കൊച്ചി: (www.kvartha.com) നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാതെ ഹൈകോടതി. ജാമ്യഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് നടിക്കുനേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈകോടതി പരാമര്‍ശിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് നടിയുടെ മൊഴിപ്പകര്‍പ്പ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരമാര്‍ശം. തുടര്‍ന്ന് ഹര്‍ജി വിധി പറയാനായി മാറ്റി.
കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ വര്‍ഷങ്ങളായി ജയിലിലാണെന്നും കൂട്ടുപ്രതികളെല്ലാം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടുണ്ടെന്നും അതിനാല്‍ തനിക്കും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം.
തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ അതിജീവിതയുടെ മൊഴികൂടി ഹാജരാക്കാന്‍ ഹൈകോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് സീല്‍ചെയ്ത കവറില്‍ മൊഴിപ്പകര്‍പ്പ് ഹാജരാക്കി. ഇത് പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം ഉണ്ടായത്. നടിക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും മൊഴികളില്‍ നിന്ന് ഇത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നു എന്നുമാണ് കോടതി പറഞ്ഞത്.
നേരത്തേ, മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസിലെ എട്ടാം പ്രതി ദിലീപ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
എന്നാല്‍, പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും അറിയിച്ചു. ഒരു മാസത്തിനകം വിസ്താരം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
താന്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രതി ദിലീപ് അല്ലെന്ന് അതിജീവിത സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ദിലീപിന്റെ ആവശ്യം തള്ളിയത്.
Keywords: High court says actress was subjected to violence, Kochi, News, Actress, Attack, High Court of Kerala, Bail.