Follow KVARTHA on Google news Follow Us!
ad
Posts

Actor Alencier | മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹതപ്പെട്ടത് മമ്മൂട്ടി തന്നെയെന്ന് അലന്‍സിയര്‍

അര്‍ഹതയില്ലാത്തത് വാങ്ങിക്കുന്നില്ല എന്ന് തീരുമാനിച്ചയാളാണ് ഞാന്‍ എന്നും താരം Actor Alencier, Special Jury Award, Mammootty, Kerala News
കൊച്ചി: (www.kvartha.com) മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹതപ്പെട്ടത് മമ്മൂട്ടി തന്നെയെന്ന് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ അലന്‍സിയര്‍. മഹാനടനൊപ്പം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 'അപ്പന്‍'എന്ന സിനിമയിലെ ഇട്ടി എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചതിനാണ് അലന്‍സിയറെത്തേടി പ്രത്യേക ജൂറി പരാമര്‍ശം എത്തിയത്.

അവാര്‍ഡ് കിട്ടിയതിനെ കുറിച്ചുള്ള അലന്‍സിയറുടെ പ്രതികരണം:

അതൊരു ചില്ലറ പരാമര്‍ശമല്ലെന്നാണ് എന്റെ വിശ്വാസം. ഭാര്യയും മക്കളുമൊത്ത് നന്‍പകല്‍ നേരത്ത് മയക്കം സിനിമ കണ്ടിട്ട് തിയറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ഞാന്‍ അവരോട് പറഞ്ഞു 'അപ്പന്‍ പോയെടാ, ഈ വര്‍ഷം ആ പണി പോയി'. കാരണം മമ്മൂക്കയുടെ അത്യുജ്വലമായ പ്രകടനമായിരുന്നു ആ സിനിമയില്‍.

അതുകഴിഞ്ഞിട്ടാണ് ഞാന്‍ റോഷാക് വീട്ടിലിരുന്ന് കാണുന്നത്. ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു ഭാവപ്പകര്‍ചയും എന്തൊരു മാറ്റവുമാണ് ആ നടന്‍ സ്വന്തം ശരീരത്തിലൂടെ നടത്തിയത്. അത്രയും വലിയ മഹാനടനോടൊപ്പം എനിക്ക് ഒരു പരാമര്‍ശം കിട്ടുക എന്നത് വലിയ അംഗീകാരമായിട്ടുതന്നെ തോന്നുന്നു. മമ്മൂക്കക്കായിരിക്കും ഇത്തവണ അവാര്‍ഡെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് 'നിങ്ങള്‍ നല്ല നടനുള്ള അവാര്‍ഡിന്റെ പരിഗണനയില്‍ വരും' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് 'ഞാനത് വാങ്ങിക്കുന്നില്ല' എന്നാണ്. കാരണം, ഞാനൊരു ആക്ടറാണ്. ഈ വര്‍ഷം ഏറ്റവും മികച്ച വേഷപ്പകര്‍ചകള്‍ കാണിച്ച നടന്‍ ആരാണെന്ന് എനിക്ക് നന്നായറിയാം. അത് മമ്മൂക്കയാണെന്നുള്ള കാര്യം നല്ല ഉറപ്പുള്ളതുകൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്.

അര്‍ഹതയില്ലാത്തത് വാങ്ങിക്കുന്നില്ല എന്ന് തീരുമാനിച്ചയാളാണ് ഞാന്‍. പക്ഷേ, എനിക്ക് അങ്ങനെയൊരു അര്‍ഹതയുണ്ടെന്നും അംഗീകാരം തരണമെന്നും ജൂറിക്ക് തോന്നി. അതിന് ഞാന്‍ നന്ദി പറയുന്നത് എന്റെ സംവിധായകനായ മജുവിനോടും എന്റെ കൂടെ വര്‍ക് ചെയ്ത സഹതാരങ്ങളോടുമാണ്. അവരില്ലെങ്കില്‍ ഞാനില്ല. എന്നെപ്പോലൊരു നടനെ കാസ്റ്റ് ചെയ്തതിന് നിര്‍മാതാക്കളോടും നന്ദി പറയുന്നു.

മജു ഈ അവാര്‍ഡില്‍ എവിടെയും പരാമര്‍ശിക്കപ്പെടാതെ പോയി എന്നതാണ് ഏറ്റവും ദുഃഖം തോന്നുന്നത്. ബാക്കിയെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്. അര്‍ഹതപ്പെട്ടവര്‍ക്കു തന്നെയാണ് എല്ലാം കിട്ടിയിരിക്കുന്നത്. അര്‍ഹിക്കാത്തവര്‍ക്ക് ഏതെങ്കിലുമൊരു അവാര്‍ഡ് കൊടുത്തതായി എനിക്ക് തോന്നുന്നില്ല.

വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചുറച്ചുതന്നെയാണ് അപ്പനിലെ കഥാപാത്രം ചെയ്തത്. മജു വന്ന് എന്നോട് കഥ പറഞ്ഞപ്പോള്‍ ചതുരത്തില്‍ ചെയ്ത കഥാപാത്രത്തോട് സാമ്യതയുണ്ടെന്നും ബുദ്ധിമുട്ടാകുമെന്നുമായിരുന്നു എന്റെ ആദ്യ പ്രതികരണം. രാജീവ് രവിയാണ് എന്നെ കാസ്റ്റ് ചെയ്യാന്‍ മജുവിനോട് നിര്‍ദേശിച്ചത്.

Actor Alencier's reaction to the Special Jury Award, Kochi, News, Award, Mammootty, Alencier, Media, Director, Theater, Cinema, Kerala

സ്ഥിരം പൊലീസ് വേഷമാണെന്നും ചതുരത്തില്‍ ചെയ്തതിന് സമാനമായ വേഷമാണെന്നും ആവര്‍ത്തനമാകുമെന്നും പറഞ്ഞപ്പോള്‍ 'ഒരേ സ്വഭാവമുള്ള വേഷങ്ങള്‍ വ്യത്യസ്ത രീതിയില്‍ ചെയ്യുകയെന്നത് വെല്ലുവിളിയായി എടുത്തുകൂടേ' എന്ന് എന്നോട് ചോദിച്ചത് രാജീവ് രവിയാണ്. അങ്ങനെയാണ് ഞാന്‍ അപ്പനിലെ ഇട്ടിയായുള്ള വേഷപ്പകര്‍ചയിലെത്തുന്നത്. അതിന് രാജീവിനോടും ഏറെ നന്ദിയുണ്ട്' - എന്നും അലന്‍സിയര്‍ പറഞ്ഞു.

Keywords: Actor Alencier's reaction to the Special Jury Award, Kochi, News, Award, Mammootty, Alencier, Media, Director, Theater, Cinema, Kerala.

Post a Comment