ആഗ്ര: (www.kvartha.com) ഡെൽഹി-ബറേലി ഹൈവേയിൽ ഏതാനും മിനിറ്റ് ബസ് നിർത്തിയ സമയത്ത് രണ്ട് മുസ്ലിം യാത്രക്കാർ നിസ്കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സർവീസിൽ നിന്ന് പിരിച്ചുവിട്ട ഉത്തർപ്രദേശിലെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ (UPSRTC) കണ്ടക്ടർ മോഹിത് യാദവിനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ. ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്ന് ഭർത്താവ് വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ റിങ്കി പറഞ്ഞു.
'വീട്ട് ചിലവിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ജൂണിലെ സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ 17,000 രൂപ ശമ്പളം മുടങ്ങി, ഞങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പെട്ടെന്ന് ബുദ്ധിമുട്ടിലായി. രണ്ട് മാസമായി ഭർത്താവ് ഉറങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. തന്റെ മനുഷ്യത്വത്തിന് മോഹിതിന് വില നൽകേണ്ടി വന്നു', റിങ്കിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ഭാര്യയെ കൂടാതെ, നാഗ്ല കുശാലി ഗ്രാമത്തിൽ താമസിക്കുന്ന മോഹിത്തിന് നാല് വയസുള്ള ഒരു മകനും മൂന്ന് ഇളയ സഹോദരന്മാരുമുണ്ട്.
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ റെയിൽവേ പാളത്തിലാണ് മോഹിതിന്റെ മൃതദേഹം ശോച്യാവസ്ഥയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പുകളൊന്നും മോഹിതിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ജോലി നഷ്ടപ്പെട്ടതിനാൽ മോഹിത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും എത്ര ശ്രമിച്ചിട്ടും ജോലി തിരികെ കിട്ടാതെ വന്നപ്പോൾ നിരാശനായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഭാര്യയും കുടുംബാംഗങ്ങളും പറയുന്നു. റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ അധികൃതരാണ് മോഹിത് യാദവിനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും വിശദീകരണം നൽകാൻ അവസരം നൽകാതെ നടപടിയെടുത്തെന്നും കുടുംബം ആരോപിച്ചു
എന്തുകൊണ്ടാണ് മോഹിത് യാദവിന് ജോലി നഷ്ടമായത്?
കഴിഞ്ഞ ജൂൺ മൂന്നിന് ഡെൽഹിയിലേക്ക് വരികയായിരുന്ന ബസ് ബറേലിക്ക് സമീപം നിർത്തിയപ്പോൾ രണ്ട് മുസ്ലീം യാത്രക്കാർ ഇറങ്ങി നിസ്കരിച്ചുവെന്നതാണ് സംഭവം. ഇവർക്ക് നിസ്കരിക്കാൻ വേണ്ടി ഏതാനും മിനുറ്റുകൾ ബസ് നിർത്തുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണം. ഇതിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന്, രണ്ട് ദിവസത്തിന് ശേഷം മോഹിത്തിനും ബസ് ഡ്രൈവർ കെപി സിങ്ങിനുമെതിരെ നടപടി സ്വീകരിച്ചു. യുപിഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാരനായ കെപി സിങ്ങിനെ സസ്‌പെൻഡ് ചെയ്തപ്പോൾ 10 വർഷമായി കോർപറേഷനിൽ കരാറിൽ ജോലി ചെയ്തിരുന്ന മോഹിത് യാദവിനെ പിരിച്ചുവിട്ടു.
