Follow KVARTHA on Google news Follow Us!
ad

Pinarayi Vijayan | കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടുന്നത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണെന്നു മുഖ്യമന്ത്രി

ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല navakerala sadas
കണ്ണൂര്‍: (KVARTHA)  ജനങ്ങള്‍ ഏറ്റെടുത്ത നവകേരള സദസിന്റെ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളസദസിന്റെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരക്കാര്‍ എങ്ങനെയെല്ലാം ഇതിനെ സംഘര്‍ഷഭരിതമാക്കാമെന്ന ആലോചനയിലാണ്. കഴിഞ്ഞ ദിവസം അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനമെന്നു അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആള്‍ക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചാരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
 


നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്, ഇത്തരം പ്രകടനങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല എന്നതാണ് കാണേണ്ടത്. അത് അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത് ജനങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകര്‍ക്കാന്‍ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളില്‍ വീണുപോകാതിരിക്കാനും എല്‍ഡിഎഫ് ഗവണ്‍മെന്റിനെ സ്‌നേഹിക്കുന്ന എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്സ് 'അശ്ളീല നാടകമാണെന്നു ആക്ഷേപിച്ചതും കേട്ടു. ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതില്‍ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ? ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്? ജനലക്ഷങ്ങള്‍ ഒഴുകി വരുന്നത് തടയാന്‍ വേറെ മാര്‍ഗമില്ലാതായപ്പോള്‍ അതിനെ തടയാന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
 
ഒരു പത്രം ഇന്നലെ രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ലഭിച്ച പരാതികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എന്ന് വാര്‍ത്ത നല്‍കി. ലഭിച്ച കത്തുകള്‍ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയില്‍ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും ക്യാമറയിലെടുത്ത്, വ്യാജ വാര്‍ത്ത നല്‍കുകയാണ്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണിത്. എന്തു ചെയ്യാമെന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഇത്തരം കുടിലബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങള്‍ നവകേരള സദസ്സിനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kerala, Kannur, News, Malayalam News, CM about Jumping into a moving vehicle

Post a Comment