സിപി.എം ബോധപൂര്‍വം അക്രമം അഴിച്ചുവിടുമ്പോള്‍ ചലിക്കാതെ നിന്ന പോലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. യുഡിഎഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പുനല്‍കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച് സ്വൈര്യസഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സ്വൈര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശേരിയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. മുഖ്യമന്ത്രി കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ? അധികാരത്തിന്റെ ബലത്തില്‍ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് അത് തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനം.
അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും. സിപിഎം ബോധപൂര്‍വം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പോകുന്നത് ക്രിമിനലുകളുടെ അകമ്പടിയോടെയെന്ന് മാര്‍ടിന്‍ ജോര്‍ജ് നവകേരള സദസിന് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും പൊലീസിന്റെ മാത്രമല്ല, സിപിഎമിന്റെ പരിശീലനം സിദ്ധിച്ച ക്രിമനലുകളുടെ കൂടി അകമ്പടിയുണ്ടെന്നതാണ് പഴയങ്ങാടിയിലെ സംഭവം വ്യക്തമാക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യൂത് കോണ്‍ഗ്രസ് നടത്തിയത്. അവരെ പൊലീസിന് അറസ്റ്റ് ചെയ്യാം. എന്നാല്‍ പൊലീസിനെ കാഴ്ചക്കാരാക്കി മുഖ്യമന്ത്രിക്ക് അകമ്പടി വന്ന സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രാകൃതമായി യൂത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ അക്രമിക്കുന്നതാണ് കണ്ടത്. വനിതാ പ്രവര്‍ത്തകയെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുകയായിരുന്നു.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഈ നാട്ടില്‍ എല്ലാവര്‍ക്കുമുണ്ട് . അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സിപിഎം ഗുണ്ടകള്‍ക്ക് ആഭ്യന്തര വകുപ്പു കൈയാളുന്ന മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. പൊലീസ് കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത്. ഒരു പ്രകോപവനവുമില്ലാതെയാണ് കെ എസ് യുവിന്റേയും യൂത് കോണ്‍ഗ്രസിന്റേയും യൂത് ലീഗിന്റേയും പ്രവര്‍ത്തകരെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തത്. ഇതിലുള്ള പ്രതിഷേധം അറിയിച്ച പ്രവര്‍ത്തകരെ ഡിവൈഎഫ്ഐയുടെ ക്രിമനലുകള്‍ക്ക് പൊലീസ് വിട്ടുകൊടുക്കുകയായിരുന്നുവെന്നും
ഡിസിസി പ്രസിഡന്റ് പറഞ്ഞു.
നവകേരള സദസ് കൊലപാതക സദസുകളാക്കി മാറ്റാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് അബ്ദുല്‍ കരീം ചേലേരി പിണറായി സര്‍കാരിന്റെ നെറികേടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ മര്‍ദിച്ചൊതുക്കിയും അക്രമിച്ചും നവകേരള സദസുകള്‍ കൊലപാതക സദസുകളാക്കി മാറ്റാനാണ് സിപിഎമും ഡിവൈഎഫ്ഐയും ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദൂല്‍ കരീം ചേലേരി ആരോപിച്ചു.
പഴയങ്ങാടിയില്‍ നവകേരള സദസ്സ് നടക്കാനിരിക്കെ യാതൊരു കാരണവുമില്ലാതെ ഏഴോളം യൂത് ലീഗ് പ്രവര്‍ത്തകരെയും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാവിലെ മുതല്‍ കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ വെച്ച പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്ന് ഡിവൈഎഫ്ഐ. ഗുണ്ടകള്‍ കാണിച്ച കാടത്തം അതാണ് വ്യക്തമാക്കുന്നതെന്ന് ചേലേരി പറഞ്ഞു.
Keywords: News, Malayalam-News, Kerala-News, Kannur, Youth Congress, Politics, DYFI, Reaction of leaders about attack on Youth Congress activists