കാസർകോട്: (KVARTHA) സ്വകാര്യ ആശുപത്രി ഉദ്‌ഘാടനത്തിൽ നിന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പിന്മാറിയതിനെ ചൊല്ലി വിവാദം. നഗരത്തിൽ കോടികൾ ചിലവഴിച്ച് നിർമിച്ച വിൻടച് മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്‌ഘാടനമാണ് ചർച്ചയായത്. വ്യാഴാഴ്ച (നവംബർ 9) ആരോഗ്യ മന്ത്രി ആശുപത്രി ഉദ്‌ഘാടനം ചെയ്യുമെന്ന് അറിയിച്ച് മാനജ്‌മെന്റ് വലിയ പ്രചാരണം നടത്തിയിരുന്നു. വ്യാഴാഴ്ച ജില്ലയിലെ താലൂക്, ജില്ലാ, ജെനറൽ ആശുപത്രികൾ സന്ദർശിക്കാൻ മന്ത്രി കാസർകോട്ട് എത്തിയിരുന്നു. ഇതിനിടയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്‌ഘാടനവും നടത്തുമെന്നായിരുന്നു വിവരം. എന്നാൽ മന്ത്രി ജില്ലയിൽ ഉണ്ടായിട്ടും, തൊട്ടടുത്തുള്ള ജെനറൽ ആശുപത്രിയടക്കം സന്ദർശിച്ചിട്ടും, സ്വകാര്യ ആശുപത്രി ഉദ്‌ഘാടനത്തിനെത്തിയില്ല.

ഇതേക്കുറിച്ചുള്ള ചോദ്യത്തിന് താൻ ഒരു മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യാൻ വന്നതല്ലെന്നും ആര് പറഞ്ഞ നുണയാണ് ഇതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം. മന്ത്രിയുടെ പിന്മാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് മാനജ്‌മെന്റ് ഉയർത്തിയത്. ഉദുമ എംഎൽഎയും സിപിഎം സംസ്ഥാന കമിറ്റി അംഗവുമായ അഡ്വ. സി എച് കുഞ്ഞമ്പുവുമായും സിപിഎം നേതൃത്വവുമായും മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി ഉദ്‌ഘാടനത്തിനായി എത്തുമെന്ന് അറിയിച്ചിരുന്നതെന്നും അവസാന നിമിഷം മന്ത്രി കാലുമാറുകയായിരുന്നുവെന്നും പ്രവാസി വ്യവസായിയും വിൻടച് ഗ്രൂപ് ചെയർമാനുമായ ലത്വീഫ് ഉപ്പള ഗേറ്റ് പറഞ്ഞു.

ഉദ്‌ഘാടനത്തിന് വരാത്ത മന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണെന്നും തങ്ങളെ അവഹേളിക്കുകയാണ് മന്ത്രി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ഉദ്‌ഘാടനത്തിന് വന്നിരുന്നുവെങ്കിൽ അത് മറ്റുള്ള നിക്ഷേപകർക്ക് പ്രചോദനമാവുമായിരുന്നു. കേരളത്തിൽ ഒരു നിക്ഷേപത്തിനും ഇനി തങ്ങളില്ലെന്നും ലത്വീഫ് ഉപ്പള ഗേറ്റ് വൈകാരികമായി പ്രതികരിച്ചു.
ആരോഗ്യ രംഗത്ത് ഏറെ അവഗണന നേരിടുന്ന ജില്ലയാണ് കാസർകോട്. 2013ൽ തറക്കല്ലിട്ട മെഡികൽ കോളജിന്റെ നിർമാണം ഇതുവരെയും എങ്ങുമെത്തിയില്ല. ജില്ലയിലെ മിക്ക സർകാർ ആശുപത്രികളും അസൗകര്യങ്ങൾ നേരിടുകയാണ്. വിദഗ്ധ ഡോക്ടർമാർ അടക്കം ജീവനക്കാരുടെ അഭാവവും നേരിടുന്നുണ്ട്. ജില്ലയിലെ ഇത്രയും ഗുരുതരമായ സാഹചര്യങ്ങൾക്കിടയിൽ ആരോഗ്യ മന്ത്രി സ്വകാര്യ ആശുപത്രി ഉദ്‌ഘാടനത്തിനെത്തുന്നതിന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഇതാണ് മന്ത്രിയുടെ പിന്മാറ്റത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന പ്രചാരണവും ഒടുവിൽ മന്ത്രി പിന്മാറിയതും വലിയ രീതിയിൽ ചർച്ചയായി.
Keywords: News, Malayalam-News, Kerala-News, Veena George, Hospital, Veena George, Malayalam News, Kasaragod: Health Minister Veena George did not attend opening ceremony of private hospital