Follow KVARTHA on Google news Follow Us!
ad
Posts

Manipur clashes | മണിപ്പൂരില്‍ സംഭവിച്ചത് ബിജെപിയുടെ വിഭജന നയത്തിന്റെ ദുരന്തഫലമെന്ന് അഡ്വ. പി സന്തോഷ് കുമാര്‍ എംപി

സര്‍കാരിന്റെ പരാജയം മറച്ചു വെക്കാനാണ് ആനി രാജയെ പോലുള്ളവര്‍ക്കെതിരെ കേസുകളെടുക്കുന്നത് Adv. P Santhosh Kumar, Manipur Clashes, Criticism, Kerala News
കണ്ണൂര്‍: (www.kvartha.com) മണിപ്പൂരിലെ പ്രശ്‌നം പരിഹരിക്കാന്‍ അവിടെയുള്ള ഒരു വിഭാഗം ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സാഹചര്യം കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ പരിപൂര്‍ണ പരാജയത്തെ വ്യക്തമാക്കുകയാണെന്ന് സി പി ഐ ദേശീയ എക്‌സീക്യൂട്ടീവ് അംഗവും രാജ്യസഭാംഗവുമായ അഡ്വ. പി സന്തോഷ് കുമാര്‍ പറഞ്ഞു.

ഭരണാധികാരികള്‍ രാജിവെക്കണമെന്നല്ല രാഷ്ട്രീയം തന്നെ ഉപേക്ഷിക്കണമെന്നാണ് ഈ സാഹചര്യത്തില്‍ പറയാനുള്ളത്. മണിപ്പൂരിലെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കണം. ഇത് രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്ത് മാത്രം നടക്കുന്ന പ്രശ്‌നമായല്ല രാജ്യത്തിന്റെ പ്രശ്‌നമായി തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം പുറത്ത് നിന്നുള്ളവര്‍ കൈകാര്യം ചെയ്യുന്നത് വലിയൊരു നിന്ദയാണ്.

വിഭജനങ്ങളെ ശക്തിപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്നത് ബി ജെ പിയുടെ അജന്‍ഡയാണ്. ബി ജെ പി അധികാരം തുടര്‍ന്നാല്‍ മണിപ്പൂരില്‍ നടന്നത് പോലെ നാളെ മറ്റ് സംസ്ഥാനങ്ങളിലും സംഭവിച്ചേക്കാം. സമീപകാലചരിത്രത്തിലൊന്നും ഒരു പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ ഒരു പോലെ പരാജയപ്പെടുകയും ഭാവിയെ കുറിച്ച് യാതൊരു നിശ്ചയവുമില്ലാത്ത സാഹചര്യവും ഉണ്ടായിട്ടില്ല.

നിലവില്‍ അവിടെ കൃത്രിമമായ ശാന്തിയാണ് നിലനില്‍ക്കുന്നത്. ശാശ്വതമായ പരിഹാരം എപ്പോഴുണ്ടാകുമെന്നതിന് ഉത്തരം ആര്‍ക്കുമറിയില്ല.

കലാപ കലുഷിതമായ മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ ദേശീയ എക്‌സിക്യൂടീവ് അംഗവും എന്‍ എഫ് ഐ ഡബ്ല്യു ദേശീയ ജെനറല്‍ സെക്രടറിയുമായ ആനി രാജക്കും ദേശീയ സെക്രടറി നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണ്. ഇത്തരം കേസുകള്‍ കൊണ്ട് സത്യത്തെ മറച്ചു വെക്കാന്‍ സാധിക്കില്ല. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അതിന് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ദേശഭക്തിയെ കുറിച്ചും ഐക്യത്തെ കുറിച്ചും വീമ്പുപറയുന്ന കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നത് തന്നെയാണ് വാസ്തവം. മണിപ്പൂരിലെ നിരവധി കാംപുകള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവം അത്തരത്തില്‍ തന്നെയായിരുന്നു.

മണിപ്പൂരിലെ എല്ലാ മേഖലയിലുള്ള ജനങ്ങളും സര്‍കാരിന്റെ ദുര്‍ബലാവസ്ഥയെ കുറിച്ച് തന്നെയാണ് കാംപുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്. ഇത്തരത്തില്‍ സര്‍കാരിന്റെ വലിയ രീതിയില്‍ ഉള്ള പരാജയം മറച്ചു വെക്കാനാണ് ആനി രാജയെ പോലുള്ളവര്‍ക്കെതിരെ കേസുകളെടുക്കുന്നതും. 

Adv. P Santhosh Kumar on Manipur clashes, Kannur, News, Criticism, Camp, Visit, Trending, Press Meet, CPM, Threatening, Case, Kerala.


ഇത്തരത്തില്‍ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും വീഴ്ചകള്‍ക്കെതിരെയും പ്രതികരിക്കുന്ന നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തും ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും ഏതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താം എന്നത് കേന്ദ്രസര്‍കാരിന്റെ വെറും വ്യാമോഹം മാത്രമാണെന്നും അഡ്വ. പി സന്തോഷ് കുമാര്‍ എം പി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാറും പങ്കെടുത്തു.

Keywords: Adv. P Santhosh Kumar on Manipur clashes, Kannur, News, Criticism, Camp, Visit, Trending, Press Meet, CPM, Threatening, Case, Kerala. 

Post a Comment