ബുക്കാറസ്റ്റ്: (www.kvartha.com) റൊമാനിയയിലെ ഒരു ഇന്ധന പമ്പിലുണ്ടായ തീപിടിത്തത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായി. സംഭവത്തിൽ ഒരാൾ മരണപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 'ആദ്യമൊരു സ്ഫോടനമുണ്ടാവുകയും, തുടർന്ന് അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ അകത്ത് പ്രവേശിക്കുകയും ചെയ്‌തു. എന്നാൽ, രണ്ടാമതൊരു സ്‌ഫോടനം നടക്കുകയും 26 അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേൽകുകയും ചെയ്‌തു.' എമർജൻസി ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
സ്‌ഫോടനത്തിൽ പരുക്കേറ്റ അഗ്നിശമന സേനാംഗങ്ങൾക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും, പമ്പിന് ചുറ്റും 750 മീറ്റർ (2,460 അടി) ചുറ്റളവിലുള്ള പ്രദേശ നിവാസികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും, ഒരു എൽപിജി ടാങ്ക് ഇപ്പോഴും പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും റൊമാനിയൻ ഡയറക്‌ടറേറ്റ് മേധാവി റെയ്ദ് അറഫാത്ത് പറഞ്ഞു.
സ്ഫോടനത്തിൽ ഒരാൾ മരിച്ചെന്ന് റൊമാനിയയിലെ ആരോഗ്യമന്ത്രി അലക്‌സാൻഡ്രു റാഫില പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പൊള്ളലേറ്റ നിരവധി പേരെ ചികിത്സയ്ക്കായി ബുക്കാറെസ്റ്റിലെ ആശുപത്രികളിലേക്ക് മാറ്റിയെന്നും, അവരിൽ ഒരാൾക്ക് ഗുരുതരമായ പരുക്കുകൾ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിന് വടക്കുപടിഞ്ഞാറായി 30 കിലോമീറ്റർ (18 മൈൽ) അകലെയുള്ള ക്രെവേഡിയ പട്ടണത്തിലെ ഇന്ധന പമ്പിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ സമീപത്തെ നിരവധി വീടുകളിലേക്കും വയലുകളിലേക്കും തീ പടർന്ന് പിടിക്കുകയും വാഹനങ്ങളും മറ്റും കത്തിനശിക്കുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Keywords: Explosion, Station, Injured, Saturday, Prompting, Evacuation, Immediate, Area, Authorities, Prompting, News, Malayalam news.