ബെംഗ്ളുറു: (www.kvartha.com) ‘നമ്മൾ ഇൻഡ്യൻ ജനത’ എന്ന പ്രമേയത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽനിന്ന് പുറപ്പെട്ട സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (SSF) സംവിധാൻ യാത്രയുടെ ബെംഗളൂറിലെ സമാപനം പ്രൗഢമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ, സ്പീകർ യു ടി ഖാദർ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ബെംഗ്ളൂറിലെ പാലസ് മൈതാനത്ത് നടന്ന സമാപന സമ്മേളനത്തില്‍ അനവധി പ്രവര്‍ത്തകരാണ് സംഗമിച്ചത്.
രാജ്യത്ത് എല്ലാ വിഭാഗക്കാരും ഒത്തൊരുമയോടെ കഴിയാനാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാ മതസ്ഥർക്കും സംസ്ഥാനത്ത് സമാധാനപൂർണമായ ജീവിതം ഉറപ്പുവരുത്താൻ കോൺഗ്രസ് സർകാർ ബാധ്യസ്ഥരാണ്.
രാജ്യത്തിന്റെ ഐക്യവും ഭരണഘടനയും അഖണ്ഡതയും നിലനിർത്താൻ വിദ്യാർഥികൾ ഊർജവും സംഘാടനവും വിനിയോഗിക്കണമെന്നും രാജ്യത്തെ അതിവേഗം വികസനത്തിന്റെ ദിശയിലേക്ക് നയിക്കത്തക്ക വിധത്തിൽ വിദ്യാർഥികളെകളെ സജ്ജരാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമന്വയമാണ് ഇൻഡ്യൻ മണ്ണിന്റെ സ്വഭാവം. 50 വർഷമായി രാജ്യത്തിന്റെ സൗഹാർദപരവുമായ സംസ്കാരം സംരക്ഷിക്കാൻ പോരാടുന്ന സംഘടനയാണ് എസ് എസ് എഫ് എന്ന് ഞാൻ കേട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഓരോ വിദ്യാർഥിയിലും എത്തിക്കണം. ഭരണഘടനയുടെ മൂല്യങ്ങൾ നിലനിന്നാൽ രാജ്യം നിലനിൽക്കും. ഇൻഡ്യ ഓരോ ഇൻഡ്യക്കാരനുമുള്ളതാണ്. ബുദ്ധൻ, ബസവ, അംബേദ്കർ, കുവെമ്പു, സൂഫി സന്യാസിമാരുടെ തപസും മൂല്യങ്ങളും കൊണ്ടാണ് നമ്മുടെ രാഷ്ട്രം രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ഓരോ വ്യക്തിക്കും ഭരണഘടനാപരമായ പരിരക്ഷയുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനത്തിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അബ്ദുൽ ഹമീദ് മുസല്യാർ മാണി അധ്യക്ഷത വഹിച്ചു. മന്ത്രി സമീർ അഹ്‌മദ് ഖാൻ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി എം ഇബ്രാഹിം, കർണാടക പിസിസി വർകിങ് പ്രസിഡന്റ് സലീം അഹ്‌മദ്, എൻഎ ഹാരിസ് എംഎൽഎ, ടിഎൻ പ്രതാപൻ എംപി, പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, മുഹമ്മദ് ഫാസിൽ, വഖഫ് ബോർഡ് ചെയർമാൻ അൻവർ പാഷ, ഫസൽ കോയമ്മ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറുഖ് നഈമി സന്ദേശപ്രഭാഷണം നടത്തി.
വിദ്യാഭ്യാസം, ആത്മീയത വിഷയങ്ങളിൽ പൊൻമള അബ്ദുൽ ഖാദർ മുസല്യാർ, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, തലക്കാട് ചിക്കരഞ്ജെ ഗൗഡ, എസ് പി ഹംസ സഖാഫി, എച് ഐ ഇബ്രാഹിം മഅദനി, ജിഎം സഖാഫി, എൻകെഎം ശാഫി സഅദി എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി. സംവിധാൻ യാത്ര 20 സംസ്ഥാനങ്ങൾ പിന്നിട്ടാണ് ബെംഗ്ളൂറിൽ സമാപിച്ചത്.
Keywords: SSF, Samvidhan Yathra, Karnataka, Kanthapuram A P Aboobacker Musliyar, Bangalore, Karnataka Minister, SSF Samvidhan Yatra concluded in Bengaluru.