മുംബൈ: (www.kvartha.com) വാഹനത്തിന്റെ ടയർ പൊട്ടുന്നത് ദൈവത്തിന്റെ പ്രവൃത്തിയല്ലെന്നും മനുഷ്യന്റെ അശ്രദ്ധയാണെന്നും ചൂണ്ടിക്കാട്ടിയ ബോംബെ ഹൈകോടതി അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് 1.25 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് നിർദേശം നൽകി. ടയർ പൊട്ടി കാർ മറിഞ്ഞ് ഒരാൾ മരിച്ച കേസിലാണ് ജസ്റ്റിസ് എസ് ജി ഡിഗെയുടെ സിംഗിൾ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
2010 ഒക്ടോബർ 25 നാണ് അപകടം നടന്നത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് സഹപ്രവർത്തകർക്കൊപ്പം പൂനെയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന പട്‌വർധൻ (38) എന്നയാളാണ് മരിച്ചത്. കാറിന്റെ ഉടമയായ സഹപ്രവർത്തകൻ അനിയന്ത്രിതമായ വേഗതയിൽ അശ്രദ്ധയോടെ കാർ ഓടിച്ചപ്പോൾ പിൻചക്രം പൊട്ടി ആഴത്തിലുള്ള കുഴിയിലേക്ക് കാർ മറിയുകയും പട്‌വർധൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തുവെന്നാണ് കേസ്.
പ്രായമായ മാതാപിതാക്കൾ, ഭാര്യ, മകൾ, എന്നിവരടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയാണ് പട്‌വർധനെന്നും സ്വകാര്യ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായിരുന്ന അദ്ദേഹം മരണസമയത്ത് ഏകദേശം 69,000 രൂപ ശമ്പളമാണ് കൈപറ്റിയിരുന്നതെന്നും ചൂണ്ടിക്കാട്ടി പൂനെയിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, പട്‌വർധന്റെ കുടുംബത്തിന് 1.25 കോടി രൂപ ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്ന് ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചിരുന്നു.
എന്നാൽ, 2016 ജൂൺ ഏഴിലെ ട്രൈബ്യൂണലിന്റെ ഉത്തരവിനെ ഇൻഷുറൻസ് കമ്പനി ഹൈകോടതിയിൽ ചോദ്യം ചെയ്തു. നഷ്ടപരിഹാരത്തുക അമിതമാണെന്നും ഡ്രൈവറുടെ അശ്രദ്ധ കൊണ്ടല്ല, ടയർ പൊട്ടിയത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും അവർ വാദിച്ചു. എന്നാൽ ഈ വാദം അംഗീകരിക്കാൻ ഹൈകോടതി വിസമ്മതിച്ചു. 'ദൈവത്തിന്റെ പ്രവൃത്തി' എന്നത് കൊണ്ട് അനിയന്ത്രിതമായ പ്രകൃതി ദുരന്തങ്ങൾ എന്നാണ് അർത്ഥമാക്കുന്നതെന്ന് കോടതി പറഞ്ഞു. ടയർ പൊട്ടുന്നതിനെ ദൈവത്തിന്റെ പ്രവൃത്തി എന്ന് വിളിക്കാനാവില്ല. മനുഷ്യന്റെ അശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചത്. ടയർ പൊട്ടുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നും ഹൈകോടതി നിരീക്ഷിച്ചു.
Court Verdict | വാഹനത്തിന്റെ ടയർ പൊട്ടുന്നത് ദൈവത്തിന്റെ പ്രവൃത്തിയല്ലെന്ന് ഹൈകോടതി; അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് 1.25 കോടി രൂപ നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് നിർദേശം
'Tyre burst is not an act of God': Bombay High Court tells insurance company to pay compensation#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