'ഒരു കാരണവുമില്ലാതെ പുറത്താക്കി'
ഒരു കാരണവുമില്ലാതെയാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് മോഹിത് പറഞ്ഞിരുന്നതായി മോഹിത്തിന്റെ ബന്ധുവായ ടിങ്കു യാദവ് പറയുന്നു. ചില യാത്രക്കാർ ശൗചാലയത്തിലേക്ക് പോകാൻ ബസ് നിർത്താൻ ആവശ്യപ്പെട്ടതിനാലാണ് ബസ് നിർത്തേണ്ടി വന്നതെന്ന് മോഹിത് പറഞ്ഞു. ഇതിനിടെ രണ്ടു യാത്രക്കാർ ഇറങ്ങി നിസ്കരിക്കുകയായിരുന്നു. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തതെന്നും ടിങ്കു കൂട്ടിച്ചേർത്തു. അദ്ദേഹത്തിൽ നിന്നോ ബസ് ഡ്രൈവറിൽ നിന്നോ വിശദീകരണമൊന്നും കേട്ടില്ലെന്നും ജോലി തിരികെ ലഭിക്കാത്തതിനാൽ മോഹിത് കടുത്ത നിരാശയിലായിരുന്നുവെന്നും ടിങ്കു യാദവ് പറഞ്ഞു.
യാത്രക്കാർക്ക് ശൗചാലയത്തിലേക്ക് പോകാനാണ് ബസ് നിർത്തിയതെന്ന് ഡ്രൈവർ
ബസ് ഡ്രൈവർ കെപി സിങ്ങും ടിങ്കു യാദവിന്റെ മൊഴി ശരിവയ്ക്കുന്നു. ജൂൺ മൂന്നിന് ബസ് സമീപ പ്രദേശമായ രാംപൂർ ജില്ലയിൽ എത്തിയപ്പോൾ ചില യാത്രക്കാർ ശൗചാലയത്തിലേക്ക് പോകാൻ ബസ് നിർത്താൻ അഭ്യർഥിച്ചതായി കെ പി സിംഗ് പറയുന്നു. ഇതിനുശേഷം ബസ് നിർത്തിയപ്പോൾ രണ്ട് യാത്രക്കാർ ഇറങ്ങി റോഡരികിൽ നിസ്‌കരിക്കാൻ തുടങ്ങി. ആകെ മൂന്ന് മിനിറ്റ് മാത്രമാണ് ബസ് അവിടെ നിർത്തിയതെന്നും കെ പി സിംഗ് വ്യക്തമാക്കി.
യുപിഎസ്ആർടിസി പറയുന്നത്
മോഹിതിനും കെപി സിങ്ങിനുമെതിരെ നടപടിയെടുത്തത് അന്വേഷണത്തിന് ശേഷമാണെന്ന് യുപിഎസ്ആർടിസി അസിസ്റ്റന്റ് റീജണൽ മാനജർ (ബറേലി) സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു. തനിക്ക് ഒരു അവസരം കൂടി നൽകണമെന്ന് മോഹിത് അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ ഒരു കമിറ്റിക്ക് മുമ്പാകെ വയ്ക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് അന്വേഷണം നടത്തിവരികയാണ്
സുഹൃത്തിനെ കാണാൻ പോകുകയാണെന്നും മാർകറ്റിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരാനുണ്ടെന്നും പറഞ്ഞാണ് മോഹിത് ഞായറാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ മോഹിതിന്റെ മൃതദേഹം റെയിൽവേ പാളത്തിന് സമീപം കിടക്കുന്നതായി വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു മൃതദേഹം പോസ്റ്റ്‌മോർടത്തിനായി മാറ്റി. മൃതദേഹം കണ്ടെത്തിയ സ്ഥലം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, National, Malayalam-News, National-News, Obituary, UP, Bus conductor, UPSRTC, Viral, Death, ‘He paid price for his humanity’: Wife of UP bus conductor.
Obituary | 'ഇത് മനുഷ്യത്വത്തിന് നൽകേണ്ടി വന്ന വില'; ബസ് ഏതാനും മിനിറ്റുകൾ നിർത്തിയ സമയത്ത് രണ്ട് മുസ്ലിം യാത്രക്കാർ നിസ്കരിച്ചതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത യുപി ബസ് കണ്ടക്ടറുടെ ഭാര്യ പറയുന്നു; ജോലി നഷ്ടപ്പെട്ടതോടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടിയെന്ന് കുടുംബം
'ഭർത്താവിന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്'
Obituary, UP, Bus conductor, UPSRTC, Viral, Death