Follow KVARTHA on Google news Follow Us!
ad

Import Ban | സുപ്രധാന നീക്കം: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പിസികൾ തുടങ്ങിയവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചു; ഗാഡ്‌ജെറ്റുകൾക്ക് വില വർധിക്കാൻ സാധ്യത; ഉപഭോക്താക്കളിൽ സ്വാധീനം ചെലുത്തുക ഇങ്ങനെ

ലെനോവോ, എച്ച് പി, സാംസങ് തുടങ്ങിയ നിർമാതാക്കൾക്കും നിയമം ബാധകമാകും
ന്യൂഡെൽഹി: (www.kvartha.com) ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കംപ്യൂട്ടറുകൾ, അൾട്രാ സ്മോൾ കംപ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. ഇന്ത്യയിൽ ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും വിൽപനയ്‌ക്കായി കൊണ്ടുവരാൻ പദ്ധതിയിടുന്ന ഏതൊരു സ്ഥാപനമോ കമ്പനിയോ സർക്കാരിൽ നിന്ന് അനുമതിയോ ലൈസൻസോ നേടേണ്ടതുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് (DGFT) ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
 
Government restricts laptop, tablet imports with immediate effect


എച്ച്എസ്എൻ 8741 (HSN 8741) കോഡിന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളും സെർവറുകളും ഉൾപ്പെടെ ഏഴ് വിഭാഗത്തിലുള്ള ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനത്തിന് ശേഷം ലാപ്‌ടോപ്പ്, കംപ്യൂട്ടർ തുടങ്ങിയ ഇലക്‌ട്രോണിക് ഉൽപന്നങ്ങളുടെ വില വർധിച്ചേക്കുമെന്നാണ് റിപോർട്ടുകൾ.


ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകൾ ചിലവേറിയതായിരിക്കും


എച്ച്എസ്എൻ 8741ന് കീഴിൽ വരുന്ന ഏഴ് തരം ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഇറക്കുമതിയാണ് സർക്കാർ നിരോധിച്ചത്. അതായത്, ലെനോവോ, എച്ച് പി, അസൂസ്, ഏസർ, സാംസങ് തുടങ്ങിയ പി സി നിർമാതാക്കൾക്കും ഈ നിയമം ബാധകമാകും. ഇത് ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, മാക്ബുക്ക്, മാക് മിനി എന്നിവയുടെ വില വർധിപ്പിക്കാൻ സാധ്യതയുണ്ട്.


സാംസങ്, ഡെൽ, ഏസർ, ലെനോവോ, എൽജി, പാനസോണിക്, ആപ്പിൾ ഇങ്ക് എന്നിവ വരെയുള്ള ലാപ്‌ടോപ്പുകൾ ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിന്റെ തീരുമാനം മൂലം കമ്പനികൾക്ക് മുന്നിൽ ഡിമാൻഡ് ആൻഡ് സപ്ലൈ പ്രശ്നം കൂടുകയും ലാപ്ടോപ്പുകൾക്കും കമ്പ്യൂട്ടറുകൾക്കും വില കൂടുകയും ചെയ്തേക്കാം. അതായത്, അതിന്റെ നേരിട്ടുള്ള ആഘാതം തൽക്കാലം ഉപഭോക്താക്കളുടെ പോക്കറ്റിലായിരിക്കും.

മേക്ക് ഇൻ ഇന്ത്യയ്ക്ക് ഊന്നൽ

ഇന്ത്യയിലെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ഇലക്ട്രോണിക്സ് വ്യവസായ ബോഡി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി മുൻ ഡയറക്ടർ ജനറൽ അലി അക്തർ ജാഫ്രി പറഞ്ഞു. രണ്ട് ഡസൻ മേഖലകളിൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രാദേശിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ പറയുന്നു.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന രണ്ട് ബില്യൺ ഡോളറിന്റെ (ഏകദേശം 16.5 ആയിരം കോടി രൂപ) മാനുഫാക്ചറിംഗ് ഇൻസെന്റീവ് സ്‌കീമിനായി കമ്പനികൾക്ക് അപേക്ഷിക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. ഇപ്പോൾ അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്.

എന്താണ് എച്ച്എസ്എൻ 8741 വിഭാഗം?

ഉൽപന്നങ്ങൾ തിരിച്ചറിയാനും നികുതി ചുമത്താനും ഉപയോഗിക്കുന്ന സംവിധാനമാണിത്. അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളും സെർവറുകളും ഈ വിഭാഗത്തിൽ പെടുന്നു.


Keywords: News, Import Ban, Lenovo, HP, Asus, Acer, Samsung, Laptop, Gadget, Government restricts laptop, tablet imports with immediate effect.

Post a Comment