Follow KVARTHA on Google news Follow Us!
ad

The Kerala Story | 'ദി കേരള സ്റ്റോറി' റിലീസിന് എത്തി; കേരളത്തില്‍ വിവാദ സിനിമയുടെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കി തിയേറ്ററുകള്‍; സംഘര്‍ഷവും പ്രതിഷേധവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ടിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് Shows-Cancelled, Theatres, The-Kerala-Story, Controversial-Film, Screening
കൊച്ചി: (www.kvartha.com) ബോളിവുഡ് ചിത്രം 'ദി കേരള സ്റ്റോറി' തിയേറ്ററുകളില്‍ എത്തി. അതേസമയം റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ചതിനാല്‍ കേരളത്തില്‍ നേരത്തേ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങള്‍ ചില സ്‌ക്രീനുകളില്‍ ചിത്രം റദ്ദാക്കിയിട്ടുണ്ട്. 

പ്രമുഖ മള്‍ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ ഇപ്രകാരം ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കേരളത്തിലെ മറ്റു ചില തിയേറ്ററുകളിലും ചാര്‍ട് ചെയ്തിരുന്ന ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടതായി റിപോര്‍ടുകള്‍ ഉണ്ട്.

കേരള സ്റ്റോറിയുടെ പിവിആര്‍ സ്‌ക്രീനുകളിലെ ടികറ്റുകള്‍ നേരത്തെ ഓണ്‍ലൈന്‍ ടികറ്റ് ബുകിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി ടികറ്റ് വാങ്ങിയവര്‍ക്ക് ഷോകള്‍ ക്യാന്‍സല്‍ ചെയ്തതായി പിവിആറിന്റെ മെസേജ് വരികയായിരുന്നു. എന്നാല്‍ ഇതിന്റെ കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. 

സിനിമയുടെ കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനം രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്സില്‍ ആരംഭിച്ചു. കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. 

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ രണ്ട് മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് എ സര്‍ടിഫികറ്റ് അനുവദിച്ചിരുന്നു. സബ്ടൈറ്റില്‍ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്ടൈറ്റില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈകോടതിയും തള്ളി. സിനിമയ്‌ക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ അരവിന്ദാക്ഷനാണ് ഹര്‍ജി നല്‍കിയത്. സമാനമായ ഹര്‍ജികള്‍ സുപ്രിം കോടതിയും കേരള ഹൈകോടതിയും തള്ളിയ സാഹചര്യത്തിലാണ് മദ്രാസ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതോടെ ചിത്രം തമിഴ്‌നാട്ടിലും പ്രദര്‍ശനം നടത്തും. 

അതേസമയം, വിവാദ ചലച്ചിത്രം കേരളാ സ്റ്റോറി റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍മാര്‍ക്കും, പൊലീസ് മേധാവിമാര്‍ക്കുമാണ് സര്‍കാര്‍ നിര്‍ദേശം നല്‍കിയത്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷവും പ്രതിഷേധവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ടിനെ തുടര്‍ന്നാണ് സര്‍കാര്‍ നടപടി. അനിഷ്ട സംഭവങ്ങള്‍ തടയാനുള്ള നടപടികള്‍ റിലീസ് കേന്ദ്രങ്ങളില്‍ ഉണ്ടാകണമെന്ന് ഡിജിപി ശൈലേന്ദ്രബാബു പൊലീസ് സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സിനിമയിലെ 10 രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. കമ്യൂനിസ്റ്റ് പാര്‍ടി നേതാക്കള്‍ ആചാരങ്ങള്‍ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങള്‍ക്കെതിരായ ഡയലോഗുകള്‍, ഇന്‍ഡ്യന്‍ കമ്യൂനിസ്റ്റുകള്‍ കാപട്യക്കാരാണ് എന്ന ഡയലോഗിലെ 'ഇന്‍ഡ്യന്‍' എന്നിവ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായുള്ള അഭിമുഖം പൂര്‍ണമായി നീക്കി. ആകെ 41 സെകന്‍ഡാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയത്.

കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നുവെന്ന പ്രമേയത്തില്‍ എത്തുന്ന ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. സുദീപ്‌തോ സെന്‍ ആണ് സംവിധായകന്‍. 

അതേസമയം, സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ സിബിഎഫ്‌സി കോടതിയില്‍ നിലപാട് അറിയിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലര്‍ മാത്രം പുറത്ത് വന്ന ഘട്ടത്തില്‍ ഹര്‍ജിക്കാരനോട് കോടതി ചോദിച്ചിരുന്നു.

News, Kerala-News, Kerala, News-Malayalam, Cinema, Stay Order, Petition, High Court, Court Order, Top Headlines, trending, Sensor Board, 'The Kerala Story' shows cancelled by some theatres in Kerala.


Keywords: News, Kerala-News, Kerala, News-Malayalam, Cinema, Stay Order, Petition, High Court, Court Order, Top Headlines, trending, Sensor Board, 'The Kerala Story' shows cancelled by some theatres in Kerala.

Post a Comment