൊച്ചുമലയുടെ പ്രതികരണം. സജി മഞ്ഞക്കടമ്പന്‍ ബ്ലാക്മെയില്‍ രാഷ്ട്രീയത്തിന്‍റെ ആളാണെന്നും തനിക്ക് യോഗ്യതയുണ്ടെന്ന് സജി പറയുന്നതല്ലാതെ സജിയുടെ പേര് പറയാന്‍ പാര്‍ടിയില്‍ വേറെ ഒരാളുമില്ലെന്നുമുള്ള അതിരൂക്ഷ വിമർശനവും അദ്ദേഹം ഉയർത്തി.

കോട്ടയത്ത് കാര്യമായ സംഘടനാ ശേഷിയില്ല എന്നറിയാമായിട്ടും കേരള കോണ്‍ഗ്രസിന് മുന്നണി മര്യാദ പാലിക്കാനാണ് സീറ്റ് വിട്ടുകൊടുക്കുന്നതെന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. വിജയസാധ്യതയുള്ള ഒരാളായിരിക്കണം സ്ഥാനാർഥി എന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നിരുന്നാലും
ഒറ്റപ്പേരിലെത്താന്‍ കേരള കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. പിജെ ജോസഫിന് ഫ്രാന്‍സിസ് ജോര്‍ജിനോടാണ് താല്‍പര്യമെന്നാണ് സൂചന. പാര്‍ടിയില്‍ രണ്ടാമനായ മോന്‍സ് ജോസഫിന്‍റെ നേതൃത്വത്തില്‍ എംപി ജോസഫിന് വേണ്ടിയും ഒരു വിഭാഗം വാദിക്കുന്നതായാണ് വിവരം.

അതേസമയം, എംപി ജോസഫ് ഇടയ്ക്ക് ബിജെപിയുമായി അടുക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന ആരോപണമാണ് ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. എംപി ജോസഫ് ജയിക്കുകയും കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരികയും ചെയ്‌താൽ ക്രൈസ്തവ നേതാവെന്ന നിലയില്‍ ബിജെപിയില്‍ നിന്നും പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നും അതിനെ അതിജീവിക്കാൻ എംപി ജോസഫിന് ആവുമോയെന്നുമാണ് ഇവർ ചോദിക്കുന്നത്. ഇത് ഫ്രാൻസിസ് ജോർജിനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജാണ് തമ്മില്‍ ഭേദം എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. 10 വര്‍ഷം കൊണ്ട് നാല് തവണ മുന്നണിയും നാല് തവണ പാര്‍ടിയും മാറിയ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമോ എന്ന ആശങ്ക ചിലർ പങ്കുവെക്കുന്നുമുണ്ട്.
കോട്ടയംകാരന്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ മുന്‍ എംപി പിസി തോമസ്, തോമസ് ഉണ്ണിയാടന്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. പിജെ ജോസഫിന്‍റെ പിന്തുണയാണ് പ്രധാനമെന്നതിനാൽ ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത ഏറെയുണ്ട്. എന്നാൽ അപ്രതീക്ഷിതമായി പിസി തോമസും സ്ഥാനാർഥിയായാൽ അത്ഭുതപ്പെടാനില്ല.

Keywords: Malayalam-News, Kerala-News, Politics, Kerala Congress, Election, MP Joseph, Kottayam, Many aspirants for Kottayam Lok Sabha Constituency.
< !- START disable copy paste -->

Post a Comment