ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൈവ മാലിന്യ സംസ്‌കരണത്തിന് വിന്‍ഡ്രോ കംപോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപയര്‍ ചെയ്യും. ബ്രഹ്‌മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളെ ബോധവല്‍കരിക്കുമെന്നും ഇതിനായി മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ രേണു രാജ് വിശദീകരിച്ചു. മാര്‍ച് രണ്ടിന് വൈകുന്നേരം 4.30 നാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടുത്തം റിപോര്‍ട് ചെയ്യപ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ്, പൊലീസ് യൂനിറ്റുകള്‍ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിര്‍ഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്മോള്‍ഡറിങ് ആണ് പ്രധാനമായും പ്ലാന്റില്‍ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപ്പിടുത്തത്തിന്റെ ആക്കം കൂട്ടിയെന്നും കലക്ടര്‍ പറഞ്ഞു.
തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന രക്ഷാസേനയുടെ ശ്രമങ്ങള്‍ക്ക് പുറമെ നേവി, വായു സേനയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെയും സഹായം ലഭ്യമാക്കി. കത്തിപ്പടരുന്ന തീ പൂര്‍ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടില്‍ നീറി പുകയുന്ന സ്ഥിതി തുടര്‍ന്നു. ഇതുവഴിയാണ് പ്ലാന്റിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായതെന്നും കലക്ടര്‍ വ്യക്തമാക്കി.
മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പുക ബഹിര്‍ഗമിക്കുന്ന മേഖലകളില്‍ മാലിന്യങ്ങള്‍ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തി വരുന്നത്. അഗ്‌നിശമന സേനകളുടെ മുപ്പതിലധികം യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ക്ക് പുറമെ ആലപ്പുഴയില്‍ നിന്ന് എത്തിച്ചിട്ടുള്ള മൂന്ന് ഉയര്‍ന്ന കപാസിറ്റിയുള്ള പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മിനുട്ടില്‍ 60,000 ലിറ്റര്‍ എന്ന തോതില്‍ വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ്, വീണ ജോര്‍ജ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ചീഫ് സെക്രടറി ഡോ. വിപി ജോയി, അഡിഷനല്‍ ചീഫ് സെക്രടറിമാരായ ഡോ.വി വേണു, ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ബി സന്ധ്യ, ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് തുടങ്ങിയവര്‍ സംസാരിച്ചു. എയര്‍ഫോഴ്‌സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും പങ്കെടുത്തു.
Keywords: CM Pinarayi Vijayan says Plastic waste will not be allowed to be taken to Brahmapuram, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Meeting, Kerala.